
ലാഹോര്‍: വിവാഹത്തിന് സ്വര്‍ണം ഉള്‍പ്പെടെ പല വിലപ്പിടിപ്പുള്ള ലോഹങ്ങളാലുള്ള ആഭരണങ്ങള്‍ അണിയുന്നത് കണ്ടിട്ടുണ്ട്. പ്ലാറ്റിനം, വജ്രാഭരണങ്ങള്‍,സ്വര്‍ണം എന്നിവയാണ് സാധാരണ ഉപയോഗിക്കാറ്. ചിലര്‍ ഒരുവിധ ആഭരണങ്ങളും ഉപയോഗിക്കാതെ ശ്രദ്ധ നേടാറുമുണ്ട്. എന്നാല്‍ പാക്കിസ്ഥാനില്‍ നിന്നുള്ള ഒരു യുവതി തന്റെ കല്യാണത്തിന് അണിഞ്ഞ ആഭരണങ്ങള്‍ കണ്ട് മൂക്കത്ത് വിരല്‍ വെച്ചിരിക്കുകയാണ് സത്കാരത്തിന് എത്തിയവര്‍. ഈ വിവാഹം ഉടന്‍ വാര്‍ത്തയുമായി. തക്കാളികൊണ്ടുള്ള ആഭരണങ്ങളാണ് യുവതി അണിഞ്ഞിരിക്കുന്നത്.
പാകിസ്താനിലെ ലാഹോറിലായിരുന്നു ഈ വിവാഹം നടന്നത്. വധുവിന്റെ മാലയും വളയും തളയും ചുട്ടിയും തുടങ്ങി എല്ലാവിധ ആഭരണങ്ങളും തക്കാളികൊണ്ടാണ് ഉണ്ടാക്കിയിരിക്കുന്നത്. നല്ല ചുവന്നുതുടുത്ത തക്കാളി ആഭരണങ്ങളില്‍ വധു വളരെ സുന്ദരിയാണ്...എന്നാല്‍ വെറുമൊരു വ്യത്യസ്തയ്ക്ക് വേണ്ടിയല്ല വധു ഈ ആഭരണം തെരഞ്ഞെടുത്തത്. ഇതിന് പിന്നില്‍ വളരെ ഗൗരവമായ ഒരു കാര്യംകൂടിയുണ്ട്. പാകിസ്താനില്‍ തക്കാളി വില തീപോലെ പടരുകയാണ്. ഇന്ത്യയിലെ ഉള്ളി വിലയേക്കാളൊക്കെ ഏറെ മുമ്പിലാണ് വിപണിയില്‍ തക്കാളി വില. കിലോ തക്കാളിയ്ക്ക് 300 രൂപയാണ് വില. തക്കാളിയ്ക്ക് മാത്രമല്ല പല പച്ചക്കറികളും തൊട്ടാല്‍പൊള്ളും. ഈ സാഹചര്യത്തില്‍ എന്തുകൊണ്ടും തക്കാളിയേക്കാളും പച്ചക്കറികളേക്കാളും മുന്നേറാന്‍ സ്വര്‍ണത്തിന് പോലുമാകില്ലെന്ന ബോധ്യപ്പെടുത്തലാണ് ഈ വധുവിന്റേത്. വിപണിയില്‍ സ്വര്‍ണത്തിന്റെ വിലയില്‍ വന്‍ വര്‍ധനവാണ് സംഭവിച്ചിരിക്കുന്നത്. അതുപോലെ തന്നെ തക്കാളിയ്ക്കും ചില പച്ചക്കറികളും വില വളരെയധികമാണ്. അതുകൊണ്ടാണ് താന്‍ വിവാഹ ആഭരണായി തക്കാളി തെരഞ്ഞെടുത്തതെന്ന് യുവതി പറയുന്നു.
വിവാഹത്തിന് എത്തിയ പലരും വിപണിയില്‍ വില കുതിച്ചുകൊണ്ടിരിക്കുന്ന പൈന്‍ നട്ട്‌സും എന്‍വെലപ്പില്‍ വെഡ്ഡിങ് ഗിഫ്റ്റായി നല്‍കിയിട്ടുണ്ട്. കാരണം പൈന്‍ നട്ട്‌സിന്റെ വിലയും കുതിക്കുകയാണ്.നൈല ഇനായത്ത് എന്ന പാകിസ്താനി ജേണലിസ്റ്റാണ് വ്യത്യസ്തയായ ഈ വധുവിന്റെ ഹ്രസ്വ വീഡിയോ പങ്കുവെച്ചത്.