
2021 ല്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്കായി പുതിയ 700 ഇലക്ട്രിക് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ കൂടി അവതരിപ്പിക്കാനൊരുങ്ങി ടാറ്റ പവര്‍. കമ്പനിയുടെ ഔദ്യോഗികവൃന്ദങ്ങളാണ് വിവരം പുറത്തുവിട്ടത്. ഡല്‍ഹി, മുംബൈ, ബംഗളുരൂ, പൂനെ, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിലായി 100 ഫാസ്റ്റ് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ഇതിനോടകം തന്നെ സ്ഥാപിച്ചിട്ടുണ്ട്. 2020 മാര്‍ച്ചോടുകൂടി ഇത് 300 ആക്കാനുള്ള പരിശ്രമത്തിലുമാണ്.
ഇവി സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ കഴിയുന്ന നഗരങ്ങളെ മാപ്പ് ചെയുകയാണ്. അവിടെയായിരിക്കും ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയാന്‍ കഴിയുന്ന ഇവി സ്റ്റേഷനുകള്‍ പ്രാബല്യത്തില്‍ വരുക. അടുത്ത വര്‍ഷത്തോട് കൂടി അത് 700 ആക്കിയുയര്‍ത്തുകയാണ് ലക്ഷ്യമെന്നും കമ്പനിയുടെ സിഇഒയും മാനേജിംഗ് ഡയറക്ടറുമായ പ്രവീണ്‍ സിംഹ പറഞ്ഞു. ഇത്തവണത്തെ ബജറ്റില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള ജിഎസ്ടി 12 ശതമാനത്തില്‍ നിന്നും 5 ശതമാനമാക്കിയ തീരുമാനം ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കൂടുതല്‍ സ്വീകാര്യത ലഭ്യമാക്കാന്‍ ഇടയുണ്ട്. സാധാരണക്കാര്‍ക്കും താങ്ങാന്‍ കഴിയുന്ന വിലയാകുന്നതോടെ മലിനീകരണം കുറയുമെന്നതിനാലാണ് ഈ തീരുമാനം.
പൊതുസ്ഥലങ്ങളില്‍ മാത്രമല്ല വീടുകളിലും ഇവി സ്റ്റേഷനുകള്‍ സ്ഥാപിക്കാനുള്ള ആലോചനയിലാണ് കമ്പനി. മെട്രോ സ്‌റ്റേഷനുകള്‍, ഷോപ്പിംഗ് മാളുകള്‍, തീയേറ്ററുകള്‍, ഹൈവേകള്‍ എന്നിങ്ങനെ എല്ലായിടവും പരിഗണനയിലാണ് എന്നും സിന്‍ഹ പറഞ്ഞു. അതിനായി മെട്രോ അധികാരികളുമായും മുനിസിപ്പല്‍ കോര്‍പ്പറേഷനുമായും ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ക്രോമ, വെസ്റ്റ് സൈഡ്, ടൈറ്റാന്‍ വാച്ച് ഷോറൂം, ഇന്ത്യന്‍ ഹോട്ടല്‍ എന്നിവിടങ്ങളിലും ഇവി ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കും. വാണിജ്യാടിസ്ഥാനത്തില്‍ ഇവി സ്റ്റേഷനുകള്‍ സ്ഥാപിക്കാനായി എച്ച്പിസിഎല്‍, ഐഒസിഎല്‍, ഐജിഎല്‍ എന്നിവരുമായി കരാറൊപ്പിട്ടുവെന്നും വിവരം ലഭിച്ചു. മുംബൈയില്‍ മാത്രം 30 സ്റ്റേഷനുകളാണ് നിലവിലുള്ളത്. അത് അടുത്ത വര്‍ഷം 200 ആയി ഉയര്‍ത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാധാരണയുള്ള 15 കിലോവാട്ട് സ്‌റ്റേഷനില്‍ നിന്നും ആവശ്യം വര്‍ധിച്ചാല്‍ 30-50 കിലോവാട്ട് സ്‌റ്റേഷനിലേക്ക് മാറുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.