
ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ തമ്മിലുള്ള വ്യത്യാസങ്ങള്‍ എളുപ്പം മനസ്സിലാകാന്‍ ജനത്തെ സഹായിക്കുന്ന പരിഷ്‌കാരങ്ങള്‍ ഇന്‍ഷുറന്‍സ് റഗുലേറ്ററി ആന്‍ഡ് ഡവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ മുന്നോട്ടുവച്ചു. വാങ്ങിക്കഴിഞ്ഞാല്‍ മാറ്റം വരുത്താനോ മറ്റൊന്നു വാങ്ങാനോ ബുദ്ധിമുട്ടുള്ള ആരോഗ്യ പോളിസികള്‍ ആദ്യമേ മനസ്സിലാക്കി വേണം തിരഞ്ഞെടുക്കാന്‍. ഇതിന് ഇടപാടുകാരെ സഹായിക്കാന്‍ പോളിസികള്‍ക്ക് കളര്‍ കോഡിങ് ഏര്‍പ്പെടുത്താന്‍ പോകുന്നു.
പോളിസി രേഖകളിലും കമ്പനികളുടെ വെബ്‌സൈറ്റ്, പരസ്യങ്ങള്‍, ലഘുലേഖകള്‍ തുടങ്ങിയവയിലുമൊക്കെ പച്ച, ഓറഞ്ച്, ചുവപ്പ് എന്നീ നിറങ്ങളിലൊന്ന് രേഖപ്പെടുത്തിയിരിക്കും. ആര്‍ക്കും എളുപ്പത്തില്‍ മനസ്സിലാക്കാവുന്ന ലളിതമായ പോളിസികളിലാണ് പച്ച നിറം കാണുക. താരതമ്യേന ഇടത്തരം സങ്കീര്‍ണതകളുള്ള പോളിസികളില്‍ ഓറഞ്ച് നിറമായിരിക്കും. പോളിസിയുടെ നിറം ചുവപ്പാണെങ്കില്‍ കുഴഞ്ഞു മറിഞ്ഞ വകുപ്പുകളാല്‍ സങ്കീര്‍ണമായ പോളിസി ആണെന്ന് മനസ്സിലാക്കാം. ഓറഞ്ച്, ചുവപ്പ് പോളിസികള്‍ കൂടുതല്‍ വ്യക്തമായി മനസ്സിലാക്കിയിട്ടു വേണം വാങ്ങാന്‍.
കടപ്പത്രങ്ങള്‍, സ്ഥിര നിക്ഷേപങ്ങള്‍ തുടങ്ങിയവ വാങ്ങും മുന്‍പേ അവയുടെ റേറ്റിങ് നോക്കി മെച്ചപ്പെട്ട ഗ്രേഡില്‍ ഉള്ളവ തിരഞ്ഞെടുക്കാനുള്ള അവസരം നിക്ഷേപര്‍ക്കു ലഭിക്കുന്നുണ്ട്. ഇതേ രീതിയില്‍ ആരോഗ്യ പോളിസികള്‍ക്കും ഗ്രേഡിങ് സ്‌കോര്‍ വരുന്നു. പോളിസി വാങ്ങുംമുന്‍പ് കുഞ്ഞക്ഷരങ്ങളില്‍ കുറിച്ചിട്ടിരിക്കുന്ന നിബന്ധനകള്‍ വായിച്ചുനോക്കി കാര്യങ്ങള്‍ ഗ്രഹിച്ചു വേണ്ടതേതെന്ന് തീരുമാനമെടുക്കാന്‍ സാധാരണക്കാര്‍ക്കു മാത്രമല്ല ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത ഉള്ളവര്‍ക്കുപോലും പലപ്പോഴും സാധിക്കാത്ത അവസ്ഥയുണ്ട്.
ഓരോ പോളിസിയുടെയും പ്രധാനപ്പെട്ട 7 വ്യവസ്ഥകള്‍ അടിസ്ഥാനമാക്കി പോളിസികള്‍ക്കു സ്‌കോര്‍ നല്‍കും. 0 മുതല്‍ 6 വരെ. ക്ലെയിം വരുമ്പോള്‍ ഇടപാടുകാരന്‍ സ്വന്തം പോക്കറ്റില്‍ നിന്നു വഹിക്കേണ്ടിവരുന്ന 'കോ പേ', ചികിത്സച്ചെലവു പൂര്‍ണമായും ക്ലെയിമില്‍ ഉള്‍പെടുത്താത്ത 'ഡിഡക്ടിബിള്‍' വകുപ്പ്, നേരത്തേ നിലനിന്നിരുന്ന അസുഖങ്ങള്‍ക്കു പരിരക്ഷയ്ക്കായി കാത്തിരിക്കേണ്ടിവരുന്ന കാലം, സ്ഥിരമായി ഒഴിവാക്കിയിരിക്കുന്ന അസുഖങ്ങളുടെ എണ്ണം, പാലിക്കേണ്ട വ്യവസ്ഥയുടെയും നിബന്ധനകളുടെയും കാഠിന്യം എന്നിങ്ങനെ തുല്യ പ്രാധാന്യമുള്ള 7 ഘടകങ്ങളുടെ പ്രതിഫലനമായിരിക്കും പോളിസിയുടെ സ്‌കോര്‍. സ്‌കോറിനോടൊപ്പം കളര്‍ കൂടി ചേരുമ്പോള്‍ ഒറ്റനോട്ടത്തില്‍ കാര്യങ്ങള്‍ വ്യക്തമാകും.
വകുപ്പുകളുടെ ക്രമം മാറ്റുക, തമ്മില്‍ യോജിപ്പിക്കുക, വാചകങ്ങള്‍ വ്യത്യാസപ്പെടുത്തുക എന്നിങ്ങനെ, പോളിസികളില്‍ ദുരൂഹത വര്‍ധിപ്പിക്കാന്‍ പല കമ്പനികളും ശ്രമിക്കാറുണ്ട്. പോളിസികളില്‍ സ്ഥിരമായി ഒഴിവാക്കിയിരിക്കുന്ന അസുഖങ്ങളുടെ കാര്യത്തില്‍ കമ്പനികള്‍ പലവിധ നിലപാടുകളെടുക്കുന്നു. ഇവിടെയാണ് ഐആര്‍ഡിഎഐ ഈയിടെ പുറപ്പെടുവിച്ച സര്‍ക്കുലര്‍ സഹായകമാകുക. രാജ്യത്ത് വില്‍ക്കുന്ന ആരോഗ്യ പോളിസികളില്‍ ഒഴിവാക്കാന്‍ പാടില്ലാത്ത അസുഖങ്ങളുടെ പട്ടിക തന്നെ ഇറക്കിയിട്ടുണ്ട്.
പല പോളിസികളിലും ഒഴിവാക്കപ്പെട്ട, കൃത്രിമമായി ജീവന്‍ നിലനിര്‍ത്തുന്നതിനുള്ള ചെലവുകള്‍, അമിതരക്തസ്രാവം ഉള്‍പ്പെടയുള്ള ആര്‍ത്തവ സംബന്ധമായ അസുഖങ്ങള്‍, മാനസിക രോഗങ്ങള്‍ തുടങ്ങി സാധാരണ കണ്ടുവരുന്ന അസുഖങ്ങളാണ് നിശ്ചയമായും ഉള്‍പെടുത്തിയിരിക്കണമെന്ന് ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. പോളിസിയുടെ ഉള്ളുകള്ളികള്‍ മനസ്സിലാക്കി ഓരോത്തരും അനുയോജ്യമായ പോളിസികള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം.