എന്ത് ചെയ്തിട്ടും ലോണ്‍ പാസാകുന്നില്ലേ? സിബില്‍ സ്‌കോര്‍ എന്നാല്‍ എന്താണെന്ന് അറിഞ്ഞിരിക്കാം; സിബില്‍ റിപ്പോര്‍ട്ടില്‍ തെറ്റ് കടന്നു കൂടിയാല്‍ എന്ത് ചെയ്യണം? സിബില്‍ സ്‌കോറില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ഭാവിയില്‍ പണിയുറപ്പാണേ!

July 23, 2019 |
|
Banking

                  എന്ത് ചെയ്തിട്ടും ലോണ്‍ പാസാകുന്നില്ലേ? സിബില്‍ സ്‌കോര്‍ എന്നാല്‍ എന്താണെന്ന് അറിഞ്ഞിരിക്കാം; സിബില്‍ റിപ്പോര്‍ട്ടില്‍ തെറ്റ് കടന്നു കൂടിയാല്‍ എന്ത് ചെയ്യണം? സിബില്‍ സ്‌കോറില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ഭാവിയില്‍ പണിയുറപ്പാണേ!

ലോണ്‍ എടുക്കണം എന്ന് കരുതാത്തവരില്ല അല്ലേ. ചിലര്‍ക്ക് പെട്ടന്ന് ലോണ്‍ കിട്ടാനുള്ള സാഹചര്യങ്ങള്‍ ഒരുങ്ങുമ്പോള്‍ മറ്റു ചിലര്‍ക്ക് എത്ര തവണ ബാങ്കില്‍ കയറിയിറങ്ങിയാലും ലോണ്‍ തരപ്പെടില്ല. എന്താണ് ഇതിന് കാരണമെന്ന് ആലോചിച്ച് അധികം തല പുകയ്‌ക്കേണ്ട. സിബില്‍ സ്‌കോര്‍ എന്ന സംഗതി എന്താണെന്ന് അറിഞ്ഞിരുന്നാല്‍ ലോണും ലോണ്‍ പാസാകലും സംബന്ധിച്ച് വരുന്ന പ്രതിസന്ധികള്‍ എന്തൊക്കെയാണെന്ന് പെട്ടന്ന് മനസിലാകും. 

ആദ്യം സിബില്‍ സ്‌കോര്‍ എന്താണെന്ന് അറിഞ്ഞിരിക്കാം

ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ലിമിറ്റഡ് അഥവാ സിബില്‍ എന്ന് പറയുന്നത് ബാങ്കുകള്‍ അടക്കമുള്‌ല ധനകാര്യ സ്ഥാപനങ്ങള്‍ അംഗമായിരിക്കുന്ന സാമ്പത്തിക വിശകലന സ്ഥാപനമാണ്. ഓഓരോ വ്യക്തിയും വായ്പ എടുക്കുന്നതിന്റെ ചരിത്രം കൃത്യമായി ശേഖരിച്ച് സൂക്ഷിച്ച് വെക്കുന്നതാണ് ഈ സ്ഥാപനത്തിന്റെ കര്‍ത്തവ്യം. സിബില്‍ ലഭ്യമാക്കുന്ന രണ്ട് പ്രധാനപ്പെട്ട് രേഖകളാണ്  ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ടും സിബില്‍ ട്രാന്‍സ് യൂണിയന്‍ സ്‌കോറും. ഈ വിശദാംശങ്ങള്‍ പഠിച്ച ശേഷമാണ് ലോണ്‍ കൊടുക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ ധനകാര്യ സ്ഥാപനങ്ങള്‍ തീരുമാനമെടുക്കുന്നത്.

വായ്പ എടുക്കുന്ന വ്യക്തിയുടെ വിശ്വാസ്യതയാണ് സിബില്‍ സ്‌കോറിലൂടെ പ്രതിഫലിക്കുന്നത്.  റിസര്‍വ് ബാങ്ക് പ്രതിനിധികള്‍ 1999-ല്‍ ഇപ്രകാരമുള്ള ക്രെഡിറ്റ് വിവരസാധ്യതാ ശേഖരത്തിന്റെ ആവശ്യകതയെക്കുറിച്ച് പഠനം നടത്തിയതിന് പിന്നാലെ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 2000ലാണ് സിബില്‍ സ്ഥാപിതമായത്. ബാങ്കുകള്‍, ധനകാര്യസ്ഥാപനങ്ങള്‍ എന്നിവയില്‍നിന്ന് ഓരോ ഉപഭോക്താവിനെയും സംബന്ധിച്ചുള്ള സാമ്പത്തികരേഖകള്‍ സിബില്‍ സമാഹരിച്ച് ഒരു സിബില്‍ സ്‌കോര്‍ ഉണ്ടാക്കുന്നു. ആ സ്‌കോര്‍ 750-ല്‍ അധികമായാല്‍ വായ്പ ലഭ്യമാവാനുള്ള സാധ്യത കൂടും. തിരിച്ചടവ് ശേഷിയുടെ വ്യാപ്തിയെ ആ സ്‌കോര്‍ സൂചിപ്പിക്കുന്നുണ്ടെന്നര്‍ത്ഥം.

