
ദില്ലി ഓട്ടോ എക്‌സ്‌പോയില്‍ ബിഎസ് 6 എന്‍ജിനുമായി ഫേസ് ലിഫ്റ്റ് ചെയ്ത മോഡല്‍ അവതരിപ്പിച്ചു. ഹാച്ച്ബാക്കുകളുടെ കൂട്ടപ്പൊരിച്ചിലിനിടയില്‍ പുതുമയുടെ ഊര്‍ജം പ്രസരിപ്പിക്കുന്ന, യുവത്വം തുളുമ്പുന്ന വ്യക്തിത്വമാണ് ഇഗ്‌നിസിനെ വേറിട്ടതാക്കിയത്. ചതുരവടിവാണ് ബാഹ്യാകാരത്തിന്റെ പ്രത്യേകത. എല്‍ഇഡി ഡിആര്‍എലോടുകൂടിയ പ്രൊജക്ടര്‍ ഹെഡ് ലാമ്പുകളും അവയെ ബന്ധിപ്പിക്കുന്ന നീണ്ട ഗ്രില്ലും വൃത്താകൃതിയിലുള്ള ഫോഗ് ലാമ്പുകളും വലിയ ബമ്പറുകളുമാണ് മുന്‍കാഴ്ചയിലെ ഹൈലൈറ്റുകള്‍. കനത്ത വീല്‍ ആര്‍ച്ചുകള്‍ കറുത്ത, 15 ഇഞ്ച് അലോയ് വീലുകള്‍ക്ക് നല്‍കുന്ന ഗാംഭീര്യം ഒന്നുവേറെതന്നെ. കറുത്ത എ, ബി പില്ലറുകളും വീതിയേറിയ, അഡിഡാസ് ലോഗോപോലുള്ള മൂന്ന് വരകളോടുകൂടിയ സി പില്ലറും റൂഫ് റെയിലുകളും പിന്നറ്റത്തുള്ള ആന്റിനയും ചരിഞ്ഞ റിയര്‍ വിന്‍ഡ്ഷീല്‍ഡുമൊക്കെ ഒരു കുട്ടി എസ് യുവിയുടെ കരുത്തന്‍ ഭാവം വിളിച്ചോതുന്നു. പുതിയ ഗ്രില്ലും വലിയ സ്‌കിഡ് പ്ലേറ്റുകളോടുകൂടിയ മുന്‍പിന്‍ ബമ്പറുകളുമാണ് ഫേസ് ലിഫ്റ്റിന്റെ പുറംകാഴ്ചയിലെ പുതുമകളില്‍ പ്രധാനം.
ഏഴിഞ്ച് ടച്ച് സ്‌ക്രീനില്‍ മാരുതിയുടെ ഏറ്റവും പുതിയ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമായ സ്മാര്‍ട്ട് പ്ലേ സ്റ്റുഡിയോ ഫേസ് ലിഫ്റ്റിന്റെ ഭാഗമായി ലഭ്യമാക്കിയിട്ടുണ്ട്. ഇതില്‍ ഓണ്‍ ബോര്‍ഡ് നാവിഗേഷനും വോയ്‌സ്‌കമാന്റ് സംവിധാനവുമുണ്ട്. സുസുകിയുടെ എസ് കണക്ട് എന്ന കണക്ടിവിറ്റി സ്യൂട്ടും ഓപ്ഷണലായി ലഭിക്കും. പുതിയ ഓറഞ്ച്, നീല നിറങ്ങളും ഫേസ് ലിഫ്റ്റിലുണ്ട്. ഒപ്പം മൂന്ന് ഡ്യുവല്‍ട്രോണ്‍ കളര്‍ ഓപ്ഷനുകളും അവതരിപ്പിച്ചിരിക്കുന്നു.ബിഎസ് 6 നിബന്ധനകള്‍ അനുസരിച്ചുള്ള 1.2 ലിറ്റര്‍ കെ 12 പെട്രോള്‍ എന്‍ജിന്‍മാത്രമായിരിക്കും ഇനി ഇഗ്‌നിസിനുണ്ടാവുക. തുടക്കത്തില്‍ ലഭ്യമായിരുന്ന 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ ഡിമാന്‍ഡ് കുറഞ്ഞതോടെ പിന്നീട് നിര്‍ത്തി. പുതിയ എന്‍ജിനൊപ്പം 5 സ്പീഡ് മാന്വല്‍, എഎംടി ഗിയര്‍ബോക്‌സുകള്‍ ഉണ്ടായിരിക്കും. ബുക്കിങ് ആരംഭിച്ചെങ്കിലും വില പ്രഖ്യാപിച്ചിട്ടില്ല.