
ഏറെ കാലത്തെ കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായ് കോംപാക്ട് സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനമായ വെന്യൂവിനെ കമ്പനി അവതരിപ്പിച്ചു. 7.2 ലക്ഷം മുതല്‍ 12 ലക്ഷം വരെയായിരുന്നു വില പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ വെന്യു എത്തിയത് 6.50 ലക്ഷം രൂപ മുതല്‍ക്കാണ്. ഒരു ലിറ്റര്‍ പെട്രോള്‍, 1.2 ലിറ്റര്‍ പെട്രോള്‍, 1.4 ലിറ്റര്‍ ഡീസല്‍ എന്നിങ്ങനെ മൂന്ന് എഞ്ചിന്‍ കോണ്‍ഫിഗറേഷനുകളിലും വാഹനം ലഭിക്കും. 1 ലീറ്റര്‍ പെട്രോള്‍ പതിപ്പില്‍ 7 സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടമാറ്റിക് ഗിയര്‍ സംവിധാനം കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.
മത്സരത്തില്‍ നിന്ന് വ്യത്യസ്തമായി ഹ്യൂണ്ടായി മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ് വെന്യുമായുള്ള ആദ്യഘട്ടത്തില്‍ വിപുലമായ കണക്ടിവിറ്റി പരിഹാരങ്ങള്‍ അവതരിപ്പിക്കുന്നു. ഹ്യൂണ്ടായ് ബ്ലൂ ലിങ്ക് 33 സവിശേഷതകളുമായി ഇന്ത്യയില്‍ അവതരിപ്പിക്കപ്പെടും. ഇതില്‍ 10 എണ്ണം പ്രാദേശിക ഉപയോക്താക്കള്‍ക്ക് പ്രത്യേകം രൂപകല്‍പ്പന ചെയ്തിട്ടുണ്ട്. വെന്യുവിനെ ഇന്ത്യയിലെ ആദ്യ കണക്ടഡ് പാസഞ്ചര്‍ വാഹനമാക്കുന്നത് അതിലെ ബ്ലൂ ലിങ്ക്' ടെക്‌നോളജിയാണ്.
കോന, നെക്സോ മോഡലുകളിലേതിന് സമാനമായ കോംപോസിറ്റ് എല്‍ഇഡി ലൈറ്റുകള്‍, ക്യൂബ് ആകൃതിയിലുള്ള ഹെഡ്‌ലാംപുകള്‍ എന്നിവ വെന്യുവിനുമുണ്ട്. 15 ഇഞ്ച് സ്റ്റാന്‍ഡേര്‍ഡ് വീലിനൊപ്പം 17 ഇഞ്ച് അലോയ് വീലോടുകൂടിയാണ് ഈ എസ്യുവി എത്തുന്നത്. ക്രോമിയം ആവരണമുള്ള കാസ്‌കേഡ് ഗ്രില്ല്, ഡ്യുവല്‍ ബീം ഹെഡ്‌ലാംപ്, ബ്ലാക്ക് ഫിനിഷിങ് വീല്‍ ആര്‍ച്ച്, റൂഫ് റെയില്‍, എല്‍ഇഡി ടെയ്ല്‍ ലാമ്പ്, ഡ്യുവല്‍ ടോണ്‍ ബമ്പര്‍ എന്നിവ മറ്റ് പ്രത്യേകതകളാണ്.