
ലെനവോയുടെ ഫ്‌ളിപ്പ് മോഡല്‍ സ്മാര്‍ട്ട്‌ഫോണ്‍ മോട്ടോറോള റാസറിന്റെ പുതിയ മോഡല്‍ അനാവരണം ചെയ്തു.ലോസ് ഏഞ്ചല്‍സിലെ മാധ്യമ പരിപാടിയിലാണ് ഈ ഫോള്‍ഡബിള്‍ ഫോണ്‍ അവതരിപ്പിച്ചത്. പൂര്‍ണമായും മടക്കി വെച്ച് ഉപയോഗിക്കാവുന്നത്ര ഫ്‌ളക്‌സിബിള്‍ സ്‌ക്രീനാണ് ഈ സ്മാര്‍ട്ട്‌ഫോണിലുള്ളത്.
നോട്ടിഫിക്കേഷനുകള്‍,മ്യൂസിക്,ഗൂഗിള്‍ അസിസ്റ്റന്റ് തുടങ്ങിയവ നോക്കാന്‍ എക്‌സ്‌റ്റേണല്‍ ഡിസ്‌പ്ലേ ലഭ്യമാക്കാന്‍ രണ്ടാമതൊരു സ്‌ക്രീനും കൂടി ഈ ഫോണിന്റെ മുന്‍ഭാഗത്ത് തന്നെ സജ്ജമാക്കിയിട്ടുണ്ട്. ഇതുവരെ ഇറങ്ങിയ ഫോള്‍ഡബിള്‍ ഫോണുകള്‍ക്ക് ഇവന്‍ വന്‍വെല്ലുവിളിയായേക്കും. തുടക്കത്തില്‍ അമേരിക്കന്‍ വിപണിയില്‍ മാത്രമാണ് ഈ മോഡല്‍ ലഭ്യമാകുക.
വിലയും സവിശേഷതകളും
മോട്ടോറോള റാസര്‍ 2019 ,2020 ജനുവരി 9 മുതല്‍ യുഎസ് വിപണിയില്‍ ലഭ്യമായി തുടങ്ങും.ഈ വര്‍ഷം ഡിസംബര്‍ 26 മുതല്‍ ഓര്‍ഡറുകള്‍ സ്വീകരിച്ചു തുടങ്ങും. മോട്ടോറോള റാസര്‍ 2019 മോഡല്‍ ഇന്ത്യയിലേക്കും അധികം താമസിയാതെ എത്തിയേക്കും. എന്നാല്‍ പൂര്‍ണമായും സ്‌പെസിഫിക്കേഷനുകള്‍ പുറത്തുവിട്ടിട്ടില്ല. ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കായി വെബ്‌സൈറ്റില്‍ പുതിയൊരു രജിസ്‌ട്രേഷന്‍ പേജ് കമ്പനി ഉടന്‍ തന്നെ ആരംഭിക്കും. താല്‍പ്പര്യമുള്ള ഉപഭോക്താക്കള്‍ക്ക് .ഈ പേജില്‍ നിന്ന് വിവരങ്ങള്‍ ലഭിക്കും. മോട്ടോറോള റാസര്‍ ഫോള്‍ഡബിള്‍ ഫോണിന്റെ വില 1,499.99 ഡോളര്‍ അഥവാ ഏകദേശം 1,07,400 ഇന്ത്യന്‍ രൂപയാണ് . എന്നാല്‍ ഇന്ത്യന്‍വിപണിയിലെ വിലവിവരം പുറത്തുവിട്ടിട്ടില്ല. സാംസങ്ങിന്റെ ഗ്യാലക്‌സി ഫോള്‍ഡിന് 1,980 ഡോളറാണ് യുഎസിലെ വില. ഇന്ത്യയില്‍ 1,64,999 രൂപയാണ് വില.
മോട്ടോറോള റാസര്‍ 2019 പ്രത്യേകതകള്‍
പുതിയ ഫോള്‍ഡബിള്‍ മോഡല്‍ കാഴ്ചയില്‍ ഇപ്പോഴുള്ള മോട്ടോറോള റാസറിന്റെ അതേ ലുക്ക് തന്നെയാണ്. താഴെ അല്‍പ്പം വശങ്ങളില്‍ വളഞ്ഞ് കൊണ്ടുള്ള അതേ സ്‌റ്റൈല്‍ തന്നെ നല്‍കിയിരിക്കുന്നു. എന്നാല്‍ ബാക്കിയുള്ള എല്ലാ ഫീച്ചറുകളും പുതുക്കിയിട്ടുണ്ട്. വാട്ടര്‍ റീപ്പലന്റ് ഡിസൈനാണ് നല്‍കിയിരിക്കുന്നത്.
