വിദ്യാഭ്യാസ വായ്പ കെണിയാകാതിരിക്കാന്‍ ചില കാര്യങ്ങള്‍ ഓര്‍ക്കാം; ജോലി ലഭിക്കാന്‍ വൈകിയാല്‍ തിരിച്ചടവിന് എന്ത് ചെയ്യണമെന്ന് ചിന്തിച്ചിട്ടുണ്ടോ? വിദ്യാഭ്യാസ വായ്പയ്ക്ക് ആദായ നികുതി ഇളവുണ്ടോ എന്ന സംശയത്തിനും ഉത്തരമുണ്ടേ

August 07, 2019 |
|
Banking

                  വിദ്യാഭ്യാസ വായ്പ കെണിയാകാതിരിക്കാന്‍ ചില കാര്യങ്ങള്‍ ഓര്‍ക്കാം; ജോലി ലഭിക്കാന്‍ വൈകിയാല്‍ തിരിച്ചടവിന് എന്ത് ചെയ്യണമെന്ന് ചിന്തിച്ചിട്ടുണ്ടോ? വിദ്യാഭ്യാസ വായ്പയ്ക്ക് ആദായ നികുതി ഇളവുണ്ടോ എന്ന സംശയത്തിനും ഉത്തരമുണ്ടേ

രാജ്യത്തെ ബാങ്കുകള്‍ ഇപ്പോള്‍ പുറത്ത് വിടുന്ന കണക്കുകള്‍ നോക്കിയാല്‍ വിദ്യാഭ്യാസ വായ്പയ്ക്കായി അപേക്ഷിക്കുന്നവരുടെ എണ്ണം വര്‍ധിച്ച് വരികയാണ്. എന്നാല്‍ സൂക്ഷിച്ചല്ല വായ്പ സംബന്ധിച്ച കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതെങ്കില്‍ കുരുക്കാവുമെന്ന് നിങ്ങള്‍ പ്രത്യേകം ഓര്‍ക്കുക. എന്‍ബിഎ, നാക്ക് അക്രഡിറ്റേഷനുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് വിദ്യാഭ്യാസ വായ്പ നല്‍കുന്നതില്‍ മുന്‍ഗണന കൊടുക്കുന്നതെന്നും ഇതു മൂലം പ്രഫഷണല്‍ കോഴ്സുകള്‍ അടക്കം പഠിക്കുന്നവര്‍ക്ക് വന്‍ തിരിച്ചടി നേരിടുകയാണെന്നും മാധ്യമങ്ങളിലൂടെ നാം അറിഞ്ഞിരുന്നു.

തിരിച്ചടവ് സംബന്ധിച്ച് ഏറെ സങ്കീര്‍ണതകള്‍ വരാന്‍ സാധ്യതയുള്ളതിനാല്‍ തന്നെ വിദ്യാഭ്യാസ വായ്പ വളരെ ബുദ്ധിപൂര്‍വ്വം കൈകാര്യം ചെയ്യുക. ജോലി ലഭിക്കാന്‍ പഴയതിനേക്കാള്‍ കാലതാമസം വരുന്നതിനാല്‍ തന്നെ വിദ്യാഭ്യാസ വായ്പ എങ്ങനെ കൈകാര്യം ചെയ്യണമെന്നും നിലവില്‍ വിദ്യാഭ്യാസ വായ്പ എടുത്തവര്‍ ഓര്‍ക്കേണ്ട പ്രധാന സംഗതികള്‍ എന്തൊക്കെയാണെന്നും നിങ്ങള്‍ അറിഞ്ഞിരിക്കണം.

വാര്‍ഷിക കുടുംബവരുമാനം നാലരലക്ഷം രൂപവരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കു പലിശ സബ്സിഡി നല്‍കുന്ന വായ്പാ പദ്ധതിയിലാണു നിയന്ത്രണമുണ്ടായതും അതിനെതിരെ പാര്‍ലമെന്റില്‍ പ്രതിഷേധം നടന്നതും നാം വാര്‍ത്തകളിലൂടെ അറിഞ്ഞിരുന്നു. ഇന്ത്യന്‍ ബാങ്ക് അസോസിയേഷന്റെ മാതൃകാവിദ്യാഭ്യാസ വായ്പാ പദ്ധതിയുമായി സംയോജിപ്പിച്ചാണു പ്രൊഫഷണല്‍, ടെക്നിക്കല്‍ കോഴ്സുകള്‍ പഠിക്കുന്ന സാമ്പത്തികമായി പിന്നാക്കക്കാരായ വിദ്യാര്‍ത്ഥികള്‍ക്കു വായ്പ നല്‍കുന്നത്.

