
ന്യൂഡല്‍ഹി: റേറ്റിങ് ഏജന്‍സിയായ ക്രിസില്‍ ഇപ്പോള്‍ പുതിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ്. 2018-2019 സാമ്പത്തിക വര്‍ഷം പാപ്പരത്തെ നിയമ പ്രകാരം (ഐബിസി) മുഖേന 70,000 കോടി രൂപയുടെ നിഷ്‌ക്രിയ ആസ്തികള്‍ ബാങ്കുകള്‍ നേടിയെടുത്തതായി റേറ്റിങ് ഏജന്‍സിയായ ക്രിസില്‍ അഭിപ്രായപ്പെടുന്നു. 43 ശതമാനം വരെ എന്‍പിഎ വീണ്ടെടുത്തെന്നാണ് അഭിപ്രായം. അതേസമയം ഡെബ്റ്റ് റിക്കവറി ട്രിബ്യൂണല്‍,ലോക് അദാലത്ത് മുഖേന 35,500 കോടി രൂപ വീണ്ടെടുക്കാന്‍ സാധിച്ചെന്നാണ് ക്രിസില്‍ പ്രധാനമായും എടുത്തു പറയുന്നത്. ക്രിസിലിന്റെ അഭിപ്രായം ദേശീയ മാധ്യമങ്ങള്‍ വളരെ പ്രാധാന്യത്തോടെയാണ് വാര്‍ത്ത നല്‍കിയിട്ടുള്ളത്. എന്നാല്‍ പാപ്പരത്തെ നിയമം ഉപയോഗിച്ച് ഇതിന്റെയെല്ലാം ഇരട്ടിത്തുക ബാങ്കുകള്‍ക്ക് വീണ്ടെടുക്കാന്‍ സാധിച്ചിട്ടുണ്ട്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം 94 എന്‍പിഎ കേസുകളിലാണ് പരിഹാരം കണ്ടത്. പാപ്പരത്ത നിയമം വഴിയാണ് ഈ കേസുകളെല്ലാം ഒത്തുതീര്‍പ്പാക്കിയത്. ഇതോടെ 43 ശതമാനം കിട്ടാക്കടം വീണ്ടെടുക്കാന്‍ ഐബിസി മുഖേന ബാങ്കുകള്‍ക്ക് സാധിച്ചെന്നാണ് ക്രസില്‍ വിലയിരുത്തുന്നത്. ഐബിസി നിയമം എന്‍പിഎകളുടെ വര്‍ധനവ് ഇല്ലാതാക്കാന്‍ സഹായിച്ചെന്നാണ് ക്രിസില്‍ വിലയിരുത്തുന്നത്. 2018-2019 സാമ്പത്തിക വര്‍ഷം എന്‍പികളുടെ വര്‍ധനവ് 10 ശതമാനമായി ഐബിസി വഴി കുറക്കാന്‍ സാധിച്ചെന്നാണ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്. മുന്‍വര്‍ഷം ഇത് 11.5 ശതമാനമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാണിക്കുന്നത്.