
ഡല്‍ഹി: സ്പീക്കറുകളുടെ ശ്രേണിയില്‍ തംരംഗം സൃഷ്ടിക്കാനൊരുങ്ങുകയാണ് സോണി ഇന്ത്യ. സ്മാര്‍ട്ട് സ്പീക്കര്‍ ശ്രേണിയിലെ തമ്പുരാനായ സോണി എസ്ആര്‍എസ് എക്‌സ് ബി402എം കമ്പനി അവതരിപ്പിച്ചു. 12 മണിക്കൂര്‍ ബാറ്ററി ലൈഫുള്ള സ്പീക്കര്‍ പൂര്‍ണമായും വാട്ടര്‍ & ഷോക്ക് പ്രൂഫാണ്. മാത്രമല്ല ആമസോണിന്റെ സ്മാര്‍ട്ട് അസിസ്റ്റന്റായ അലക്‌സയും ഇതില്‍ പ്രോഗ്രാം ചെയ്തിട്ടുണ്ട്. ആഗസ്റ്റ് 12 മുതല്‍ 18 വരെ സ്പീക്കറുകളുടെ പ്രീ ബുക്കിങ് നടക്കുമെന്നും കമ്പനി അറിയിച്ചു.
24,990 രൂപയാണ് സ്പീക്കറുകളുടെ വില. എന്നാല്‍ പ്രാരംഭ ഓഫര്‍ എന്ന നിലയില്‍ 19990 രൂപയ്ക്ക് ആദ്യം ബുക്ക് ചെയ്യുന്നവര്‍ക്ക് ഇത് ലഭിക്കും. മാത്രമല്ല 2490 രൂപ വിലമതിക്കുന്ന എംഡിആര്‍ എക്‌സ് ബി 450 എപി ഹെഡ്‌സെറ്റും സൗജന്യമായി ലഭിക്കും. സോണിയുടെ എല്ലാ ബ്രാന്‍ഡ് ഷോപ്പുകളിലും ഇ-കൊമേഴ്‌സ് ഭീമന്മാരായ ആമസോണിലും ഫ്‌ലിപ്കാര്‍ട്ടിലും സ്പീക്കറുകള്‍ ലഭ്യമാകുമെന്നും കമ്പനി അറിയിച്ചു. എക്‌സ്ട്രാ ബാസ് സിസ്റ്റമുള്ളതാണ് പുത്തന്‍ സ്പീക്കറുകളെന്നും കമ്പനി വ്യക്തമാക്കുന്നു.
സ്മാര്‍ട് സ്പീക്കറുകളിലെ ഏറ്റവും പ്രധാനപ്പെട്ട നാമമാണ് ആമസോണ്‍ എക്കോ. ആമസോണ്‍ കമ്പനിയുടെ എക്കോയില്‍ പലരുടെയും പ്രിയ വെര്‍ച്വല്‍ തോഴിയായ അലക്സയാണ് കുടിയിരിക്കുന്നത്. സ്മാര്‍ട് സ്പീക്കര്‍ വില്‍പനയില്‍ ആമസോണിന്റെ കൊതിപ്പിക്കുന്ന മുന്നേറ്റം കണ്ട ഗൂഗിളും ആപ്പിളും അടക്കമുള്ള കമ്പനികള്‍ തങ്ങളുടെ സ്മാര്‍ട് സ്പീക്കറുകളും ഇറക്കി കഴിഞ്ഞു. ആമസോണിന്റെ വെര്‍ച്വല്‍ അസിസ്റ്റന്റായ അലക്സ, എക്കോ സ്പീക്കറുകളില്‍ മാത്രമല്ല ഉള്ളത്.
ബോസ്, ഫെയ്സ്ബുക്, സോണൊസ്, സോണി, അള്‍ട്ടിമേറ്റ് ഇയേഴ്സ് തുടങ്ങിയ കമ്പനികളിലും ഈ വോയിസ് അസിസ്റ്റന്റിന്റെ സേവനമാണ് ഉപയോഗിക്കുന്നത്. ഈ സ്പീക്കറുകളിലെ അലക്സയോട് ഒരു ചോദ്യം ചോദിക്കണമെങ്കില്‍ ഉണര്‍ത്തു വാക്കായ 'അലക്സ' ഉപയോഗിക്കണമെന്നാണ് പറയുന്നത്. അപ്പോള്‍ മാത്രമെ അത് നമ്മള്‍ പറയുന്നതു ശ്രദ്ധിക്കൂ എന്നാണ് വയ്പ്.
എന്നാല്‍, 'അലക്സ' എന്നു വിളിക്കാത്ത സമയത്തും ഒരാവശ്യവും ഉന്നയിക്കാത്തപ്പോഴും സ്പീക്കര്‍ ഉപയോക്താക്കളോട് സംസാരിക്കുന്ന നിരവധി അനുഭവങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അലക്സ എന്നതു കൂടാതെ രണ്ട് ഉണര്‍ത്തു വാക്കുകളും ഉപയോഗിക്കാം. എക്കോ, കംപ്യൂട്ടര്‍ എന്നിവയാണവ.