
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ വീണ്ടും വായ്പാ തട്ടിപ്പ് നടന്നതായി റിപ്പോര്‍ട്ട്. തട്ടിപ്പുമായി ബന്ധപ്പെട്ട തെളിവുകള്‍ ബാങ്ക് തന്നെ പുറത്തുവിടുകയും വിശദീകരിക്കുകയും ചെയ്തു. ഭൂഷണ്‍ പവര്‍ ആന്‍ഡ് സ്റ്റീല്‍ ലിമിറ്റഡ് (ബിപിഎസ്എല്‍) ആണ് വന്‍ തട്ടിപ്പ് നടത്തിയതെന്ന വിവരം ബാങ്ക് പുറത്തുവിട്ടത്. കമ്പനി ആകെ 3,805.15 കോടി രൂപയുടെ വന്‍ തട്ടിപ്പ് നടത്തിയെന്നാണ് ബാങ്ക് പറയുന്നത്. തട്ടിപ്പുമായി ബന്ധപ്പെട്ട പൂര്‍ണമായ വിവരങ്ങള്‍ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യക്ക് ബാങ്ക് കൈമാറുകയും ചെയ്തു. വജ്രവ്യപാരിയായ നീരവ് മോദിയടക്കമുള്ളവര്‍ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 13000 കോടി രരൂപയുടെ വായ്പാ തട്ടിപ്പ് നടത്തിയിരുന്നു. നീരവ് മോദിയില്‍ നിന്ന് വായ്പ തിരിച്ചുപിടിക്കുന്നതിനുള്ള നടപടികളുമായി ബാങ്ക് മുന്നോട്ടുപോകുന്നതിനിടയിലാണ് വീണ്ടും വായ്പാ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന കാര്യം ബാങ്ക് അധികൃതര്‍ തന്നെ വ്യക്തമാക്കുന്നത്.
ഭൂഷണ്‍ ആന്‍ഡ് പവര്‍ സ്റ്റീല്‍ ബാങ്കിന്റെ പണം വ്യാജ രേഖകള്‍ ഉണ്ടാക്കിയാണ് വന്‍ തട്ടിപ്പ് നടത്തിയിട്ടുള്ളതെന്നും, ബാങ്ക് കമ്പനിക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ബാങ്കില്‍ നിന്നെടുത്ത വായ്പയില്‍ വന്‍ തിരിമറികള്‍ നടന്നിട്ടുണ്ടെന്നും, ഫണ്ടിംഗ് ഉപയോഗത്തില്‍ തന്നെ വന്‍ കൃത്രിമം നടത്തിയിട്ടുണ്ടെന്നും ബാങ്ക് വ്യക്തമാക്കുന്നു. ഫോറന്‍സിക് അന്വേഷണത്തിലൂടെയും, പോലീസ് അന്വേഷണത്തിലൂടെയും തട്ടിപ്പിന്റെ രേഖകള്‍ കണ്ടെടുക്കാന്‍ സാധിച്ചുവെന്നാണ് വിവരം. അതേസമയം തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകള്‍ നിലവില്‍ പരിഗണിക്കുന്നത് എന്‍സിഎല്‍ടിയാണ്. അതേസമയം കമ്പനിക്ക് ബാങ്കില്‍ നിന്ന് ആകെ വായ്പയായി അനുവദിച്ചിട്ടുള്ളത് 1932.47 കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇന്ത്യയിലെ വിവിധ ബ്രാഞ്ചുകളില്‍ നിന്ന് ബാങ്ക് ആകെ തട്ടിപ്പ് നടത്തിയത് 3191.51 കോടി രൂപയും, ദുബായ് ശാഖയില്‍ നിന്ന് 345.74 കോടി രൂപയും, ഹോങ്കോംഗ് ശാഖയില്‍ നിന്ന് 267 കോടി രൂപയുമാണ് കമ്പനി തട്ടിപ്പ് നടത്തിയിട്ടുള്ളത്.
അതേസമയം പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13000 കോടി വായ്പാ തട്ടിപ്പ് നടത്തിയ നീരവ് മോദിക്കെതിരെ രാജ്യത്തെ അന്വേഷണ ഏജന്‍സികള്‍ കര്‍ശനമായ നടപടിയാണ് ഇപ്പോള്‍ സ്വീകരിച്ചുവരുന്നത്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13,000 കോടി രൂപ അന്യായമായി വാപയെടുത്ത് മുങ്ങുകയും, ഇപ്പോള്‍ ലണ്ടന്‍ ജയിലില്‍ തടവുകാരനായി കഴിയുകയും ചെയ്യുന്ന നീരവ് മോദിയുടെ നാല് സ്വിസ് ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും ചെയ്തിട്ടുണ്ട്. രാജ്യത്തെ ഏറ്റവും വലിയ അന്വേഷണ ഏജന്‍സിയായ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഇടപെടലിലാണ് സ്വിറ്റ്സര്‍ലാന്‍ഡ് സര്‍ക്കാര്‍ നാല് സ്വിസ് ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച് നിയമ നടപടിക്ക് വിധേയമാക്കിയത്.
നീരവ് മോദിയുടെ നാല് അക്കൗണ്ടുകളിലും ആകെയുണ്ടായിരുന്നത് 283.16 കോടി രൂപയാണ്. Prevention of Money Laundering Act (PMLA) ആക്ട് പ്രകാരമാണ് എന്‍ഫോഴ്സ്മെന്റ് അധികൃതര്‍ സ്വിസ്റ്റര്‍ലാന്‍ഡ് സര്‍ക്കാറിനോട് അക്കൗണ്ട് മരവിപ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. നീരവ് മോദി പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് അന്യായമായി വായ്പയെടുത്ത് സ്വിസ് ബാങ്കില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കൂടുതല്‍ നടപടിയുമായി മുന്നോട്ടുപോകാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തീരുമാനിച്ചത്. അതേസമയം ലണ്ടന്‍ കോടതി നാലാം തവണയും നീരവ് മോദിയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. നീരവ് മോദിക്ക് ജാമ്യം നല്‍കിയാല്‍ അന്വേഷണവുമായി ബന്ധപ്പെട്ട തെളിവുകള്‍ നശിപ്പിക്കപ്പെടുമെന്നും, സാക്ഷികളെ സ്വാധീനിക്കുമെന്നും കോടതി നിരീക്ഷിച്ചിരുന്നു.