
രാജ്യത്തെ ബാങ്കുകള്‍ വലിയ വെല്ലുവിളി തന്നെയാണ് നേരിടുന്നത്. ബാങ്കുകള്‍ വഴിയുള്ള തട്ടിപ്പുകള്‍ ഒരോവര്‍ഷവും അധികരിച്ചതായി ആര്‍ബിഐ പുറത്തുവിട്ട കണക്കുകളിലൂടെ വ്യക്തമാക്കുന്നു. പതിനൊന്ന് സാമ്പത്തിക വര്‍ഷങ്ങളില്‍ രാജ്യത്തെ ബാങ്കുകള്‍ വിധേയമായത് 50,000 ത്തിലധികം തട്ടിപ്പ് കേസുകള്‍ക്കെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ പ്രമുഖ ബാങ്കുകളായ എച്ച്ഡിഎഫ്‌സി, എസ്ബിഐ തുടങ്ങിയ മുന്‍നിര ബാങ്കുകളിലാണ് രാജ്യത്ത് ഏറ്റവുമധികം തട്ടിപ്പുകള്‍ നേരിട്ടതെന്ന് കണക്കുകളിലൂടെ വ്യക്തമാക്കുന്നു. ഇത് മൂലം ബാങ്കുകളുടെ മൂലധന ശേഷി കുറഞ്ഞതായും സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
2008- 2009 സാമ്പത്തിക വര്‍ഷം മുതല്‍ രാജ്യത്തെ ബാങ്കുകള്‍ നേരിട്ടത് 53,334 തട്ടിപ്പു കേസുകളാണ്. 11 സാമ്പത്തിക വര്‍ഷങ്ങളിലായി രാജ്യത്തെ ബാങ്കുകളില്‍ 2.05 ലക്ഷം കോടി രൂപയുടെ തട്ടിപ്പു കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആര്‍ബിഐ പുറത്തുവിട്ട റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നു. ഐസിഐസിഐ ബാങ്കില്‍ 5,033.81 കോടി രൂപയുടെ തട്ടിപ്പ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 6,811 കേസുകളാണ് ആകെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
സ്‌റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയില്‍ (എസ്ബിഐ) ആകെ റിപ്പോര്‍ട്ട് ചെയ്ത തട്ടിപ്പു കേസുകള്‍ 6,793 ആണ്. ഇതില്‍ 23,734.74 കോടി രൂബപയുടെ തട്ടിപ്പ് എസ്ബിഐയില്‍ നടന്നുവെന്നാണ് വ്യക്തമാക്കുന്നത്. അതേസമയം എച്ച്ഡിഎഫ്‌സി ബാങ്കില്‍ നടന്ന തട്ടിപ്പ് കേസുകളുടെ എണ്ണം 2,497 ആണ്. ഇതില്‍ 1,200.79 കോടി രൂപയുടെ തട്ടിപ്പ് നടന്നുവെന്നാണ് റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാട്ടുന്നത്.
ബാങ്ക് ഓഫ് ബറോഡയില്‍ റിപ്പോര്‍ട്ട് ചെയ്ത തട്ടിപ്പ് കേസുകളില്‍ 12,962.96 കോടി രൂപയുടെ തട്ടിപ്പാണ് നടന്നത്. അതേസമയം രാജ്യത്തെ പൊതുമേഖലാ ബാങ്കുകളില്‍ ഒന്നായ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 2,047 തട്ടിപ്പു കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. വജ്രവ്യാപാരി നീരവ് മോദിയടക്കമുള്ളവര്‍ ്തട്ടിപ്പ് നടത്തി മുങ്ങിയതില്‍ ബാങ്കില്‍ നടന്നത് ആകെ 28,700.74 കോടി രൂപയാണ്.
ആക്‌സിസ് ബാങ്കില്‍ 1,944 കേസുകളില്‍ 5,301.69 കോടി രൂപയുടെ തട്ടിപ്പാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. രാജ്യത്തെ വിവിധ ബാങ്കുകളില്‍ നടന്ന ആകെ തട്ടിപ്പ് കേസുകളില്‍ 2.05 ലക്ഷം കോടി രൂപയാണ് ബാങ്കിന് നഷ്ടപ്പെട്ടത്. 11 സാമ്പത്തിക വര്‍ഷങ്ങളില്‍ ബാങ്കുകള്‍ക്ക് തട്ടിപ്പില്‍ നഷ്ടപ്പെട്ടത് ഭീമമായ തുകയാണെന്നാണ് കണക്കുകളിലൂടെ പ്രധാനമായും സാക്ഷ്യപ്പെടുത്തുന്നത്.