
എല്‍ഐസി ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡ് പുതിയ ഭവനവായ്പ അവതരിപ്പിച്ചു. 'പേ വെന്‍ യു സ്റ്റേ' എന്ന പുതിയ ഭവന വായ്പ പദ്ധതിയാണ് അവതരിപ്പിച്ചത്. 2020 ഹോം ലോണ്‍ ഓഫര്‍ പ്രകാരം നിര്‍മ്മാണം പൂര്‍ത്തിയാവുന്നതുവരെ വായ്പ തിരിച്ചടവ് ആവശ്യപ്പെടില്ലെന്നതാണ് പുതിയ പദ്ധതിയുടെ പ്രത്യേകത. ഇനി 'റെഡി ടൂ മൂവ്' റെസിഡന്‍ഷ്യല്‍ വീടുകളാണെങ്കില്‍ ഈ ഓഫര്‍ പ്രകാരം വായ്പക്കാര്‍ക്ക് ആറ് തുല്യമായ പ്രതിമാസ തവണ (ഇഎംഐ) ഇളവ് ലഭിക്കുകയും ചെയ്യും.
ഇതൊരു പരിമിത കാല ഓഫര്‍ ആണെന്നും, 2020 ഫെബ്രുവരി 29 വരെ മാത്രമാണ് ഓഫര്‍ ലഭിക്കുക എന്നും കമ്പനി വ്യക്തമാക്കി. നിര്‍മ്മാണത്തിലിരിക്കുന്ന വീട് വാങ്ങുന്നതും ഒക്യുപേഷന്‍ സര്‍ട്ടിഫിക്കറ്റ് (ഒസി) ലഭിച്ച വീടുകളിലേക്ക് മാറാന്‍ തയ്യാറാകുന്നവര്‍ക്കുമാണ് ഈ ഓഫര്‍ ഉപകരികരിക്കുക. റെഡി ടു മൂവ് വീടുകള്‍ വാങ്ങുന്നവരുടെ പ്രയോജനത്തിനായി, വായ്പ കാലയളവില്‍ 6 ഇഎംഐകള്‍ വരെ എഴുതിത്തള്ളാന്‍ കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് പ്രസ്താവനയില്‍ പറയുന്നു
അഞ്ച്, പത്ത്, പതിനഞ്ച് വര്‍ഷത്തിന്റെ അവസാനത്തില്‍ 2 ഇഎംഐ വീതമായിരിക്കും ഇളവ് ലഭിക്കുക. വായ്പയെടുക്കുന്നയാള്‍ കൃത്യമായി തിരിച്ചടച്ചാലും ആദ്യത്തെ 5 വര്‍ഷത്തേക്ക് പ്രീ-പേയ്മെന്റ് നടത്താതിരിക്കുകയും ചെയ്താല്‍ മാത്രമേ ഈ ഓഫര്‍ ലഭിക്കുകയുള്ളൂ. റിയല്‍ എസ്റ്റേറ്റ് മേഖലയെ ബൂസ്റ്റ് ചെയ്യുക, വീട് വാങ്ങുന്നവരെ സാമ്പത്തികമായി സഹായിക്കുക എന്നിവയാണ് എല്‍ഐസി ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് എല്‍ഐസിഎച്ച്എഫ്എല്‍ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ സിദ്ധാര്‍ത്ഥ മൊഹന്തി പറഞ്ഞു.