
വാഷിങടണ്‍: ചൈനീസ് സ്മാര്‍ട് ഫോണ്‍ നിര്‍മ്മാതാക്കളായ വാവെ (Huawei) ഇപ്പോള്‍ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. വാവെയ് ഫോണുകളില്‍ ഫേസ്ബുക്ക്, വാട്‌സാപ്പ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണിപ്പോഴുള്ളത്. യുഎസ് ഉപരോധത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ നടപടിയെന്നാണ് റിപ്പോര്‍ട്ട്. വാവെയുടെ പുതിയ ഫോണുകളില്‍ പ്രീ ഇന്‍സ്റ്റാളിംഗ് നടക്കില്ലെന്നും ഫെയ്‌സ്ബുക്ക് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. അതേസമയം ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ഫെയ്‌സ്ബുക്ക് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം.
പഴയ വാവെ ഫോണുകളില്‍ ഫെയ്‌സ്ബുക്ക് ആപ്പ് ഉപയോഗിക്കുന്നതിനും, പ്രീ ഇന്‍സ്റ്റാളിംഗ് നടത്തുന്നതിനും തടസ്സമില്ലെന്നാണ് വിവരം. പഴയ വാവെ ഫോണുകളില്‍ ഫെയ്‌സ്ബുക്കിന്റെ എല്ലാ വേര്‍ഷനും അപ്‌ഡേറ്റ് ചെയ്യാന്‍ സാധിക്കുമെന്നാണ് ഫെയ്‌സ് ബുക്ക് അധികൃതര്‍ വ്യക്തമാക്കുന്നത്. ചൈനീസ് കമ്പനികള്‍ക്ക് നേരെയുള്ള യുഎസ് ഉപരോധം ഇപ്പോള്‍ ശക്തമാക്കിയിരിക്കുകയാണ്. ട്രംപ് ഭരണകൂടത്തിന്റെ അനുമതിയില്ലാതെ അമേരിക്കന്‍ ടെക് കമ്പനികള്‍ക്ക് ചൈനീസ് കമ്പിനികളുമായി സഹകരണം ഉറപ്പുവരുത്താന്‍ സാധ്യമല്ലെന്നാണ് ഉപരോധം ആഗോള വ്യാപാര മേഖലയ്ക്ക് മുന്നറിയിപ്പ് നല്‍കുന്നത്.
പുതിയ വാവെ ഫോണുകളില്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്താനാണ് അമേരിക്ക ഇപ്പോള്‍ ആലോചിച്ചിട്ടുള്ളത്. ഫെയ്‌സ്ബുക്കിന്റെ പുതിയ നടപടി വാവെയ്ക്ക് വിപണിയില്‍ കൂടുതല്‍ പ്രതിസന്ധി നേരിടേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്. 90 ദിവത്തിനകം വാവെയുമായുള്ള കരാറുകള്‍ അവസാനിപ്പിക്കണമെന്നാണ് യുഎസ് പ്രാദേശിക കമ്പനികള്‍ക്ക് ട്രംപ് ഭരണകൂടം നിര്‍ദേശം നല്‍കിയിട്ടുള്ളത്.