
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച റെക്കോര്‍ഡ് തകര്‍ച്ചയിലൂടെ മുമ്പോട്ട് പോകുകയാണ്. ജിഡിപി 4.5% ആയി കുറഞ്ഞിരുന്നു. എന്നാല്‍ സമ്പദ് വ്യവസ്ഥയില്‍ ഓഹരി വിപണിയും സര്‍വീസ് മേഖലയും മാനുഫാക്ച്ചറിങ് മേഖലയും എങ്ങിനെ ഇഴചേര്‍ന്ന് കിടക്കുന്നുവെന്നാണ് ഫിനാന്‍ഷ്യല്‍ വ്യൂസ് അന്വേഷിക്കുന്നത്. ഹെഡ്ജ് ഇക്വിറ്റീസ് ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് ഓഫീസര്‍ എം.വി ഹരീഷുമായി ഫിനാന്‍ഷ്യല്‍ വ്യൂസ് ഡെസ്‌ക് നടത്തിയ അഭിമുഖത്തിന്റെ പൂര്‍ണരൂപം
ടി.കെ സബീന/എം.വി ഹരീഷ് (ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് ഓഫീസര്‍ ,ഹെഡ്ജ് ഇക്വിറ്റീസ് )
സാമ്പത്തിക വളര്‍ച്ച ഇടിയുന്ന സാഹചര്യങ്ങളിലും ഓഹരി വിപണിയില്‍ കാര്യമായ മാറ്റങ്ങള്‍ കാണാറില്ല. വിശദീകരിക്കാമോ?
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ നെടുംതൂണുകളായ ഇന്ത്യന്‍ റെയില്‍വേ ,തുറമുഖങ്ങള്‍ അടക്കമുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ ഇപ്പോഴും ഓഹരി വിപണിയിലേക്ക് കയറിയിട്ടില്ല. വന്‍തോതില്‍ സാമ്പത്തികക്രയവിക്രയങ്ങള്‍ നടക്കുന്ന സര്‍വീസ് ,മാനുഫാക്ച്ചറിങ് മേഖല പുറത്തുനില്‍ക്കുമ്പോള്‍ അത് ഓഹരിവിപണിയെ കാര്യമായി ബാധിക്കില്ലെന്ന് വേണം കരുതാന്‍. ഓഹരി വിപണിയില്‍ സമ്പദ് വ്യവസ്ഥയിലെ തിരയിളക്കങ്ങളുടെ നേരെ പരിച്ഛേദം സംഭവിക്കാറില്ല. ഓഹരി വിപണിയില്‍ ഏകദേശം സമ്പദ് വ്യവസ്ഥയുടെ പതിനഞ്ച് ശതമാനം പ്രതിഫലനമാണ് ഉണ്ടാകുന്നത്.
അതുകൊണ്ട് തന്നെ നോട്ട് നിരോധവും ജിഎസ്ടിയുമൊക്കെ നടപ്പാക്കിയപ്പോള്‍ ഓഹരി വിപണിക്ക് കുറച്ചുകൂടി നേട്ടമുണ്ടായെന്ന് പറഞ്ഞാലും അതിശയമില്ല. കാരണം ഈ നയങ്ങള്‍ കാരണം നിക്ഷേപക താല്‍പ്പര്യമുള്ള ജനങ്ങള്‍ക്ക് ഭൂമി,സ്വര്‍ണം അടക്കമുള്ള ബൗദ്ധിക നിക്ഷേപങ്ങളില്‍ വിശ്വാസം നഷ്ടപ്പെടുകയാണ് ചെയ്തത്. അതുകൊണ്ട് തന്നെ ചാഞ്ചാടി കൊണ്ടിരിക്കുന്ന വിപണിയെ വിശ്വസിക്കാത്തവര്‍ നേരെ ഓഹരി വിപണിയിലേക്ക് കൂടുമാറുന്നതും കണ്ടു.മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഓഹരി വിപണിയില്‍ കുറച്ചുകൂടി ഇടപെടലുകളാണ് നടന്നതെന്ന് സാരം. വലിയ നഷ്ടമൊന്നും ഈ മാര്‍ക്കറ്റിലുണ്ടായിട്ടില്ല. വന്‍ വളര്‍ച്ച നേരിട്ടിരുന്ന ചില സമയങ്ങളെ മാറ്റി നിര്‍ത്തിയാല്‍ ഇപ്പോള്‍ പഴയ സുസ്ഥിര വളര്‍ച്ച തന്നെയാണ് സ്റ്റോക്ക് എക്‌സ്്‌ചേഞ്ചുകളില്‍ ഉണ്ടാകുന്നത്.
ആളുകളുടെ ഉപഭോഗശേഷി എങ്ങിനെ വിലയിരുത്തുന്നു?
കഴിഞ്ഞ 20 കൊല്ലത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ ഇന്ത്യയില്‍ സര്‍വീസ് മേഖലയ്ക്കാണ് കനത്ത തിരിച്ചടി നേരിട്ടിരിക്കുന്നത്. അതും പ്രൊഫണഷല്‍ മേഖലയില്‍. ഉദാഹരണത്തിന് ഒരു സോഫ്റ്റ് വെയര്‍ എഞ്ചിനീയറുടെ ശമ്പളം അന്ന് മൂന്ന് ലക്ഷമായിരുന്നുവെങ്കില്‍ ഇന്നും അത് രണ്ടിനും മൂന്നിനും ഇടയില്‍ തന്നെ ശമ്പള സ്‌കെയില്‍ തുടരുകയാണ്. എന്നാല്‍ അടിത്തട്ടിലെ സര്‍വീസ് മേഖലയുടെ കാര്യം പരിശോധിച്ചാല്‍ നേരെ മറിച്ചാണ് സ്ഥിതി.ഇരുപത് വര്‍ഷം മുമ്പ് 6000 രൂപയായിരുന്നു ശമ്പളമെങ്കില്‍ ഇന്ന് 25000 രൂപയായി വര്‍ധിച്ചിട്ടുണ്ട്. സര്‍വീസ് മേഖലയില്‍ ഇടത്തട്ട്,മേല്‍ത്തട്ടുകാരുടെ സ്ഥിതിയാണിത്. ഈ വിഭാഗത്തിന്റെ ക്രയവിക്രയ ശേഷിയില്‍ ഇപ്പോള്‍ ഇടിവ് സംഭവിച്ചിട്ടുണ്ട്. കാരണം ശമ്പളം വൈകുന്നതും മറ്റും അവരുടെ വാങ്ങല്‍ ശേഷി കുറച്ചിരിക്കുന്നു. ഇഎംഐ മുഖേന ഭവന,വാഹന വായ്പകള്‍ വാങ്ങാന്‍ അവര്‍ മടിക്കുന്നു.
എന്നാല്‍ എന്‍ട്രിലെവലിലുള്ള പുതുതലമുറക്കാര്‍ വ്യവസ്ഥാപിതമായ രീതിയില്‍ തങ്ങളുടെ ജോലി തെരഞ്ഞെടുക്കുന്നില്ല. അതുകൊണ്ട് തന്നെ ഇത്തരക്കാരുടെ ഉപഭോഗ ശേഷിയില്‍ വര്‍ധനവാണ്. അതുകൊണ്ട് സ്മാര്‍ട്ട്‌ഫോണ്‍ വിപണി പോലുള്ളവ ഇപ്പോഴും വളര്‍ന്നുകൊണ്ടിരിക്കുന്നു.
നിര്‍മാണ മേഖലയുടെ തളര്‍ച്ച സമ്പദ് വളര്‍ച്ചയെ എങ്ങിനെ ബാധിച്ചു?
നിര്‍മാണ മേഖലയില്‍ വന്‍ നഷ്ടമാണ് സംഭവിച്ചത്. 1993യ്ക്ക് ശേഷം സമ്പദ് വ്യവസ്ഥ തുറന്നിട്ടപ്പോള്‍ സര്‍വീസ് ഇന്‍ഡസ്ട്രീയിലേക്കാണ് കുതിച്ചുചാടിയത്. എന്നാല്‍ ഈ കാലഘട്ടത്തിലാണ് ചൈനയ്ക്ക് ് മാനുഫാക്ച്ചറിങ്ങില്‍ വന്‍ കുതിച്ചുചാട്ടമുണ്ടായത്. നമ്മുടെ മാനുഫാക്ച്ചറിങ് മേഖല അന്നുമുതല്‍ കൈവിട്ടും തുടങ്ങി. ഇപ്പോള്‍ തീര്‍ത്തും ഈ മേഖലയില്‍ വന്‍ തിരിച്ചടികള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു. ഇത് സമ്പദ് വളര്‍ച്ചയെയും ബാധിച്ചു.
എന്നാല്‍ കോര്‍പ്പറേറ്റ് നികുതി കുറക്കാനുള്ള സര്‍ക്കാര്‍ തീരുമാനം വന്നതോടെ ചൈന അടക്കമുള്ള രാജ്യങ്ങള്‍ ഇന്ത്യന്‍ മാനുഫാക്ച്ചറിങ്‌മേഖലയിലേക്ക് വരികയാണ്. മാനുഫാക്ച്ചറിങ് മേഖലയിലേക്കുള്ള ഇവരുടെ വരവിന്റെ ഗുണം സമ്പദ് വ്യവസ്ഥയ്ക്ക് ദീര്‍ഘകാലത്തിലാണ് ലഭിക്കുകയെന്ന് മാത്രം.മേക്ക് ഇന്‍ ഇന്ത്യ എന്നത് മേക്ക് ഫോര്‍ ഇന്ത്യയായി മാറിയാല്‍ മാത്രമേ സമ്പദ് വ്യവസ്ഥയെ മുമ്പോട്ടുപോകാനുള്ള ചാലക ശക്തിയായി പ്രവര്‍ത്തിക്കുകയുള്ളൂ.