
ചൈനീസ് കമ്പനിയായ എസ്എഐസിയുടെ ഉടമസ്ഥതയിലുള്ള ബ്രീട്ടീഷ് വാഹന നിര്‍മാതാക്കളായ എംജി മോട്ടോര്‍സ് ഈ വര്‍ഷമാണ് ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്. നിലവില്‍ ഹെക്ടര്‍, ZS ഇലക്ട്രിക്ക് എസ്യുവി എന്നിങ്ങനെ രണ്ട് മോഡലുകളാണ് ഇന്ത്യന്‍ വിപണിയില്‍ കമ്പനി അവതരിപ്പിച്ചത്. കമ്പനിയുടെ ആദ്യവാഹനമായ ഹെക്ടറിന്റെ വിജയത്തിന് പിന്നാലെയാണ് ഇലക്ട്രിക് മോഡലിനെ കമ്പനി വിപണിയില്‍ എത്തിക്കുന്നത്.
3000 കോടിയുടെ നിക്ഷേപത്തിനാണ് പുതിയതായി കളമൊരുങ്ങുന്നത്. ഗുജറാത്തില്‍ ഹാലോലില്‍ വാഹനനിര്‍മാണ ഫാക്ടറിയ്ക്കും അനുബന്ധ യൂനിറ്റുകളുടെ സ്ഥാപനത്തിനുമായി രണ്ടായിരം കോടിരൂപയുടെ നിക്ഷേപമാണ് എംജി നിലവില്‍ നടത്തുന്നത്. ഇന്ത്യയില്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികളാണ് തങ്ങള്‍ക്ക് ഉള്ളതെന്ന് കമ്പനി വ്യക്തമാക്കി. എംജി ആദ്യമായി ഇന്ത്യയിലെത്തിച്ച ഹെക്ടറിന്റെ വില്‍പ്പന 13,000 കടന്നു. അടുത്തിടെ അവതരിപ്പിച്ച ഇലക്ട്രിക്ക് ഇന്റര്‍നെറ്റ് എസ്യുവി ഉടന്‍ നിരത്തുകളിലെത്തും. ഇതിനെല്ലാം പിന്നാലെ, 2021 ന് എംജിയുടെ നാല് മോഡലുകള്‍ ഇന്ത്യയില്‍ എത്തിക്കാനാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നത്. ഹെക്ടറിന് മികച്ച പ്രതികരണം ലഭിച്ചതിനെ തുടര്‍ന്ന് നവംബര്‍ മാസം മുതല്‍ ഹെക്ടറിന്റെ ഉത്പാദനം വര്‍ദ്ധിപ്പിച്ചിരുന്നു. എംജിയുടെ സാന്നിധ്യം കൂടുതല്‍ സ്ഥലങ്ങളില്‍ എത്തിക്കുന്നതിനും സര്‍വീസ് സംവിധാനം കാര്യക്ഷമമാക്കുന്നതിനും 2020 മാര്‍ച്ച് മാസത്തോടെ 250 ഡീലര്‍ഷിപ്പുകള്‍ തുറക്കാനുള്ള ഒരുക്കത്തിലാണെന്നും കമ്പനി റിപ്പോര്‍ട്ട് ചെയ്തു.