
മുംബൈ: ഡിസംബര്‍ 16 മുതല്‍ നെഫ്റ്റ് സേവനം 24 മണിക്കൂറും ലഭിക്കും. ആര്‍ബിഐയാണ് ഇതിനായി നടപടി സ്വീകരിച്ചത്. ബാങ്കുകളുടെ പ്രവര്‍ത്തനസമയത്തിന് ശേഷം ഇടപാടുകള്‍ ഓട്ടോമാറ്റിക് സംവിധാനത്തിലേക്ക് മാറുകയാണ് ചെയ്യുക. അവധി ദിവസങ്ങളിലും നെഫ്റ്റ് ട്രാന്‍സാക്ഷനുകള്‍ ഇനി നടത്താനാകുമെന്നതാണ് പ്രത്യേകത. എല്ലാ ബാങ്കുകളോടും നെഫ്റ്റ് സേവനം 24 മണിക്കൂറും ഉറപ്പുവരുത്താന്‍ ആര്‍ബിഐ നിര്‍ദേശം നല്‍കി.
ഡിജിറ്റല്‍ ഇടപാടുകള്‍ വിപുലമാക്കുന്നതിന്റെ ഭാഗമായാണ് ആര്‍ബിഐയുടെ പുതിയ തീരുമാനം.എന്‍ഇഎഫ്റ്റി പേയ്‌മെന്റ് സിസ്്റ്റം ഉപയോഗിച്ചാണ് വ്യക്തികള്‍,സ്ഥാപനങ്ങള്‍,കോര്‍പ്പറേറ്റുകള്‍ എന്നിവ ഏതെങ്കിലും ബാങ്കിന്റെ ബ്രാഞ്ചുകളിലേക്കും വ്യക്തികളുടെ അക്കൗണ്ടുകളിലേക്കും മറ്റും ഫണ്ട് ഇലക്ട്രോണിക് ട്രാന്‍സ്ഫര്‍ ചെയ്യുന്നത്. നിലവില്‍ രാവിലെ 8 മണിമുതല്‍ വൈകീട്ട് ഏഴ്മണിവരെയാണ് പ്രവൃത്തി ദിനങ്ങളില്‍ നെഫ്റ്റ് ഇടപാടുകള്‍ നടക്കുകയുള്ളൂ. ഈ സമയത്തിന് ശേഷം ഏതെങ്കിലും തരത്തിലുള്ള ഇടപാടുകള്‍ക്ക് ഐഎംപിഎസ് അടക്കമുള്ള പേയ്‌മെന്റ് സൗകര്യങ്ങളാണ് നിലവില്‍ ഉപയോഗിക്കുന്നത്. എല്ലാ ബാങ്കുകളും ഈ സൗകര്യം ഉറപ്പാക്കുന്നതോടെ ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ധിക്കുമെന്നാണ് ആര്‍ബിഐയുടെ കണക്കുകൂട്ടല്‍.രാത്രിയെന്നോ പകല്‍ എന്നോ വ്യത്യാസമില്ലാതെ സ്ഥാപനങ്ങള്‍ക്കോ വ്യക്തികള്‍ക്കോ നെഫ്റ്റ് ഇടപാടുകള്‍ സാധിക്കും.