
ലോകത്ത് എന്തിനും ഏതിനും വ്യാജനടിക്കുന്ന ചൈനീസ് മിടുക്ക് ഇക്കുറി അടിച്ചു മാറ്റിയത് ബ്രസീലാണ്. അതും വെറും കളിപ്പാട്ടമോ ഫോണോ ഒന്നുമല്ല. നല്ല ഒന്നാന്തരം ഫെരാരിയും ലാംബോര്‍ഗിനിയുമാണ് ഇവര്‍ 'പണിതിറക്കി'യിരുന്നത്. അതും സൂപ്പര്‍ കാര്‍ തമ്പുരാക്കന്മാരുടെ ലോഗോ അടക്കം മോഷ്ടിച്ച്. ലാന്‍ഡ് റോവറിന്റെ ഡിസൈന്‍ അടിച്ചു മാറ്റി ചൈനയില്‍ വ്യാജ പതിപ്പ് ഇറങ്ങിയെന്ന വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെയാണ് ബ്രസീലും വ്യാജ നിര്‍മ്മിതിയുടെ താവളമാണെന്ന റിപ്പോര്‍ട്ട് വാഹന രംഗത്തെ തന്നെ ഞെട്ടിച്ചത്.
ബ്രസീസിലെ സാന്റെകറ്ററീനയിലാണ് ലാംബോര്‍ഗിനിയുടെ വ്യാജന്റെ കള്ളി വെളിച്ചത്തായത്. ഇത്തരം നിര്‍മ്മാണത്തിന് വേണ്ടി മാത്രമുള്ള വര്‍ക്ക്‌ഷോപ്പാണ് പൊലീസ് പൂട്ടിച്ചത്. ഇതിന്റെ ഉടമകളായ അച്ഛനേയും മകനേയും പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. ഏകദേശം 45000 മുതല്‍ 60000 ഡോളര്‍ വരെ (30-41 ലക്ഷം രൂപ) ഈടാക്കിയാണ് സൂപ്പര്‍കാറുകളുടെ വ്യാജന്‍ നിര്‍മിച്ച് നല്‍കിയിരുന്നത്.
മാത്രമല്ല വര്‍ക്ക് ഷോപ്പില്‍ നിന്നും നിന്ന് 15 പ്ലാറ്റ്‌ഫോമുകളും മറ്റ് ഘടകങ്ങളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഒര്‍ജിനലിനെ വെല്ലുന്ന ലോഗോയും മറ്റു ഘടകങ്ങളും ഉപയോഗിച്ചാണ് ഇവര്‍ വാഹനം നിര്‍മിക്കുന്നത്. എന്നാല്‍ ഇതുവരെ എത്രപേര്‍ക്ക് സൂപ്പര്‍കാറുകള്‍ നിര്‍മിച്ച് നല്‍കിയെന്ന് വ്യക്തമല്ല.