സിബില്‍ സ്‌കോര്‍ ഉയര്‍ന്നിരിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ അറിഞ്ഞിരിക്കുന്നത് വ്യക്തിപരമായ സാമ്പത്തികവളര്‍ച്ചയ്ക്ക് ഉചിതമാണ്. അതില്‍ ഉപഭോക്താക്കളുടെ വായ്പ തിരിച്ചടയ്ക്കുന്നതിലെ കൃത്യത വളരെ പ്രധാനപ്പെട്ടതാണ്. അതാണ് സിബില്‍ സ്‌കോറിന്റെ അടിസ്ഥാനം. അതിനാല്‍ ഓരോ ഉപഭോക്താവിന്റെയും വായ്പാ തിരിച്ചടവ് ചരിത്രവും പ്രധാനപ്പെട്ടതാണ്. അതുകൊണ്ട് ബാങ്ക് ലോണാണെങ്കിലും ക്രെഡിറ്റ് കാര്‍ഡിന്റെ ഉപയോഗമായാലും പരിമിതിയും പരിധിയും മനസ്സിലാക്കിവേണം വായ്പയെടുക്കേണ്ടത്. അതോടൊപ്പംതന്നെ എടുത്ത വായ്പ വിവേകപൂര്‍വം ഉപയോഗിക്കുക എന്നതും ഏറെ പ്രധാനപ്പെട്ടതാണ്.

ഭവനവായ്പ, വാഹനവായ്പ, സ്വര്‍ണപ്പണയവായ്പ, വിദ്യാഭ്യാസവായ്പ, കാര്‍ഷികവായ്പ, സ്വയം തൊഴില്‍ ചെയ്യാനുള്ള വായ്പ എന്നിങ്ങനെ നിരവധി വായ്പാസംവിധാനങ്ങളുണ്ട്. വിവിധ സ്ഥാപനങ്ങളില്‍പ്പോയി വ്യത്യസ്തമായ വായ്പകള്‍ എടുത്താലും ക്രെഡിറ്റ് സ്‌കോര്‍ നിര്‍ണയത്തില്‍ ഇവയെല്ലാം രേഖപ്പെടുത്തപ്പെടും. അതുകൊണ്ട് ഈ രംഗത്തുള്ള ഏറ്റവും സുതാര്യമായ സൂചികയാണ് സിബില്‍ സ്‌കോര്‍. ക്രെഡിറ്റ് സ്‌കോറിനെ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ബോധപൂര്‍വമായ ശ്രമമാണ് നിങ്ങള്‍ക്കുണ്ടാവേണ്ടത്. കടം എന്നതിന് പരിധി വെക്കുന്നതാണ് ആദ്യത്തെ മുന്നൊരുക്കം. 

സിബിലില്‍ തെറ്റ് കടന്നു കൂടിയിട്ടുണ്ടോ എന്നും നോക്കണേ

ചില റിപ്പോര്‍ട്ടുകളില്‍ ലോണ്‍ അക്കൗണ്ട് ക്ലോസ്ഡ് എന്നതിനു പകരം സെറ്റില്‍ഡ് എന്ന് കാണാറുണ്ട്. ഇതിന് മുമ്പ് ഈ ഇടപാടുകാരന് പ്രസ്തുത വായ്പ കൃത്യമായി അടച്ച് തീര്‍ക്കാനാകാത്തതിനാല്‍ ആ ബാങ്ക് ചില വിട്ടുവീഴ്ചകള്‍ ചെയ്ത് ഈ വായ്പ ഒത്തുതീര്‍പ്പാക്കി എന്നു സാരം. നിങ്ങളുടെ സിബില്‍ സ്‌കോറിനെ കുറയ്ക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ് ഇത്. ആവശ്യമില്ലാതെ ചെറിയ ഇളവുകള്‍ ലഭ്യമാക്കാനായി വായ്പ സെറ്റില്‍ ചെയ്യുമ്പോള്‍ ഇത്തരമൊരു അപകടം ഉണ്ടെന്നു മറക്കാതിരിക്കുക.

ചിലപ്പോഴെങ്കിലും സിബില്‍ റിപ്പോര്‍ട്ടില്‍ തെറ്റുകള്‍ കടന്നുകൂടാറുണ്ട്. അത്തരം തെറ്റുകള്‍  ശ്രദ്ധയില്‍ പ്പെട്ടാല്‍ പെട്ടെന്ന് അത് തിരുത്താന്‍ ശ്രമിക്കുക. www.cibil.com എന്ന വെബ്സൈറ്റില്‍ കണ്‍സ്യൂമര്‍ ഡിസ്പ്യൂട്ട് റെസല്യൂഷന്‍ (Consumer Dispute Resolution) എന്ന ലിങ്കില്‍ ഇതിനുള്ള സൗകര്യം ലഭ്യമാണ്.

 മറ്റുള്ളവര്‍ക്ക് ഗ്യാരന്റി  മുന്‍പ് ഒരു വട്ടം കൂടി ചിന്തിക്കുക. ഗാരന്റി നില്‍ക്കുന്ന അക്കൗണ്ടിലെ തിരിച്ചടവ് കാലതാമസം പോലും നിങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നറിയയുക. എന്തിന്, ഓരോ തവണ നിങ്ങളുടെ ക്രെഡിറ്റ് റിപ്പോര്‍ട്ടിനായി  തിരയുമ്പോള്‍ പോലും നേരിയ തോതിലാണെങ്കില്‍ കൂടി സ്‌കോര്‍ താഴേക്കുപോകും. വരുംകാലത്ത് സിബില്‍ സ്‌കോറിനുള്ള പ്രസക്തി വര്‍ദ്ധിച്ചുവരും എന്നു മനസ്സിലാക്കി സാമ്പത്തിക അച്ചടക്കത്തിന് ഊന്നല്‍ കൊടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.

Related Articles

© 2025 Financial Views. All Rights Reserved