വാഹന നിര്‍മ്മാതാക്കള്‍ വിപണി രംഗത്ത് പിടിച്ചുനില്‍ക്കാന്‍ പുതിയ വഴികളുമായി രംഗത്ത്; നാല് ലക്ഷം രൂപ വരെ വിലക്കിഴിവ് നല്‍കിയേക്കും

September 14, 2019 |
|
Lifestyle

                  വാഹന നിര്‍മ്മാതാക്കള്‍ വിപണി രംഗത്ത് പിടിച്ചുനില്‍ക്കാന്‍ പുതിയ വഴികളുമായി രംഗത്ത്; നാല് ലക്ഷം രൂപ വരെ വിലക്കിഴിവ് നല്‍കിയേക്കും

ന്യൂഡല്‍ഹി: വാഹന നിര്‍മ്മാണ കമ്പനികള്‍ ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ പുതിയ മാര്‍ഗങ്ങളുമായാണ് ഇപ്പോള്‍ രംഗത്തെത്തിയിട്ടുള്ളത്. മാന്ദ്യത്തില്‍ നിന്ന് കരകയറാനും വാഹന വില്‍പ്പന രംഗത്ത് പിടിച്ചു നില്‍ക്കാനും വേണ്ടി ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ട പുതിയ ഓഫറുമായി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്. ഹോണ്ടയുടെ വിവിധ മോഡലുകള്‍ക്ക് 42,000 രൂപ മുതല്‍ നാല് ലക്ഷം രൂപ വരെ ഡിസ്‌ക്കൗണ്ട് ഉള്‍പ്പടെ വിവിധ ഇനത്തിലുള്ള ഓഫറുകളാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. 

 വിവിധ മോഡലുകളുടെ ഗുണ മേന്‍മ അനുസരിച്ചാണ് കമ്പനി ഓഫറുകള്‍ നിശ്ചയിച്ചിട്ടുള്ളത്. എന്നാല്‍ രാജ്യത്തെ വിവിധ കമ്പനികള്‍ ഉത്പ്പാദനം കുറക്കാനുള്ള നീക്കത്തിലാണിപ്പോള്‍. വിവിധ കമ്പനികളുടെ വാഹനങ്ങള്‍ ഇപ്പോഴും ഫാക്ടറികളില്‍ കെട്ടിക്കിടക്കുന്നുണ്ടെന്നാണ് വിവരം. നിര്‍മ്മാണ പ്ലാന്റുകളിലെ ജീവനക്കാരെ പിരിച്ചുവിട്ടും, ചിലവുകള്‍ വെട്ടിക്കുറച്ചുമുള്ള നടപടികളിലേക്കാണ് വാഹന നിര്‍മ്മാണ കമ്പനികള്‍ ഇപ്പോള്‍ രംഗത്തെത്തിയിട്ടുള്ളത്. 20 വര്‍ഷത്തിനിടെ വില്‍പ്പനയില്‍ നേരിട്ട ഭീമമായ ഇടിവ് മൂലം നിര്‍മ്മാണ കമ്പനികള്‍ക്ക് വലിയ ആശങ്കയാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്. 

രാജ്യത്തെ മുന്‍നിര വാഹന നിര്‍മ്മാണ കമ്പനികളായ ഹുണ്ടായ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടാറ്റാ മോട്ടോര്‍സ്, ഹോണ്ട തുടങ്ങിയ കമ്പനികള്‍ക്കെല്ലാം ആഗസ്റ്റ് മാസത്തിലെ വില്‍പ്പനയില്‍ ഭീമമായ ഇടിവ് രേഖപ്പെടുത്തി. മാരുതിയുടെ വില്‍പ്പനയില്‍ മാത്രം ആഗസ്റ്റ് മാസത്തില്‍ 33 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. വില്‍പ്പന ആഗസ്റ്റ് മാസത്തില്‍ മാത്രം വാഹന വില്‍പ്പന ആകെ 1,06,413 യൂണിറ്റിലേക്കെത്തിയെന്നാണ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്. പാസഞ്ചര്‍ വാഹന വില്‍പ്പനയിലടക്കം ഭീമമായ ഇടിവാണ് ഓഗസ്റ്റ് മാസത്തില്‍ ആകെ രേഖപ്പെടുത്തിയത്. 

അതേസമയം രാജ്യത്തെ മുന്‍നിര വാഹന നിര്‍മ്മാതാക്കളായ ടാറ്റാ മോട്ടോര്‍സിന്റെ വില്‍പ്പനയില്‍ മാത്രം 58 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഹോണ്ടാ കാര്‍സിന്റെയും, ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോറിന്റെയും വില്‍പ്പനയില്‍ യഥാക്രമം 51 ശതമാനവും, 21 ശതമാനവും ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. രാജ്യത്തെ വാഹന വില്‍പ്പനയില്‍ ആഗസ്റ്റ് മാസത്തിലും ഇടിവുണ്ടായതില്‍ വലിയ ആശങ്കയാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. വാഹന വില്‍പ്പനയില്‍ ഇടിവ് രൂപപ്പെട്ടത് മൂലം ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടാനുള്ള സാധ്യതയും, ഉത്പ്പാദനത്തില്‍ ഭീമമായ ഇടിവ് ഉണ്ടാകാനും സാധ്യതയുണ്ട്. വാഹനങ്ങളുടെ ജിഎസ്ടി കുറച്ചാല്‍ മാത്രമേ വില്‍പ്പനയില്‍ നേരിയ വര്‍ധനവുണ്ടാവുകയുള്ളൂ എന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ സാമ്പത്തിക പ്രതിസന്ധി മൂലം എന്‍ബിഎഫ്സി സ്ഥാപനങ്ങള്‍ വായ്പാ മാനദണ്ഡങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കിയതോടെയാണ് വാഹന വിപണിയില്‍ വന്‍ ഇടിവുണ്ടാക്കാന്‍ കാരണമെന്നാണ് വാഹന നിര്‍മ്മാണ കമ്പനികള്‍ ഒന്നടങ്കം ഇപ്പോള്‍ വ്യക്തമാക്കുന്നത്. 

Related Articles

© 2025 Financial Views. All Rights Reserved