വാർഷിക ലാഭത്തിന്റെ 0.25 ശതമാനം കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് മാറ്റിവച്ച് എസ്ബിഐ; നീക്കം സിഎസ്ആറിന്റെ ഭാ​ഗമായി; പണം ചെലവഴിക്കുക കൊറോണ ബാധിതര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമായിയെന്ന് എസ്ബിഐ

March 24, 2020 |
|
Banking

                  വാർഷിക ലാഭത്തിന്റെ 0.25 ശതമാനം കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് മാറ്റിവച്ച് എസ്ബിഐ; നീക്കം സിഎസ്ആറിന്റെ ഭാ​ഗമായി; പണം ചെലവഴിക്കുക കൊറോണ ബാധിതര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമായിയെന്ന് എസ്ബിഐ

ന്യൂഡല്‍ഹി: വാര്‍ഷിക ലാഭത്തിന്റെ 0.25ശതമാനം കൊറോണയ്‌ക്കെതിരെ പോരാടാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെയ്ക്കുമെന്ന് രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ പ്രഖ്യാപിച്ചു. 2019-20 സാമ്പത്തികവര്‍ഷത്തെ അറ്റാദായത്തില്‍ നിന്നാണ് തുക നീക്കിവെയ്ക്കുക. കമ്പനി നിയമത്തിന്റെ ഭാഗമായുള്ള കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി (സിഎസ്ആര്‍)യുടെ ഭാഗമായി പണം ചെലവഴിക്കണമെന്ന് സര്‍ക്കാര്‍ കമ്പനികളോട് ആവശ്യപ്പെട്ടിരുന്നു. അതിന്റെ ഭാഗമായാണ് എസ്ബിഐ മുന്നോട്ടുവന്നിട്ടുള്ളത്.

അവശ വിഭാഗക്കാരായ കൊറോണ ബാധിതര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമായാണ് പണം ചെലവഴിക്കുകയെന്ന് എസ്ബിഐ അറിയിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും ശുചീകരണം, അത്യാഹിതങ്ങള്‍ നേരിടല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കും ഇതില്‍ നിന്ന് വിഹിതമുണ്ടാകും. അടിയന്തിര സാഹചര്യം നേരിടാന്‍ ജനങ്ങള്‍ക്ക് 'കോവിഡ് എമര്‍ജന്‍സി വായ്പ'യും ബാങ്ക് പ്രഖ്യാപിച്ചിട്ടുണ്ട്. 2020 ജൂണ്‍ 30 വരെ 200 കോടി രൂപയാണ് ഇതിനായി ചെലവഴിക്കുക.12 മാസത്തെ തിരിച്ചടവില്‍ 7.25ശതമാനം പലിശയ്ക്കായിരിക്കും ജനങ്ങള്‍ക്ക് വായ്പ അനുവദിക്കുക.

രാഷ്ട്രം ഐക്യപ്പെടേണ്ട സമയമാണിത്. ഈ നിർണായക കാലഘട്ടത്തിനിടയിൽ ഏറ്റവും മികച്ച രീതിയിൽ ഇന്ത്യയിലെ ജനങ്ങൾക്കും സമൂഹങ്ങൾക്കും ഞങ്ങൾ പിന്തുണ തുടരുമെന്ന് എസ്‌ബി‌ഐ ചെയർമാൻ രജനിഷ് കുമാർ പറഞ്ഞു. ഉത്തരവാദിത്തമുള്ള എല്ലാ കോർപ്പറേറ്റ് പൗരന്മാരും മുന്നോട്ട് വരണമെന്നും മുഴുവൻ ജീവനക്കാർക്കും അവരുടെ കുടുംബങ്ങൾക്കും ചുറ്റുമുള്ള ആളുകൾക്കുമായി എല്ലാ മുൻകരുതൽ നടപടികളും സ്വീകരിക്കുക മാത്രമല്ല, അഭൂതപൂർവമായ ഈ പ്രയാസകരമായ സമയങ്ങളിൽ സാമ്പത്തിക സഹായം ആവശ്യമുള്ളയാളുകളെ സഹായിക്കുന്നതിന് ഉദാരമായി സംഭാവന നൽകുകയും വേണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

© 2025 Financial Views. All Rights Reserved