പ്രധാന ഡിസ്‌പ്ലേ 6.2 ഇഞ്ചാണ് .ഇത് ഫ്‌ളക്‌സിബിള്‍ ആണ്. OLED എച്ച്ഡി+ (876x2142പിക്‌സല്‍) സ്‌ക്രീനാണ് ഉള്ളത്. വീക്ഷണാനുപാതം 21.9 . നേരത്തെ സൂചിപ്പിച്ച പോലെ തന്നെ പൂര്‍ണമായും പകുതിയായി മടക്കാന്‍ സാധിക്കും. മടക്കികഴിഞ്ഞാല്‍ സ്‌ക്രീനിന്റെ രണ്ട് ഭാഗങ്ങള്‍ തമ്മില്‍ നേരിയ ഗ്യാപ് പോലും ഉണ്ടാകില്ലെന്ന് കമ്പനി അവകാശപ്പെടുന്നു. ഒരൊറ്റ സ്‌ക്രീന്‍ പോലെ തന്നെ ഫീല്‍ ചെയ്യും.ഇത് മടക്കി ഉപയോഗിക്കുമ്പോള്‍ തന്നെ ക്വിക്ക് വ്യൂ ഡിസ്പ്ലയുള്ള സെക്കണ്ടറി സ്‌ക്രീനും ഉപഭോക്താക്കള്‍ക്ക് ഉപയോഗിക്കാനാകുമെന്ന സവിശേഷതയുമുണ്ട്. ഇതുപയോഗിച്ച് സെല്‍ഫി എടുക്കുകയോ നോട്ടിഫിക്കേഷന്‍ നോക്കുകയോ മ്യൂസിക് പ്ലേ ചെയ്യുകയോ ആവാം.
നൂതന ടെക്‌നോളജിയായ ഓലെഡ് സ്‌ക്രീന്‍ ടെക്‌നോളജിയും അടിപൊളി ഹിഞ്ച് സംവിധാനവും ആണ് ഫോള്‍ഡബിള്‍ പെര്‍ഫക്ഷന് വേണ്ടി കമ്പനി ഉപയോഗിച്ചിരിക്കുന്നത്. ഫോണിന്റെ ഡിസ്‌പ്ലേ വളരെ ഒതുക്കമുള്ളതും കനംകുറഞ്ഞതുമാണ്.
16 മെഗാപിക്‌സല്‍ f/1.7 പ്രാഥമിക ഷൂട്ടറാണ് മോട്ടോറോള പാക്ക് ചെയ്തിരിക്കുന്നത്. ഫോണ്‍ മടക്കി ഉപയോഗിക്കുമ്പോള്‍ സെല്‍ഫി ക്യാമറയായും അല്ലാത്തപ്പോള്‍ പ്രൈമറി ഷൂട്ടറായും തന്നെ ഉപയോഗിക്കാം. രാത്രിയിലും ചിത്രങ്ങളുടെ പരിപൂര്‍ണത ഉറപ്പാക്കാന്‍ നൈറ്റ് വിഷന്‍ മോഡുള്ള സോഫ്റ്റ് വെയറാണ് ക്യാമറയിലേത്. അല്‍ അല്‍ഗോരിതങ്ങള്‍ വെളിച്ചം കുറഞ്ഞ ചിത്രങ്ങളും മികച്ചതാക്കുന്നു. കൂടാതെ അഞ്ച് മെഗാപിക്‌സല്‍ ഉള്ള ക്യാമറയും റാസറിലുണ്ട്. ആന്‍ഡ്രോയിഡ് 9 പൈ ഫീച്ചറും ഉള്‍പ്പെടുത്തിയിരിക്കുന്നു.
2510 എംഎഎച്ച് ബാറ്ററിയാണ് ഈ മോഡലിലുള്ളത്. 15w ഫാസ്റ്റ്ചാര്‍ജിങ് സപ്പോര്‍ട്ട് ചെയ്യുന്ന ബാറ്ററിയാണിത്.ബാറ്ററി ചെറിയ സൈസിലുള്ളതാണ്.ഒരു ദിവസത്തേക്ക് മുഴുവന്‍ ചാര്‍ജുണ്ടായിരിക്കുമെന്നാണ് കമ്പനിയുടെ വാഗ്ദാനം.ഫിംഗര്‍പ്രിന്റ് സെന്‍സര്‍,യുഎസ്ബി ടൈപ്പ് -സി പോര്‍ട്ട്, ഒക്ടാകോര്‍ ക്വാല്‍കം സ്‌നാപ്ഡ്രാഗണ്‍ പ്രൊസസ്സര്‍ ,6ജിബി റാം എന്നിവയും സവിശേഷതകളാണ്.
ഇ-സിം കാര്‍ഡ് മാത്രമാണ് മോട്ടോറോള റാസര്‍ ഫോള്‍ഡബിള്‍ മോഡല്‍ സപ്പോര്‍ട്ട് ചെയ്യുന്നത്. സാധാരണ ഫോണിലെ പോലെ സിം കാര്‍ഡ് സ്ലോട്ടുകളില്ല. എന്‍എഫ്‌സി സപ്പോര്‍ട്ട്,ബ്ലൂടൂത്ത് 5.0,വൈഫൈ 802.11എസി,4ജി,ജിപിഎസ് സവിശേഷതകളുമുണ്ട്. വെറും 205 ഗ്രാം മാത്രമാണ് ഈ മോഡലിന്റെ ഭാരം എന്നതും വലിയ പ്രത്യേകതയാണ്.