കനറാ ബാങ്ക് വായ്പ നിരക്ക് കുറച്ചു; പുതുക്കിയ നിരക്കുകൾ ഇങ്ങനെ

April 08, 2020 |
|
Banking

                  കനറാ ബാങ്ക് വായ്പ നിരക്ക് കുറച്ചു; പുതുക്കിയ നിരക്കുകൾ ഇങ്ങനെ

തിരുവനന്തപുരം: കനറാ ബാങ്ക് വായ്പ നിരക്ക് കുറച്ചു. റിപ്പോ അധിഷ്ഠിത വായ്പ നിരക്കില്‍ മുക്കാല്‍ ശതമാനം കുറവ് വരുത്തിയിട്ടുണ്ട്. നിലവിലെ 8.05 ശതമാനത്തില്‍ നിന്ന് 7.30 ശതമാനത്തിലേക്കാണ് പലിശ താഴ്ത്തിയത്. എംസിഎല്‍ആര്‍ അധിഷ്ഠിത വായ്പ നിരക്കിലെ എല്ലാ വിഭാഗത്തിലും കുറവ് വരുത്തിയിട്ടുണ്ട്.

ഒരു വര്‍ഷത്തെ റീസെറ്റ് പീരിയഡുള്ള വായ്പകള്‍ക്ക് 0.35 ശതമാനമാണ് കുറവ്. ആറ് മാസ കാലാവധിയുള്ളവയ്ക്ക് 0.3 ശതമാനം കുറവ് വരും. മൂന്ന് മാസത്തേക്കുള്ള പലിശ നിരക്ക് 0.20 ശതമാനവും ഒരു മാസ നിരക്ക് 0.15 ശതമാനവുമാണ് കുറച്ചത്. യഥാക്രമം 7.85 ശതമാനം 7.80 ശതമാനം എന്നിങ്ങനെയായിരിക്കും പുതിയ എംസിഎല്‍ആര്‍ നിരക്ക്. റിപ്പോ അധിഷ്ഠിത വായ്പകളുടെ നിരക്ക് 8.05 ശതമാനത്തില്‍ നിന്ന് 7.30 ശതമാനമായും വെട്ടിക്കുറച്ചു. 

ഏപ്രില്‍ ഒന്നുമുതല്‍ സിന്‍ഡിക്കറ്റ് ബാങ്കുമായി കനറാ ബാങ്ക് ലയിച്ചിരുന്നു. പുതിയ നിരക്ക് ഏപ്രില്‍ ഏഴു മുതല്‍ പ്രാബല്യത്തില്‍ വന്നു. ഇരു ബാങ്കുകളുടെയും ലയന ശേഷമുണ്ടായ പുതിയ സ്ഥാപനത്തിന് മൊത്തത്തിലുള്ള പലിശ നിരക്കാണ് ബാങ്ക് പ്രഖ്യാപിച്ചത്. അതായത് പുതിയ നിരക്ക് സിന്‍ഡിക്കറ്റ് ബാങ്കിനും ബാധകമായിരിക്കും. ഇരു ബാങ്കുകളും ലയിച്ചതോടെ രാജ്യത്തെ നാലാമത്തെ വലിയ ബാങ്കായി ഇത് മാറിയിരുന്നു. കൊറോണ വൈറസ് ബാധ സമ്പദ് വ്യവസ്ഥയ്ക്ക് ഏല്‍പിച്ച ആഘാതത്തില്‍ നിന്ന് മറികടക്കാന്‍ ആര്‍ബിഐ റിപ്പോ റേറ്റില്‍ 75 ബിപിഎസ് അടിസ്ഥാന പോയിന്റ് കുറവ് വരുത്തിയിരുന്നു. ഇതാണ് നിരക്ക് കുറയ്ക്കാന്‍ ബാങ്കുകളെ പ്രേരിപ്പിച്ചത്.

Related Articles

© 2025 Financial Views. All Rights Reserved