
ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധ ചൈനയെ കാര്യമായി ബാധിച്ചതോടെ ആഗോള തലത്തില്‍ തന്നെ വ്യവസായ-സാമ്പത്തിക മേഖലകളില്‍ മാന്ദ്യം രൂപപ്പെട്ട് കഴിഞ്ഞു. ഈ വിടവിലേക്ക് കടന്നുകയറാന്‍ ലക്ഷ്യം വയ്ക്കുകയാണ് ഇന്ത്യ. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി രാജ്യവ്യാപകമായി മൊബൈല്‍ ഫോണിന്റെ പ്രാദേശിക നിര്‍മ്മാണം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി 42,000 കോടി രൂപ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. വൈറസ് ബാധ മൂലം വ്യവസായങ്ങളുടെയും ഉത്പ്പന്നങ്ങളുടേയും ഒഴുക്ക് നിലക്കുകയും ആവശ്യങ്ങളെ തൃപ്തിപ്പെടുത്താന്‍ ചൈനയ്ക്ക് കഴിയുകയുമില്ലാത്ത ഈ സാഹചര്യത്തിലാണ് ഇന്ത്യ വിപണി പിടിച്ചെടുക്കാന്‍ തീരുമാനിക്കുന്നത്.
ഉല്‍പാദനവുമായി ബന്ധപ്പെട്ട ഈ പ്രോത്സാഹന പദ്ധതി ഉയര്‍ന്ന നിലവാരമുള്ള മൊബൈല്‍ നിര്‍മ്മാതാക്കള്‍ക്കും അതുപോലെ ആഭ്യന്തര നിര്‍മ്മാതാക്കള്‍ക്കും കൂടുതല്‍ ഗുണം ചെയ്യും എന്ന് കരുതുന്നു. മാത്രമല്ല, പ്രാദേശിക നിര്‍മ്മാണം ശക്തിപ്പെടുത്തുന്നത് വഴി ഇന്ത്യയ്ക്ക് ചൈനയിന്മേലുള്ള ആശ്രയത്വം കുറക്കുന്നതിനും ഇന്ത്യ ലക്ഷ്യം വയ്ക്കുന്നുണ്ട്.
ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്ന ഈ പദ്ധതി ആഗോള ഭീമന്‍മാരായ ആപ്പിള്‍, സാംസങ്ങ് എന്നിവരെ സഹായിക്കുന്നതാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കരാര്‍ നിര്‍മ്മാതാക്കളായ ഫോക്‌സ്‌കോണ്‍, വിസ്‌ട്രോണ്‍ എന്നിവര്‍ക്കും ഈ പദ്ധതി ഗുണം ചെയ്യും. ഈ കമ്പനികള്‍ ഇതിനകം ഇന്ത്യയില്‍ ഉല്‍പ്പാദനം നടത്തിവരുകയാണ്. ഇന്ത്യന്‍ ജീവനക്കാരുടെ ഉടമസ്ഥതയിലുള്ള ആഭ്യന്തര കമ്പനികളാണ് ഈ പദ്ധതിയില്‍ നിന്ന് കൂടുതല്‍ പ്രയോജനം ലഭിക്കുന്ന മറ്റൊരു വിഭാഗം. ലാവ, മൈക്രോമാക്‌സ് തുടങ്ങിയ കമ്പനികള്‍ ഈ വിഭാഗത്തില്‍ വരുന്നവയാണ്.
200 ഡോളറോ അതില്‍ കൂടുതലോ മൂല്യമുള്ള ഉപകരണങ്ങള്‍ക്ക് ഈ സ്‌കീം ബാധകമാകുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അതുവഴി വിവോ, ഓപ്പോ പോലുള്ള മൊബൈല്‍ നിര്‍മ്മാതാക്കളെ സ്‌കീമിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കുന്നു. ഈ കമ്പനികള്‍ 200 ഡോളറോ അതില്‍ കൂടുതലോ വിലയുള്ള ഫോണുകള്‍ വാഗ്ദാനം ചെയ്യുന്നില്ല. ഉല്‍പാദനവുമായി ബന്ധപ്പെട്ട ഒരു പ്രോത്സാഹനത്തിനായി ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഈ പ്രോത്സാഹനം ലഭിക്കുന്നതിന് ചില കര്‍ശനമായ മാനദണ്ഡങ്ങള്‍ ഉണ്ടാവുമെന്നും ഇന്ത്യയെ ഒരു ഇലക്ട്രോണിക്‌സ് നിര്‍മ്മാണ-കയറ്റുമതി കേന്ദ്രമാക്കി മാറ്റാന്‍ പോകുന്ന കമ്പനികള്‍ക്ക് ഈ പ്രോത്സാഹനം ഉപയോഗിക്കാന്‍ കഴിയും എന്നും നേരത്തെ ഒരു റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ലോകമെമ്പാടുമുള്ള നിര്‍മ്മാതാക്കള്‍ ചൈനയെക്കൂടാതെ വൈവിധ്യവത്കരിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും, ഇന്ത്യ ഒരു നല്ല മത്സരാര്‍ത്ഥിയായിരിക്കുമെന്നും മാര്‍ക്കറ്റ് ഫണ്ട് മാനേജര്‍ മാര്‍ക്ക് മൊബിയസ് ഒരു അഭിമുഖത്തില്‍ പറഞ്ഞു.