
നിരത്തിലെത്തി അഞ്ചു വര്‍ഷത്തിനിടെ പ്രീമിയം സെഡാനായ സിയാസ് 2.70 ലക്ഷം യൂണിറ്റ് വില്‍പന കൈവരിച്ചതായി നിര്‍മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്. മുന്തിയ വകഭേദമായ ആല്‍ഫയാണു സിയാസിന്റെ മൊത്തം വില്‍പ്പനയില്‍ 54 ശതമാനവും സംഭാവന ചെയ്യുന്നതെന്നും കമ്പനി അവകാശപ്പെട്ടു. സിയാസിന്റെ ഇതുവരെയുള്ള മൊത്തം വില്‍പ്പനയില്‍ 17 ശതമാനത്തോളം ഓട്ടമാറ്റിക് ട്രാന്‍സ്മിഷനുള്ള കാറുകളായിരുന്നെന്നാണു കണക്ക്. വില്‍പ്പനയില്‍ മുന്നിലുള്ള നിറം നെക്‌സ ബ്ലൂവാണ്. വിറ്റഴിഞ്ഞ 'സിയാസി'ല്‍ 30 ശതമാനത്തിലേറെ ഈ നിറത്തിലുള്ളവയാണെന്നും മാരുതി സുസുക്കി വെളിപ്പെടുത്തി.
ഇന്ത്യയില്‍ 2014ല്‍ അരങ്ങേറിയ സിയാസിന്റെ മത്സരം ഹോണ്ട സിറ്റിയോടും ഹ്യുണ്ടേയ് വെര്‍ണയോടുമൊക്കെയാണ്. ഇടത്തരം സെഡാന്‍ വിഭാഗത്തില്‍ സിയാസിന് 30% വിപണി വിഹിതമാണു മാരുതി സുസുക്കി അവകാശപ്പെടുന്നത്. കടുത്ത മത്സരത്തിനു വേദിയായ പ്രീമിയം സെഡാന്‍ വിപണിയില്‍ അരങ്ങേറ്റം മുതല്‍ മികച്ച പ്രകടനമാണു സിയാസ് കാഴ്ചവയ്ക്കുന്നതെന്നു മാരുതി സുസുക്കി ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍(മാര്‍ക്കറ്റിങ് ആന്‍ഡ് സെയില്‍സ്) ശശാങ്ക് ശ്രീവാസ്തവ വിലയിരുത്തുന്നു. ഇന്ത്യന്‍ ഉപയോക്താക്കളുമായി ദൃഢമായ ബന്ധം സ്ഥാപിച്ചെടുക്കുന്നതില്‍ വിജയിച്ച സിയാസിന്റെ വിപണി വിഹിതം 30 ശതമാനത്തിലേറെയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഓട്ടമാറ്റിക് ട്രാന്‍സ്മിഷന്‍ സാധ്യതയ്‌ക്കൊപ്പം സ്മാര്‍ട് ഹൈബ്രിഡ് സാങ്കേതികവിദ്യയുടെ സാന്നിധ്യവും സിയാസിന്റെ സ്വീകാര്യത വര്‍ധിപ്പിക്കുന്നുണ്ടെന്നു ശ്രീവാസ്തവ കരുതുന്നു. സ്ഥലസൗകര്യവും യാത്രാസുഖവും മികച്ച സാങ്കേതികവിദ്യയുമൊക്കെയുള്ള സൗകര്യങ്ങളിലും സംവിധാനങ്ങളിലും വിട്ടുവീഴ്ച ചെയ്യാന്‍ ആഗ്രഹിക്കാത്ത ഉപയോക്താക്കളുടെ ഇഷ്ട മോഡലാണു സിയാസ് എന്നും അദ്ദേഹം വിശദീകരിച്ചു. നിലവില്‍ പ്രീമിയം ഡീലര്‍ഷിപ് ശൃംഖലയായ നെക്‌സ വഴി വില്‍പ്പനയ്‌ക്കെത്തുന്ന സിയാസില്‍ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ മാരുതി സുസുക്കി കാര്യമായ പരിഷ്‌കാരവും നടപ്പാക്കിയിരുന്നു. പുതിയ 1.5 ലീറ്റര്‍, കെ 15 സ്മാര്‍ട് ഹൈബ്രിഡ് പെട്രോള്‍ എന്‍ജിന്‍ അരങ്ങേറിയതിനൊപ്പം ലിതിയം അയോണ്‍ ബാറ്ററിയുടെ പിന്‍ബലത്തോടെ സ്മാര്‍ട് ഹൈബ്രിഡ് വെഹിക്കിള്‍ ബൈ സുസുക്കി (എസ് എച്ച് വി എസ്) എന്ന മൈല്‍ഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയും കമ്പനി കാറില്‍ അവതരിപ്പിച്ചു.