
ചിക്കുന്‍ഗുനിയ, ഡെങ്കി, മലേറിയ പോലുള്ള കൊതുക് ജന്യ രോഗങ്ങള്‍ക്കും ഇനി ആരോഗ്യ ഇന്‍ഷൂറന്‍സ് പരിരക്ഷ. ഇത്തരം പകര്‍ച്ചവ്യാധികളുടെ ചികിത്സയും പരിധിയിലാക്കുന്ന വിധം സ്റ്റാന്‍ഡേര്‍ഡ് ഇന്‍ഷൂറന്‍സ് ഉത്പന്നങ്ങള്‍ പുറപ്പെടുവിക്കുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ ഇന്‍ഷൂറന്‍സ് റെഗുലേറ്ററി അതോറിറ്റി പുറത്തിറക്കി. ഫൈലേറിയ, കരിമ്പനി, സിക്ക വൈറസ് പനി, ജാപ്പനിസ് ജ്വരം എന്നിവയ്ക്കും പരിരക്ഷയുണ്ടാകും.
കമ്പനികള്‍ക്ക് ഇതില്‍ ഏതെങ്കിലും ഒന്നിന് വേണ്ടിയോ ഒന്നിലധികം എണ്ണങ്ങള്‍ ഒരുമിച്ചോ പാക്കേജില്‍ ഉള്‍പ്പെടുത്താം. ഇത്തരം പോളിസികള്‍ക്കും 15 ദിവസത്തെ വെയിറ്റിംഗ് പീരിയഡാവും ഉണ്ടാവുക. കോവിഡിന് ചികിത്സാ പരിരക്ഷയുള്ള ആരോഗ്യ ഇന്‍ഷൂറന്‍സ് പുറത്തിറക്കിയതിന്റെ ചുവട് പിടിച്ചാണ് ഈ പകര്‍ച്ച വ്യാധികളെയും ഇന്‍ഷൂറന്‍സിന്റെ ഭാഗമാക്കുന്നത്. കോവിഡ് ഇന്‍ഷൂറന്‍സിനും വെയിറ്റിംഗ് പീരിയഡ് 15 ദിവസമായിരുന്നു.
ഇതിനുള്ള പ്രീമിയം കുറഞ്ഞ നിരക്കിലായിരിക്കണമെന്നും രാജ്യത്താകമാനം ഒരേ നിരക്കാവണമെന്നും ഐആര്‍ഡിഎഐ കമ്പനികളോട് നിര്‍ദേശിച്ചിട്ടുണ്ട്. അതായത് ഓരോ സംസ്ഥാനം/ മേഖല തിരിച്ച് പ്രീമിയത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാന്‍ പാടില്ല. സ്റ്റാന്‍ഡേര്‍ഡ് ഇന്‍ഷൂറസ് ഉല്‍പ്പന്നത്തില്‍ എല്ലാ കമ്പനികളും ഒരസുഖത്തിന്റെ കവറേജിന്റെ കാര്യത്തില്‍ ഏകരൂപമുള്ളവരായിരിക്കും.
ഡെങ്കിയ്ക്ക് സാധാരണയായി ചികിത്സാ ചെലവ് വരുന്നത് 25,000-70,000 രൂപ നിരക്കിലാണ്. മറ്റ് അസുഖങ്ങള്‍ക്കും മോശമല്ലാത്ത ആശുപത്രി ചിലവുകള്‍ ഉണ്ടാകാറുണ്ട്. ചിക്കുന്‍ഗുനിയ പോലുള്ളവയ്ക്ക് പിന്നീട് ഇതിന്റെ ആരോഗ്യ പ്രതിസന്ധി വര്‍ഷങ്ങളോളം രോഗിയെ അലട്ടിക്കൊണ്ടിരിക്കുകയും ചെയ്യും.