പഠനം കഴിഞ്ഞ് ജോലി കിട്ടുന്നത് വരെയുള്ള മോറട്ടോറിയം (തിരിച്ചടവ് ആരംഭിക്കുന്നതിന് മുന്‍പുള്ള സമയം) കാലാവധിയും കഴിഞ്ഞ ശേഷം തിരിച്ചടയ്ക്കാന്‍ ആരംഭിച്ചാല്‍ മതി. ഈ കാലയളവു വരെ സാധാരണ നിരക്കിലും തുടര്‍ന്നുള്ള സമയത്തേക്ക് കൂട്ടുപലിശ നിരക്കിലുമാണു പലിശ കണക്കാക്കുന്നത്. വായ്പ സര്‍ക്കാര്‍ എഴുതി തള്ളുമെന്ന് കരുതിയിരിക്കുന്നവരുണ്ട്. അഥവാ എഴുതി തള്ളിയാല്‍ തന്നെ ഭാവിയില്‍ ബാങ്കിങ് ഇടപാടുകള്‍ക്ക് ഇത് വലിയ തിരിച്ചടിയായി മാറും.

രാജ്യത്തെ കെവൈസി പോളിസികള്‍ പ്രകാരം വിദ്യാര്‍ത്ഥിയുടെ ആധാര്‍, പാന്‍ രേഖകള്‍ ബാങ്കുകള്‍ കൈവശം സൂക്ഷിക്കുന്നുണ്ട്. രാജ്യത്ത് ഏതു ബാങ്ക് വഴി ശമ്പളം വാങ്ങിയാലും ഉടന്‍ തന്നെ അത് വായ്പയെടുത്ത ബാങ്കിന് അറിയാന്‍ സംവിധാനമുണ്ട്. ബാങ്കുകള്‍ നേരിട്ട് നിങ്ങളുടെ കമ്പനിയെ സമീപിക്കാനും സാധ്യതയുണ്ടെന്ന കാര്യവും മറക്കരുത്. വായ്പ ലഭിക്കുന്ന മാസം മുതല്‍ തന്നെ പലിശ ചെറിയ തോതിലെങ്കിലും അടയ്ക്കാന്‍ രക്ഷിതാക്കള്‍ക്ക് കഴിയുമെങ്കില്‍ അതിന് ശ്രമിക്കുക. ഇത് കുട്ടികള്‍ക്ക് വരുന്ന ബാധ്യത ലഘൂകരിക്കുമെന്ന് പ്രത്യേകം എടുത്ത് പറയേണ്ടതില്ലല്ലോ.

കോഴ്സിലും മൊറട്ടോറിയം കാലയളവിലും വായ്പ തുകയ്ക്ക് ബാധകമായ പലിശ ഇഎംഐകളിലേക്ക് ചേര്‍ക്കില്ല. വിദ്യാഭ്യാസ വായ്പകള്‍ക്ക് നല്‍കുന്ന പലിശയും ആദായനികുതി നിയമത്തിലെ സെക്ഷന്‍ 80 (ഇ) പ്രകാരം നികുതിയിളവിന് അര്‍ഹമാണ്.സാധിക്കുമെങ്കില്‍ വായ്പാ അക്കൗണ്ടില്‍ തന്നെ അതു തിരിച്ചടച്ചു തുടങ്ങുക. അല്ലെങ്കില്‍ അതിനു തുല്യമായ തുക മ്യൂചല്‍ ഫണ്ടുകളിലോ മറ്റു നിക്ഷേപ പദ്ധതികളിലോ തുടര്‍ച്ചയായി അടച്ചു കൊണ്ടിരിക്കുകയും പിന്നീട് വായ്പാ തിരിച്ചടവിനായി ഉപയോഗിക്കുകയും ചെയ്യുക.

ഇതു വഴി ഭാവിയിലെ പ്രശ്‌നങ്ങള്‍ ഒഴിവാക്കുക മാത്രമല്ല, മക്കള്‍ക്കു മികച്ച ജോലി ലഭിച്ചാല്‍ ഈ തുക സമ്പാദ്യമാക്കി മാറ്റുവാന്‍ സഹായിക്കുകയും ചെയ്യും. ഇനി ഇക്കാലത്തു വായ്പാ തിരിച്ചടവു തുടങ്ങാനായില്ലെങ്കില്‍ കോഴ്‌സ് പൂര്‍ത്തിയാക്കുമ്പോള്‍ മുതല്‍ രക്ഷിതാക്കള്‍ നിര്‍ബന്ധമായും തിരിച്ചടവു തുടങ്ങിയിരിക്കണം.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved