
പൂനെ: കോവിഡ്-19 രോഗികളെ ചികിത്സിക്കാന്‍ താല്‍ക്കാലിക ആശുപത്രിയുമായി പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മെഴ്സിഡെസ് ബെന്‍സ്. പൂനെയ്ക്ക് സമീപമുള്ള ചകന്‍ഖഡിലെ മാലുഗേ ഇംഗാലേ ഗ്രാമത്തിലാണ് മെഴ്സിഡെസ് ബെന്‍സിന്‍റെ താത്കാലിക ആശുപത്രിയൊരുങ്ങുന്നത്. 1500 കിടക്ക സൗകര്യമുള്ള ഐസൊലേഷന്‍ വാര്‍ഡ് അടക്കമുള്ള താത്കാലിക ആശുപത്രിയാണ് ഒരുങ്ങുന്നത്.
ജില്ലാ ഭരണകൂടവുമായി ചേര്‍ന്നാണ് ഇതിന്റെ നിര്‍മ്മാണം. 374 കിടക്ക സൗകര്യമുള്ള താത്കാലിക ആശുപത്രി മെഴ്സിഡെസ് ബെന്‍സ് നേരത്തെ നിര്‍മ്മിച്ചിരുന്നു. ഒപി സൌകര്യം, ആശുപത്രി ഉപകരണങ്ങള്‍, വീല്‍ ചെയറുകള്‍, സ്ട്രെച്ചറുകള്‍, സാനിറ്റൈസറുകള്‍, വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ, വെന്‍റിലേറ്റര്‍ സൗകര്യം എന്നിവയെല്ലാം ആശുപത്രിയില്‍ ലഭ്യമായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ കൊവിഡ് 19 രോഗികളെ ചികിത്സിക്കാനായി വെന്‍റിലേറ്ററുകള്ളും കമ്പനി ലഭ്യമാക്കിയിരുന്നു.
അതുപോലെ പൂനെയ്ക്ക് സമീപമുള്ള ഗ്രാമങ്ങളിലെ ദിവസ വേതനക്കാരെയും ബെന്‍സ് സംരക്ഷിക്കുന്നുണ്ട്. ലോക്ക് ഡൗണിനെത്തുടര്‍ന്ന് കഷ്ടത്തിലായ നിരവധി കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായമുള്‍പ്പെടെ മെഴ്സിഡെസ് ബെന്‍സ് നൽകി വരുന്നു. ഗ്രാമങ്ങളില്‍ നിന്നുള്ള മാലിന്യ നിര്‍മാര്‍ജനത്തിനായും നിരവധി പദ്ധതികള്‍ മെഴ്സിഡെസ് ബെന്‍സ് അവതരിപ്പിച്ചിരുന്നു. 1600 കുടുംബങ്ങള്‍ക്കാണ് മെഴ്സിഡെസ് ബെന്‍സ് ദിവസം തോറും റേഷന്‍ നൽകുന്നത്. കൊവിഡ്-19 സാഹചര്യം മാറിയ ശേഷം താത്കാലിക ആശുപത്രിയിലെ ഉപകരണങ്ങള്‍ ആദിവാസി മേഖലയിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഇടങ്ങളിലെ ആശുപത്രികള്‍ക്കും ഹോസ്റ്റലുകള്‍ക്കും നല്‍കാനാണ് തീരുമാനമെന്നും മെഴ്സിഡെസ് ബെന്‍സ് വക്താവ് വ്യക്തമാക്കി.