
കൊച്ചി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പണ നയ സമിതിയുടെ (എംപിസി) യോഗത്തിന് ഇന്ന് മൂംബൈയില്‍ തുടക്കം. പണ, വായ്പ നയ പ്രഖ്യാപനം വ്യാഴാഴ്ചയാണ്. നിലവിലെ വായ്പനിരക്കുകള്‍ തുടരാനായിരിക്കും തീരുമാനിക്കുക എന്നും അതല്ല, ഇളവു പ്രഖ്യാപിക്കാനാണു സാധ്യതയെന്നും സാമ്പത്തിക നിരീക്ഷകര്‍ക്കിടയില്‍ ഭിന്നാഭിപ്രായം നിലനില്‍ക്കുന്നു.
വാണിജ്യ ബാങ്കുകള്‍ക്ക് ആര്‍ബിഐ നല്‍കുന്ന വായ്പ (റീപ്പോ) യുടെ നിരക്കില്‍ മാറ്റം വരുത്താന്‍ ആര്‍ബിഐ തല്‍ക്കാലം തയാറാകില്ലെന്നു കരുതുന്ന ധനസ്ഥാപനങ്ങളും റേറ്റിങ് ഏജന്‍സികളും സാമ്പത്തിക വിദഗ്ധരും മറ്റും നിരത്തുന്ന കാരണങ്ങള്‍:
ഫെബ്രുവരിയിലും ഏപ്രിലിലും നിരക്കില്‍ 0.25% വീതം ഇളവു വരുത്തിയതിനാല്‍ തല്‍ക്കാലം മാറ്റത്തിനു പ്രസക്തിയില്ല.
ജൂലൈ അഞ്ചിന് ബജറ്റ് അവതരണം നടക്കാനിരിക്കെ അതിലെ നിര്‍ദേശങ്ങള്‍ക്കായി കാത്തിരിക്കാനായിരിക്കും ആര്‍ബിഐ താല്‍പര്യപ്പെടുക.
തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം സംബന്ധിച്ച പ്രവചനങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ആശ്രയം. മഴയുടെ അളവു സംബന്ധിച്ച യഥാര്‍ഥ കണക്കുകള്‍ ലഭിച്ച ശേഷം നിരക്കുമാറ്റം പരിഗണിക്കാനായിരിക്കും ആര്‍ബിഐക്കു താല്‍പര്യം.
ആഗോള സാമ്പത്തിക സാഹചര്യങ്ങള്‍ അനുകൂലമല്ലാതാകുകയാണെന്ന റിപ്പോര്‍ട്ടുകള്‍. നിലവിലെ ആറു ശതമാനം റീപ്പോ നിരക്കില്‍ 0.25% ഇളവു പ്രതീക്ഷിക്കുന്നവരാണ് ഏറെയും. നിരക്കില്‍ 0.35% ഇളവു പ്രഖ്യാപിച്ചാല്‍പ്പോലും അത്ഭുതമില്ലെന്നു ബാങ്ക് ഓഫ് അമേരിക്ക മെറില്‍ ലിഞ്ച് ചീഫ് ഇക്കോണമിസ്റ്റ് ഇന്ദ്രാനില്‍ സെന്‍ഗുപ്ത പറയുമ്പോള്‍ ഇളവ് 0.50% വരെയാകാമെന്ന അഭിപ്രായമാണു സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചീഫ് ഇക്കണോമിക് അഡൈ്വസര്‍ സൗമ്യകാന്തി ഘോഷിന്റേത്. നിരക്കിളവിനാണു സാധ്യതയെന്നു വാദിക്കുന്നവര്‍
നിരത്തുന്ന കാരണങ്ങള്‍:
നാണ്യപ്പെരുപ്പം വളരെ താഴ്ന്ന നിലവാരത്തിലായതിനാല്‍ ഏതാണ്ട് ഒരു വര്‍ഷത്തേക്കെങ്കിലും അതു സംബന്ധിച്ച് ആശങ്ക വേണ്ടെന്നതു നിരക്കിളവിന് അനുകൂലമായ സാഹചര്യം.നാണ്യപ്പെരുപ്പം നിയന്ത്രണത്തിലായതിനാല്‍ സാമ്പത്തിക വളര്‍ച്ചയ്ക്കായിരിക്കും ഇനി ആര്‍ബിഐ ഊന്നല്‍ നല്‍കുക. സാമ്പത്തിക വളര്‍ച്ചയ്ക്കു നിരക്കിളവ് ആവശ്യം.
ബോണ്ടുകളില്‍നിന്നുള്ള ആദായം ഗണ്യമായി കുറഞ്ഞിരിക്കെ റീപ്പോ നിരക്കില്‍ ഇളവിന് ഇതാണ് ഏറ്റവും ഉചിതമായ സമയം.
പിന്തുണ ഉറപ്പാണെന്നു വിപണിയെ ബോധ്യപ്പെടുത്തേണ്ടതിന്റെ ആവശ്യകത.