ബാങ്കിങ് ഇടപാടുകളില്‍ പരാതികളുണ്ടോ? അക്കൗണ്ടില്‍ നിന്നും പണം തനിയെ പോകുന്നത് മുതല്‍ ക്രെഡിറ്റ് കാര്‍ഡ് പ്രശ്‌നങ്ങള്‍ വരെ ആരോട് പറയും; ഓംബുഡ്‌സ്മാന്റെ സേവനത്തിലൂടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടേ

July 20, 2019 |
|
Banking

                  ബാങ്കിങ് ഇടപാടുകളില്‍ പരാതികളുണ്ടോ? അക്കൗണ്ടില്‍ നിന്നും പണം തനിയെ പോകുന്നത് മുതല്‍ ക്രെഡിറ്റ് കാര്‍ഡ് പ്രശ്‌നങ്ങള്‍ വരെ ആരോട് പറയും; ഓംബുഡ്‌സ്മാന്റെ സേവനത്തിലൂടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടേ

ദിവസം ചെല്ലും തോറും വര്‍ധിച്ച് വരുന്നതാണ് ബാങ്കിങ് ഇടപാടുകള്‍ സംബന്ധിച്ച പരാതി. അക്കൗണ്ടില്‍ നിന്നും തനിയെ പണം പോകുന്നു എന്നത് മുതല്‍ ക്രെഡിറ്റ് കാര്‍ഡുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് വരെ എന്തു ചെയ്യും എന്ന് കരുതി ടെന്‍ഷന്‍ അടിക്കുന്നവരാണ് മിക്കവരും . ബാങ്കില്‍ ചെല്ലുന്ന വേളയിലും ശരിയാക്കി തരാം എന്നല്ലാതെ മിക്കപ്പോഴും മറ്റൊരു പ്രതികരണവും കിട്ടിയെന്നും വരില്ല. എന്നാല്‍ സേവിങ്‌സ് അക്കൗണ്ട് ഉടമകള്‍ക്ക് മുതല്‍ വന്‍ വ്യവസായികള്‍ക്ക് വരെ ബാങ്കിങ് ഇടപാട് സംബന്ധിച്ച് പരാതികളുണ്ടെങ്കില്‍ ബാങ്കിങ് ഓംബുഡ്‌സ്മാനെ സമീപിക്കാം.

ആരാണ് ഓംബുഡ്‌സ്മാനെന്നും എങ്ങനെ പരാതി സമര്‍പ്പിക്കും എന്നും അറിഞ്ഞിരുന്നാല്‍ തന്നെ ബാങ്കിങ് ഇടപാടുകളില്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ നേരിട്ടാല്‍ ധൈര്യത്തോടെയിരിക്കാനും കൃത്യമായ നടപടികളിലൂടെ അത് പരിഹരിക്കാനും സാധിക്കും.  രാജ്യത്തെ ബാങ്കിങ് സേവനങ്ങള്‍ ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്ക് പരാതികള്‍ പരിഹരിക്കുന്നതിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നിയമിച്ചിരിക്കുന്ന സീനിയര്‍ ഓഫീസറാണ് ബാങ്കിങ് ഓംബുഡ്സ്മാന്‍. അദ്ദേഹം പരാതി സ്വീകരിക്കണമെങ്കില്‍ നിങ്ങള്‍ ഏത് ബാങ്കിലാണോ ഇടപാട് നടത്തുന്നത് അവിടെ പരാതി സമര്‍പ്പിച്ചിട്ടുണ്ടോ എന്ന് ആദ്യം അന്വേഷണമുണ്ടാകും.

അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ മാത്രമേ ഓംബുഡ്‌സ്മാന്‍ പരാതി സ്വീകരിക്കൂ. ബാങ്കിന് പരാതി സമര്‍പ്പിച്ച് ഒരു മാസത്തിനകം ബാങ്ക് ഒരുമാസത്തിനകം മറുപടി തന്നില്ലെങ്കില്‍, ബാങ്ക് നിങ്ങളുടെ പരാതി നിരസിക്കുകയാണെങ്കില്‍, നിങ്ങളുടെ ബാങ്കിന്റെ പരാതിപരിഹാര സംവിധാനത്തില്‍ നിങ്ങള്‍ക്ക് തൃപ്തിയില്ലെങ്കില്‍, പരാതി പരിഹരിക്കുന്നതിനായി ബാങ്കിങ് ഓംബുഡ്സ്മാനെ സമീപിക്കാം. പരാതി സംബന്ധിച്ച് ബാങ്കില്‍ നിന്നും പ്രതികരണമുണ്ടായാല്‍ ഒരു മാസത്തിനകം ഓംബുഡ്‌സ്മാന് പരാതി സമര്‍പ്പിക്കണം.

