
കേരളസര്‍ക്കാരിന്റെ ബജറ്റ് പ്രഖ്യാപനത്തില്‍ വാഹനമേഖലയില്‍ സര്‍വീസ് രംഗത്തുള്ളവയ്ക്ക് നികുതിയിളവാണ് പ്രഖ്യാപിച്ചതെങ്കില്‍ സ്വകാര്യവാഹനങ്ങള്‍ക്ക് നികുതി വര്‍ധിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇലക്ട്രിക് ഓട്ടോറിക്ഷകളുടെ ആദ്യത്തെ അഞ്ച് വര്‍ഷത്തെ നികുതി പൂര്‍ണമായും ഒഴിവാക്കി കേരളാ ബജറ്റ്. സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഡീസല്‍-പെട്രോള്‍ ഓട്ടോറിക്ഷകളുടെ ആദ്യ അഞ്ച് വര്‍ഷത്തെ ഒറ്റത്തവണ നികുതി 2500 രൂപയാക്കിയിട്ടുണ്ട്. പുതുതായി വാങ്ങുന്ന ഇലക്ട്രിക് വാഹനങ്ങളുടെ ഒറ്റത്തവണ നികുതി അഞ്ച് ശതമാനമാക്കി കുറച്ചിട്ടുണ്ട്. സ്വകാര്യ ആവശ്യങ്ങള്‍ വേണഅടി ഉപയോഗിക്കുന്ന മുച്ചക്ര വാഹനങ്ങളുടെ നികുതി 2% ഉയര്‍ത്തിയിട്ടുണ്ട് ബജറ്റില്‍. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനനികുതി വര്‍ധിപ്പിച്ചിട്ടുണ്ട്. സ്റ്റേജ് കാരിയറുകളുടെ നികുതി പത്ത് ശതമാനം കുറച്ചിട്ടുണ്ട്.
ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളുടെ പരസ്യത്തിന് ഇരുപത് രൂപയും ഡിജിറ്റല്‍ പരസ്യങ്ങള്‍ക്ക് നാല്‍പത് രൂപയും നികുതി ചുമത്തിയിട്ടുണ്ട്. കൂടാതെ അതിര്‍ത്തിയില്‍ സ്ഥാപിക്കുന്ന ക്യാമറകളിലൂടെ ചരക്ക് വാഹനങ്ങളെ നിരീക്ഷിക്കും. ഇ-വേ ബില്ലുമായി വാഹനങ്ങളുടെ വിവരങ്ങള്‍ ഒത്തുനോക്കി നികുതി വെട്ടിപ്പ് തടയും. വകുപ്പിനായി പുതിയ വാഹനങ്ങള്‍ വാങ്ങില്ലെന്നും മാസവാടകയ്ക്കായിരിക്കും കാറുകളെടുക്കുകയെന്നും ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ചു.