
സാന്‍ ഫ്രാന്‍സിസ്‌കോ: ചാറ്റ് ആപ്പായ സ്‌നാപ്ചാറ്റിന്റെ 'തലയ്ക്കടിക്കാനുള്ള' ഒരുക്കത്തിലാണ് സമൂഹ മാധ്യമ ഭീമനായ ഫേസ്ബുക്ക്. പുതു പുത്തന്‍ മെസേജിങ് ആപ്പായ ത്രെഡ്‌സ് വരുന്നുവെന്നാണ് സമൂഹ മാധ്യമ ഭീമന്‍ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. ഇതില്‍ സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്യുന്നത് മുതല്‍ നിങ്ങളുടെ അടുത്ത സുഹൃത്തുക്കളുമായി ലൊക്കേഷന്‍ കൈമാറാന്‍ വരെ സാധിക്കും. ഫേസ്ബുക്കിന്റെ തന്നെ ഫോട്ടോ ഷെയറിങ് ആപ്പായ ഇന്‍സ്റ്റാഗ്രാമിന്റെ തോഴനായി ത്രെഡ്‌സ് അവതരിക്കുമെന്നാണ് കമ്പനി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
ടെക്‌സറ്റ്, വീഡിയോ, ഫോട്ടോസ് തുടങ്ങി ലൊക്കേഷന്‍, സ്പീഡ്, ഫോണിന്റെ ബാറ്ററി ലൈഫ് എന്നിവ വരെ ഇന്‍സ്റ്റാഗ്രാം ക്രിയേറ്റീവ് ടൂള്‍സിന്റെ സഹായത്തോടെ പങ്കുവെക്കാന്‍ സാധിക്കുമെന്ന് കമ്പനി വ്യക്തമാക്കുന്നു. ഈ വര്‍ഷം ആദ്യം കമ്പനിയുടെ ക്യാമറാ ഫസ്റ്റ് മെസേജിങ് ആപ്പായ ഡയറക്ട് നിര്‍ത്തലാക്കിയിരുന്നു. ഇന്‍സ്റ്റാഗ്രാം ഡയറക്ട് മെസേജിങ്ങായിരുന്നു ആപ്പിന്റെ പ്രത്യേകത. സ്‌നാപ്ചാറ്റില്‍ ഉപയോഗിക്കുന്ന ഒരുവിധം എല്ലാ ഫീച്ചറുകളും ആപ്പില്‍ ഏര്‍പ്പെടുത്തിയിരുന്നു.
ചിലെ, ഇസ്രയേല്‍, ഇറ്റലി, പോര്‍ച്യുഗല്‍, ടര്‍ക്കി, ഉറുഗ്വായ് എന്നീ രാജ്യങ്ങളിലാണ് ആപ്പ് അവതരിപ്പിച്ചിരുന്നത്. എന്നാല്‍ ഡയറക്ട് നേടിയതിലും ഖ്യാതി ത്രെഡ്‌സ് നേടുമെന്നാണ് കമ്പനി ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്. സാധാരണ മെസേജ് ടൂളായി തന്നെ ഇന്‍സ്റ്റാഗ്രാമില്‍ ഇത് കാണപ്പെടുമെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന സൂചന. നിലവിലെ കണക്കുകള്‍ നോക്കിയാല്‍ അമേരിക്കയിലെ കൗമാരക്കാര്‍ക്കിടയില്‍ ഏറ്റവും പ്രചാരം നേടിയ ആപ്പാണ് സ്‌നാപ്ചാറ്റ്.
ഇതിനിടെ യുഎസില്‍ നടന്ന റിയല്‍ ഫ്രണ്ട്‌സ് എന്ന ക്യാമ്പയിനില്‍ ഇന്‍സ്റ്റാഗ്രാമിനേക്കാള്‍ സ്‌നാപ്ചാറ്റിനാണ് പ്രചാരം കൂടുതലെന്നും തങ്ങളുടെ ചിത്രങ്ങള്‍ സുഹൃത്തുക്കളുമായി പങ്കുവെക്കാന്‍ ഈ ആപ്പാണ് ഇന്‍സ്റ്റാഗ്രാമിനേക്കാള്‍ ആളുകള്‍ തിരഞ്ഞെടുക്കുന്നത് എന്നുമായിരുന്നു പ്രചാരം നടന്നത്.