
മുംബൈ: നിലവില്‍ സ്റ്റോക്കുള്ള ബിഎസ് 4 മോഡലുകള്‍ വലിയ വിലക്കിഴിവോടെ വിറ്റഴിക്കാന്‍ രാജ്യത്തെ മുന്‍നിര ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹീറോ മോട്ടോ കോര്‍പ് ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. മാര്‍ച്ച് 31 വരെ മാത്രമേ ഈ വാഹനങ്ങള്‍ വില്‍ക്കാന്‍ സാധിക്കുമായിരുന്നുള്ളൂ. എന്നാല്‍ ലോക്ക്ഡൗണിന്‍റെ പാശ്ചാത്തലത്തില്‍ കെട്ടിക്കിടക്കുന്ന ബിഎസ് 4 സ്‌റ്റോക്കില്‍ നിന്നും 10 ശതമാനം വാഹനങ്ങള്‍ മാത്രം ലോക്ക്ഡൗണ്‍ അവസാനിച്ചശേഷമുള്ള 10 ദിവസത്തിനിടെ വിറ്റഴിക്കാന്‍ സുപ്രീം കോടതി നിര്‍മാതാക്കള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. രാജ്യതലസ്ഥാന മേഖലയായ(എന്‍ സി ആര്‍) ഡൽഹി ഒഴികെയുള്ള പ്രദേശങ്ങളിൽ മാത്രമേ വില്‍ക്കാന്‍ പാടുള്ളൂ എന്നും കോടതി വ്യക്തമാക്കിയിരുന്നു.
ഈ സാധ്യത പ്രയോജനപ്പെടുത്തി പരമാവധി പഴയ മോഡല്‍ വാഹനങ്ങള്‍ വിറ്റ് ഒഴിവാക്കാനാണ് ഹീറോയുടെ നീക്കം. ലോക്ക്ഡൗണ്‍ മൂലം ഷോറൂമുകള്‍ പ്രവര്‍ത്തിക്കാത്ത സാഹചര്യത്തില്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ വഴിയാവും കമ്പനിയുടെ ഈ ആദായവില്‍പ്പന. ബൈക്കുകള്‍ക്ക് 10,000 രൂപ വരെയും സമാന സ്‌കൂട്ടറുകള്‍ക്ക് 15,000 രൂപ വരെയും വിലയില്‍ നേരിട്ട് ഇളവ് നല്‍കാനാണ് ആലോചന.
രാജ്യമെങ്ങുമുള്ള ഡീലര്‍ഷിപ്പുകളിലായി ബി എസ് നാല് നിലവാരമുള്ള ഒന്നര ലക്ഷത്തോളം ഇരുചക്രവാഹനങ്ങള്‍ അവശേഷിക്കുന്നുണ്ടെന്നാണ് ഹീറോ മോട്ടോ കോര്‍പിന്റെ കണക്ക്. 600 കോടി രൂപ മൂല്യം കണക്കാക്കുന്ന ഈ സ്‌റ്റോക്കില്‍ നിന്നു സുപ്രീം കോടതി വിധി പ്രകാരം 10 ശതമാനം വാഹനങ്ങള്‍ മാത്രമാണ് വിറ്റൊഴിവാക്കാനാവുക. അവശേഷിക്കുന്നവ മലിനീകരണ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിട്ടില്ലാത്ത വിദേശ വിപണികളിലേക്കു കയറ്റുമതി ചെയ്യാനും സ്‌പെയര്‍ പാര്‍ട്‌സ് ബിസിനസിനായി വിനിയോഗിക്കാനുമാണു ഹീറോ മോട്ടോ കോര്‍പ് ആലോചിക്കുന്നത്.