
ന്യൂഡല്‍ഹി: രാജ്യത്തെ ബാങ്കുകള്‍ എഴുതി തള്ളിയത് രണ്ട് ട്രില്യണ്‍ രൂപയുടെ നിഷ്‌ക്രിയ ആസ്തിയെന്ന് റിപ്പോര്‍ട്ട്. 2018-2019 സാമ്പത്തിക വര്‍ഷത്തിലാണ് രാജ്യത്തെ ഭൂരിഭാഗം ബാങ്കുകളും ഭീമമായ തുക എഴുതി തള്ളിയത്. കേന്ദ്രധനമന്ത്രാലയമാണ് ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ പറത്തുവിട്ടത്. അതേസമയം 42 ഷെഡ്യൂള്‍ഡ് ബാങ്കുകളാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഭീമമായ നിഷ്‌ക്രിയ ആസ്തി എഴുതി തള്ളിയത്. തൊട്ടുമുന്‍പുള്ള വര്‍ഷം ബാങ്കുകള്‍ എഴുതി തള്ളിയത് ഏകദേശം 1.5 ട്രില്യണ്‍ രൂപയാണെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. മൊത്തം നിഷ്‌ക്രിയ ആസ്തിയില്‍ 40 ശതമാനമാണ് 2018-2019 സാമ്പത്തിക വര്‍ഷത്തില്‍ എഴുതി തള്ളിയത്. എന്നാല്‍ മുന്‍വര്‍ഷം ബാങ്കുകള്‍ ആകെ എഴുതി തള്ളിയ നിഷ്‌ക്രിയ ആസ്തി 20 ശതമാത്തോളം വരുമിതെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം ബാങ്കുകള്‍ നിഷ്‌ക്രിയ ആസ്തികള്‍ എഴുതി തള്ളുന്നതിന് ചില രീതികളൊക്കെയുണ്ട്. ബാങ്കുകളുടെ നഷ്ട സാധ്യതകള്‍ കുറയുകയും, ബാലന്‍സ് ഷീറ്റില്‍ കുറവുണ്ടാവുകയും ചെയ്യുമ്പോഴാണ് രാജ്യത്തെ ബാങ്കുകള്‍ നിഷ്‌ക്രിയ ആസ്തികള്‍ എഴുതി തള്ളാന്‍ മുതിരാറുള്ളത്. കേന്ദ്രബാങ്കി (ആര്‍ബിഐ)ന്റെ നിര്‍ദ്ദേശ പ്രകാരം നിഷ്‌ക്രിയ ആസ്തിയായി കണക്കാക്കി നാല് വര്‍ഷം വരെ പൂര്‍ത്തിയാകുന്ന വായ്പകളാണ് സാധാരണ ഗതിയില്‍ ബാങ്കുകള്‍ എഴുതി തള്ളാറുള്ളത്.
2014-2015 സാമ്പത്തിക വര്‍ഷത്തില്‍ അധികാരത്തിലേറിയ നരേന്ദ്രമോദി സര്‍ക്കാര്‍ ഏകദേശം 5.7 ട്രില്യണ് രൂപയോളം വരുന്ന മോശം വായ്പകള്‍ എഴുതി തള്ളിയെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്തെ 21 പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് ആകെ എഴുതി തള്ളിയ നിഷ്‌ക്രിയ ആസ്തികള്‍ അവരുടെ ബാലന്‍സ് ഷീറ്റില്‍ നിന്ന് എടുത്ത കളഞ്ഞതില്‍ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.
2018 -2019 സാമ്പത്തിക വര്‍ഷത്തില്‍ രാ്ജ്യത്തെ 21 ബാങ്കുകള്‍ മൊത്തം എഴുതി തള്ളിയത് 1.9 ട്രില്യണ്‍ രൂപയുടെ മോശം വായ്പകളാണ്. മോദിസര്‍ക്കാര്‍ 2014 ന് ശേഷം എഴുതി തള്ളിയ വായ്പകളുടെ എണ്ണം ക്രമേണ വര്‍ധിച്ചിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ഷെഡ്യൂള്‍ഡ് ബാങ്കുകളേക്കാള്‍ പൊതുമേഖലാ ബാങ്കുകളാണ് മോശം വായ്പകള്‍ എഴുതി തള്ളിയത്. ഏകദേശം 90 ശതമാനത്തോളം വരുമിതെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കുകളിലൊന്നായ സ്റ്റേറ്റ് ബാങ്ക ഓഫ് ഇന്ത്യ ആകെ എഴുതി തള്ളിയത് മോശം വായ്പ 56,500 കോടി രൂപയോളമാണെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ഷെഡ്യൂള്‍ഡ് ബാങ്കിലെ നിഷ്‌ക്രിയ ആസ്തികള്‍ 2014-2015 നെ അപേക്ഷിച്ച് വര്‍ധിച്ചിട്ടുണ്ട്. 2014-2015 സാമ്പത്തിക വര്‍ഷത്തില്‍ ഷെഡ്യൂള്‍ഡ് ബാങ്കിലെ നിഷ്‌ക്രിയ ആസ്തി 3.2 ട്രില്യണ്‍ രൂപയോളമാണെങ്കില്‍ 2018-2019 സാമ്പത്തിക വര്‍ഷത്തില്‍ 9.4 ട്രില്യണ്‍ രൂപയായി ഉയര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്.