രാജ്യത്തെ ഓട്ടോമൊബൈല്‍ മേഖല തകർച്ചയിൽ; പ്രതിദിനം 2300 കോടി രൂപ നഷ്ടം; ലോക്ക് ഡൗണ്‍ണിൽപ്പെട്ട് വണ്ടിക്കമ്പനികളും

March 25, 2020 |
|
Lifestyle

                  രാജ്യത്തെ ഓട്ടോമൊബൈല്‍ മേഖല തകർച്ചയിൽ; പ്രതിദിനം 2300 കോടി രൂപ നഷ്ടം; ലോക്ക് ഡൗണ്‍ണിൽപ്പെട്ട് വണ്ടിക്കമ്പനികളും

ന്യൂഡൽഹി: കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ ഓട്ടോമൊബൈല്‍ മേഖലയില്‍ പ്രതിദിനം 2300 കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു. നിലവിൽ രാജ്യം മുഴുവന്‍ 21 ദിവസത്തേക്ക് ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. രാജ്യത്തെ ഓട്ടോമൊബൈല്‍ മേഖലയില്‍ മാത്രം ഉണ്ടാകുന്ന ഈ ഭീമമായ നഷ്ടത്തിന്റെ കണക്കുകൾ പുറത്ത് വിട്ടിരിക്കുന്നത് വാഹനനിര്‍മാതാക്കളുടെ സംഘടനയായ സിയാം ആണ്.

ഇതിനകം തന്നെ വാഹനങ്ങളുടെ നിര്‍മാണവും വില്‍പ്പനയും സര്‍വീസും മുടങ്ങുകയും സ്‌പെയര്‍ പാര്‍ട്‌സുകളുടെ വില്‍പ്പന കുറയുകയും ചെയ്തിരുന്നു. ഇതിൽ നിന്ന് പ്രതിദിനം ഏകദേശം 2300 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്ന് പ്രാഥമിക പഠനം തെളിയിക്കുന്നതായി  സിയാമിന്റെ പ്രസിഡന്റ് രാജന്‍ വധേര അറിയിച്ചു. അല്ലെങ്കില്‍ത്തന്നെയും കഴിഞ്ഞ ഏതാനും മാസങ്ങളായി കടുത്ത പ്രതിസന്ധിയിലാണ് വാഹന വിപണി. ബിഎസ്-6 എന്‍ജിനുകളുടെ നിര്‍മാണത്തിനായി 90,000 കോടി രൂപയുടെ നിക്ഷേപമാണ് ഇന്ത്യയിലെ വാഹനനിര്‍മാതാക്കള്‍ നടത്തിയിട്ടുള്ളത്. ഇതിനെല്ലാം ഇടയിലാണ് ഇരുട്ടടിയായി കൊറോണ എത്തിയത്.

കൊറോണയുടെ വ്യാപനത്തെ തുടര്‍ന്ന് രാജ്യത്തെ എല്ലാ വാഹന നിര്‍മാതാക്കളും അവരുടെ നിര്‍മാണ പ്ലാന്റുകളും ഡീലര്‍ഷിപ്പുകളും അടച്ചിട്ടു കഴിഞ്ഞു. ഇന്ത്യയിലെ മുന്‍നിര വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി, ഹ്യുണ്ടായി, ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര, ഹോണ്ട കാര്‍സ്, കിയ മോട്ടോഴ്‌സ്, ടൊയോട്ട, ഫോര്‍ഡ്, ജീപ്പ് ഇന്ത്യ തുടങ്ങിയവര്‍ പ്ലാന്റുകള്‍ അടച്ചിടുമെന്ന് അറിയിച്ചിരുന്നു. ഹോണ്ട മോട്ടോര്‍ സൈക്കിള്‍, സുസുക്കി ടൂവീലര്‍, ബജാജ് ഓട്ടോ, ജാവ മോട്ടോര്‍ സൈക്കിള്‍ തുടങ്ങിയ ഇരുചക്ര വാഹനനിര്‍മാതാക്കളും പ്ലാന്റുകള്‍ അടച്ചിട്ടിരിക്കുകയാണ്. ഈ കമ്പനികളില്‍ ഭൂരിഭാഗവും മാര്‍ച്ച് 31 വരെ മാത്രമാണ് അടച്ചിടാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍, 21 ദിവസത്തെ ലോക്ക് ഡൌണ്‍ പ്രഖ്യാപനത്തോടെ ഇത് ഏകദേശം ഏപ്രില്‍ 15 വരെ നീളുമെന്നാണ് വിവരം.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved