
ഇന്ത്യയില്‍ ഇലക്ട്രിക്ക് വാഹനങ്ങള്‍ വര്‍ധിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിന് ഊര്‍ജ്ജം പകരുകയാണ് ഇത്തരം വാഹനങ്ങളുടെ നിര്‍മ്മാതാക്കള്‍. ഈ വേളയിലാണ് പുണേ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക്ക് ഇരു ചക്ര വാഹന നിര്‍മ്മാതാക്കളായ ടെക്കോ ഇലക്ട്രാ മൂന്ന് കിടിലന്‍ സ്‌കൂട്ടറുകളുമായി വിപണി കീഴടക്കാന്‍ ഒരുങ്ങുന്നത്.
നിയോ, റാപ്ടര്‍, എമേര്‍ജ് എന്നീ മൂന്ന് വേരിയന്റുകളിലാണ് വാഹനങ്ങള്‍ ഇറങ്ങുന്നത്. 43967 രൂപയാണ് നിയോയുടെ വില. 60771 രൂപയ്ക്ക് റാപ്ടറും 72,247 രൂപയ്ക്ക് എമേര്‍ജും സ്വന്തമാക്കാം. റെട്രോ രൂപത്തില്‍ എമേര്‍ജ് എത്തുമ്പോള്‍ സ്‌പോര്‍ട്ടി ലുക്കിന് പ്രാധാന്യം നല്‍കുന്നതാണ് നിയോയും റാപ്റ്ററും. നിയോ ഒറ്റചാര്‍ജില്‍ 60-65 കിലോമീറ്ററും റാപ്റ്റര്‍ 75-85 കിലോമീറ്ററും എമേര്‍ജ് 70-80 കിലോമീറ്റര്‍ ദൂരവും സഞ്ചരിക്കും.
നിയോയും റാപ്റ്ററും 5-7 മണിക്കൂറിനുളളില്‍ പൂര്‍ണമായും ചാര്‍ജ് ചെയ്യാം. എമേര്‍ജ് ചാര്‍ജ് ചെയ്യാന്‍ 4-5 മണിക്കൂര്‍ മതി. നിയോയില്‍ 12v 20Ah ലെഡ് ആസിഡ് ബാറ്ററിയും റാപ്റ്ററില്‍ 12v 32Ah ലെഡ് ആസിഡ് ബാറ്ററിയും എമേര്‍ജില്‍ 48v 28 Ah ലിഥിയം അയേണ്‍ ബാറ്ററിയുമാണുള്ളത്. മൂന്ന് മോഡലിലും 250 വാട്ട് ബിഎല്‍ഡിസി മോട്ടോറാണ്.
ഒരുക്കിയിരിക്കുന്നത് കിടിലന്‍ ഫീച്ചറുകള്‍
യുഎസ്ബി ചാര്‍ജിങ്, അലോയി വീല്‍, എല്‍ഇഡി ഹെഡ്ലാമ്പ്, ഫുള്ളി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് എന്നിവ വാഹനങ്ങളിലുണ്ട്. സുഖകരമായ യാത്രയ്ക്ക് മൂന്നിലും മുന്നില്‍ ടെലസ്‌കോപിക് സസ്പെന്‍ഷനും പിന്നില്‍ ഡ്യുവല്‍ മോണോ സസ്പെന്‍ഷനുമാണുള്ളത്. നിയോയില്‍ സുരക്ഷയ്ക്കായി മുന്നിലും പിന്നിലും ഡ്രം ബ്രേക്കാണുള്ളത്. അതേസമയം റാപ്ടറിലും എമേര്‍ജിലും മുന്നില്‍ ഡിസ്‌കും പിന്നില്‍ ഡ്രം ബ്രേക്കുമാണ് സുരക്ഷയൊരുക്കുക.
നിലവില്‍ അഹമ്മദ്നഗര്‍, ഹൈദരാബാദ്, ലക്നൗ, നാഗ്പൂര്‍, പൂണെ, തെലുങ്കാന, വിജയവാഡ തുടങ്ങിയ 50 ഇടങ്ങളിലാണ് ടെക്കോ ഇലക്ട്രയ്ക്ക് ഡീലര്‍ഷിപ്പുകളുള്ളത്. വൈകാതെ ബെംഗളൂരു, തമിഴ്നാട്, ഡല്‍ഹി, ജാര്‍ഖണ്ഡ്, ഹരിയാണ തുടങ്ങിയ ഇടങ്ങളിലും കമ്പനി ഡീലര്‍ഷിപ്പ് ആരംഭിക്കുമെന്നും സൂചനയുണ്ട്.