പരാതി സ്വീകരിക്കുന്നതിനോ പ്രശ്നപരിഹാരത്തിനോ ഓംബുഡ്സ്മാന്‍ ഒരുവിധത്തിലുള്ള ഫീസും ഈടാക്കുന്നതല്ല. നിങ്ങളുടെ ബാങ്ക് ശാഖ, അല്ലെങ്കില്‍ ഓഫീസ് സ്ഥിതി ചെയ്യുന്നത് ഏത് ഓംബുഡ്സ്മാന്റെ അധികാരപരിധിയിലാണോ ആ ഓംബുഡ്സ്മാന് വേണം പരാതി സമര്‍പ്പിക്കാന്‍.

പരാതി സമര്‍പ്പിക്കുന്നതിന് .www.bankingombudsman.rbi.org.in എന്ന വെബ്സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്തെടുക്കുന്ന ഫോറം ഉപയോഗിക്കുന്നതാണ് നല്ലത്. ഓണ്‍ലൈനിലും കടലാസില്‍ കൈകൊണ്ട് എഴുതിയും പരാതി നല്‍കാവുന്നതാണ്. നിങ്ങളുടെ പരാതിക്ക് പിന്തുണ നല്‍കുന്ന രേഖകളുടെ പകര്‍പ്പുകള്‍ പരാതിക്കൊപ്പം സമര്‍പ്പിക്കണം. കേരളം, ലക്ഷദ്വീപ്, മാഹി പ്രദേശങ്ങളില്‍നിന്നുള്ള പരാതികള്‍ സ്വീകരിക്കുന്ന ഓംബുഡ്മാന്‍ പ്രവര്‍ത്തിക്കുന്നത് തിരുവനന്തപുരത്താണ്. വിവിധ പ്രദേശങ്ങള്‍ക്കുള്ള ബാങ്കിങ് ഓംബുഡ്സ്മാനെക്കുറിച്ചുള്ള വിവരങ്ങള്‍ https://bankingombudsman.rbi.org.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.

കാര്‍ഡുമായി ബന്ധപ്പെട്ട പരാതികള്‍ക്ക് നിങ്ങളുടെ ബില്ലിലെ വിലാസമായിരിക്കും ഓംബുഡ്സ്മാന്റെ അധികാരപരിധി ഏതെന്ന് നിശ്ചയിക്കുന്നത്. എല്ലാ ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കുകളെക്കുറിച്ചും റീജണല്‍ റൂറല്‍ ബാങ്കുകള്‍, ഷെഡ്യൂള്‍ഡ് പ്രൈമറി കോഓപ്പറേറ്റീവ് ബാങ്കുകള്‍ എന്നിവയെക്കുറിച്ചുമുള്ള പരാതികള്‍ ഓംബുഡ്സ്മാന് നല്‍കാവുന്നതാണ്.

നിങ്ങളുടെ പരാതിയ്ക്ക് ഓംബുഡ്സ്മാന്‍ നിയമാനുസൃതമായ ഒരു തീര്‍പ്പുണ്ടാക്കാന്‍ ശ്രമിക്കും. അന്യോന്യം അം?ഗീകരിക്കുന്ന ഒരു തീര്‍പ്പ് സാധ്യമായില്ലെങ്കില്‍, ലഭ്യമാക്കിയിട്ടുള്ള രേഖകളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തില്‍ ഓംബുഡ്സ്മാന്‍ ഒരു തീര്‍പ്പ് പ്രഖ്യാപിക്കും. ഓംബുഡ്സ്മാന്റെ നടപടികളില്‍ തൃപ്തിയില്ലെങ്കില്‍ അപ്പലേറ്റ് അതോറിറ്റിക്കുമുമ്പാകെ അപ്പീല്‍ സമര്‍പ്പിക്കാവുന്നതാണ്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡെപ്യൂട്ടി ഗവര്‍ണറാണ് അപ്പലേറ്റ് അതോറിറ്റി.

Related Articles

© 2025 Financial Views. All Rights Reserved