
ഡല്‍ഹി: അടുത്തിടെ സമൂഹ മാധ്യമത്തില്‍ ഏറ്റവും വൈറലായ ഒന്നാണ് ഫേസ് ആപ്പ്. യുവാക്കളായവരുടെ മുഖം പ്രായമായാല്‍ എങ്ങനെയിരിക്കുമെന്ന് കാട്ടിത്തരുന്ന ആപ്പിന് ഒട്ടേറെ ആരാധകരും ഒഴുകിയെത്തി. നിമിഷങ്ങള്‍ക്കകം ഫേസ്ബുക്കിലടക്കം ഫേസ് ആപ്പ് ചിത്രങ്ങള്‍ പ്രചരിക്കുകയും ചെയ്തു. എന്നാല്‍ ഇവയുടെ സുരക്ഷ സംബന്ധിച്ച് ആശങ്ക ഉയര്‍ന്നിരിക്കുന്ന വേളയിലാണ് അപ്‌ലോഡ് ചെയ്യപ്പെടുന്ന ചിത്രങ്ങള്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്ന് അനലിസ്റ്റുകള്‍ വിശദീകരിക്കുന്നത്.
ദേശീയ സുരക്ഷയെ അടക്കം ബാധിക്കാന്‍ സാധ്യതയുള്ള തരത്തില്‍ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടാമെന്നും ആപ്പിന്റെ നിബന്ധനകള്‍ കൃത്യമായി വായിച്ചറിഞ്ഞ ശേഷം മാത്രമേ ഉപയോഗിക്കാവൂ എന്നും അധികൃതര്‍ വ്യക്തമാക്കുന്നു. അമേരിക്കന്‍ സ്ഥാപനമായ എഫ്ടിഐയിലെ വിദഗ്ധരാണ് ഇത് സംബന്ധിച്ച് വിശദീകരണവുമായി രംഗത്തെത്തിയത്. ത്രീഡി ഫേസ് പ്രിന്റിങ്ങിന് മുതല്‍ വ്യാജ വീഡിയോയ്ക്ക് വരെ ഇത് കാരണമാക്കുമെന്നാണ് അധികൃതര്‍ പങ്കുവെക്കുന്ന ആശങ്ക. ഈ വേളയിലാണ് 154 രാജ്യങ്ങളിലെ ഐഫോണ്‍ ഡൗണ്‍ലോഡ്‌സില്‍ ഫേസ്ആപ്പ് ഒന്നാംറാങ്കില്‍ എത്തിയതായി റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നത്.
ഫേസ്ആപ്പ് വഴി എഡിറ്റ് ചെയ്യപ്പെടുന്ന ചിത്രങ്ങള്‍ക്ക് ഒരിക്കലും അവസാനിക്കാത്തതും മാറ്റാന്‍ കഴിയാത്തതുമായ റോയല്‍റ്റി ആപ്ലിക്കേഷന് സ്വന്തമാണെന്ന് ആപ്പ് നിബന്ധന വയ്ക്കുന്നു. ഒപ്പം ആപ്പിലെത്തുന്ന ചിത്രങ്ങള്‍ അവര്‍ക്ക് ആവശ്യമുള്ള എവിടെയും ഉപയോഗിക്കാന്‍ അവര്‍ക്ക് അവകാശമുണ്ടെന്നും വ്യക്തമാക്കുന്നുണ്ട്. ബുധനാഴ്ച അമേരിക്കന്‍ സെനറ്റ് അംഗമായ ചക്ക് ഷമ്മര്‍ ഫേസ് ആപ്പിനെതിരെ അന്വേഷണം ആവശ്യപ്പെട്ടത് വലിയ വാര്‍ത്തയായിരുന്നു.
അമേരിക്കയ്‌ക്കെതിരെ സൈബര്‍ ആക്രമണങ്ങള്‍ നടത്താറുള്ള റഷ്യയില്‍ നിന്നുളളതാണെന്നതാണ് ആപ്പിനെ സംബന്ധിച്ച് ആശങ്ക വര്‍ധിക്കാന്‍ കാരണം. ഫേസ് ആപ്പ് ദേശസുരക്ഷയ്ക്ക് ഭീഷണിയോ വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണോ എന്ന് പരിശോധിക്കണമെന്ന് ചൂണ്ടിക്കാട്ടി ഉപഭോക്തൃ സംരക്ഷണ സമിതി ഉള്‍പ്പെടെയുള്ള ഏജന്‍സികളോടും ചക്ക് ഷമ്മര്‍ ഇക്കാര്യം ആവശ്യപ്പെട്ടു.
ഫേസ് ആപ്പ് നിര്‍മ്മാതാക്കളായ റഷ്യന്‍ കമ്പനി വയര്‍ലെസ് ലാബ്‌സ് ഈ ആരോപണങ്ങള്‍ എല്ലാം തള്ളിക്കളയുന്നുണ്ട്. നിങ്ങളുടെ വിവരങ്ങള്‍ മറ്റ് കമ്പനികള്‍ക്ക് വില്‍പന നടക്കുന്നില്ലെന്നും. ഉപയോഗത്തിന് ശേഷം 48 മണിക്കൂറിനുള്ളില്‍ തന്നെ ഉപയോക്താവിന്റെ ചിത്രം സെര്‍വറില്‍ നിന്ന് നീക്കം ചെയ്യാറുണ്ടെന്നും ഇവര്‍ അവകാശപ്പെടുന്നു. എന്നാല്‍ ഫോട്ടോകളുടെ സമ്പൂര്‍ണ്ണ അധികാരം മാത്രമല്ല ഫേസ്ആപ്പ് കുരുക്ക് വേറെയും ഉണ്ടെന്നാണ് പുതിയ വാര്‍ത്ത.
സയന്‍സ് അലെര്‍ട്ടില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ യൂണിവേഴ്‌സിറ്റി അഡ്‌ലെയ്ഡിലെ നിയമ വിഭാഗം അദ്ധ്യാപകന്‍ മാര്‍ക്ക് ഗിനക്‌സ്പാരോ ഈ കുരുക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യും മുന്‍പ് വരുന്ന നിബന്ധനകളിലാണ് കുരുക്ക്. ഇതില്‍ ഏറ്റവും പ്രധാനം 15മത്തെ നിബന്ധനയാണ്. ഇത് പ്രകാരം നിങ്ങള്‍ക്ക് ഫേസ്ആപ്പിനെതിരെ എന്തെങ്കിലും തരത്തിലുള്ള നിയമനടപടി നടത്തുക എന്നത് അസാധ്യമാണെന്ന് പറയാം.
കാരണം ഏതെങ്കിലും തരത്തില്‍ ഫേസ്ആപ്പിനെതിരെ ലോകത്ത് എവിടെ കേസ് നടത്താനും ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് 30 ദിവസത്തിനുള്ളില്‍ റഷ്യയിലെ ഫേസ്ആപ്പിന്റെ ഓഫീസിലേക്ക് കത്ത് എഴുതി (ഇ-മെയില്‍ അല്ലെന്നത് പ്രത്യേകം ശ്രദ്ധിക്കുക) റജിസ്ട്രര്‍ ചെയ്യണം. അതായത് ആപ്പിന്റെ 100 മില്ല്യണ്‍ ഉപയോക്താക്കള്‍ക്ക് ഇനി ആപ്പിനെതിരെ ഒരു നിയമനടപടിയും സാങ്കേതികമായി നടത്താന്‍ സാധിക്കില്ല.