പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ നഷ്ടത്തില്‍ വന്‍ കുറവ്; നഷ്ടം 4,750 കോടി രൂപയായി കുറഞ്ഞു

May 29, 2019 |
|
Banking

                  പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ നഷ്ടത്തില്‍ വന്‍ കുറവ്; നഷ്ടം 4,750 കോടി രൂപയായി കുറഞ്ഞു

ന്യൂഡല്‍ഹി: രാജ്യത്തെ പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ സാമ്പത്തിക നഷ്ടം കുറഞ്ഞെന്ന് റിപ്പോര്‍ട്ട്. 2019 മാര്‍ച്ചിലവസാനിച്ച സാമ്പത്തിക വര്‍ഷത്തിലെ  നാലാം പാദത്തില്‍ ബാങ്കിന്റെ നഷ്ടത്തിലും, നീക്കിയിരിപ്പിലും വന്‍ കുറവുണ്ടായെന്നാണ് റിപ്പോര്‍ട്ട്. ബാങ്കിന്റെ അറ്റ സാമ്പത്തിക നഷ്ടം 4,750 കോടി രൂപയിലേക്കെത്തിയെന്നാണ് റിപ്പോര്‍ട്ടിലൂടെ പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്. 2017-2018 സാമ്പത്തിക വര്‍ഷം ഇതേ കാലയളവല്‍ 13,417 കോടി രൂപയാണ്  ബാങ്കിന് നഷ്ടം ഉണ്ടായിരുന്നത്. ബാങ്കിന്റെ സാമ്പത്തിക നഷ്ടം 65 ശതമാനം കുറക്കാന്‍ കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്. 

നിഷ്‌ക്രിയ ആസ്തികളുടെ നീക്കിയിരിപ്പ് കുറഞ്ഞതോടെ ബാങ്കിന്റെ സാമ്പത്തിക നഷ്ടത്തില്‍ വലിയ കുറവ് വരുത്താന്‍ സാധ്യമായിട്ടുണ്ടെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. നീരവ് മോദിയടക്കമുള്ളവര്‍ വായ്പ എടുത്ത് തിരിച്ചടക്കാതെ പോയതാണ് ബാങ്കിന്റെ സാമ്പത്തിക നഷ്ടം ഇത്രയധികം വര്‍ധിക്കാന്‍ കാരണമായത്.  

ബാങ്കിന്റെ വരുമാനത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വര്‍ധനവ് ഉണ്ടായതായി റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാണിക്കുന്നുണ്ട്. ജനുവരി മുതല്‍ മാര്‍ച്ച് വരെ ബാങ്കിന്റെ  വരുമാനം 14,725.13 കോടി രൂപയായി വര്‍ധിച്ചു. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 12,945.68 കോടി രൂപയായിരുന്നുവെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. നിഷ്‌ക്രിയ ആസ്തിയില്‍ കുറവ് വരുത്താന്‍ ബാങ്കിന് സാധ്യമായിട്ടുണ്ട്. 2018 മാര്‍ച്ച് അവസാനം വരെ 18.378 ശതമാനം നിഷ്‌ക്രിയ ഉണ്ടായിരുന്നത്, 2019 മാര്‍ച്ചിലേക്കെത്തിയപ്പോള്‍ 15.50 ശതമാനമായി കുറക്കാന്‍ സാധ്യമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പ്രധാനമായും എടുത്തു പറയുന്ന കാര്യം.

 

Related Articles

© 2025 Financial Views. All Rights Reserved