
സെക്യൂരിറ്റി ബിസിനസ് മേഖലയിലെ പ്രമുഖ സ്ഥാപനമായ കാര്‍വി നിക്ഷേപകരെ കബളിപ്പിച്ച് നടത്തിയ 2000 കോടിയുടെ തട്ടിപ്പാണ് ഇപ്പോള്‍ ഓഹരിവിപണിയിലെ പ്രധാന ചര്‍ച്ച.കാര്‍വിയെന്ന സ്ഥാപനത്തിന്റെ സ്റ്റോക്ക്‌ബ്രോക്കിങ് വിഭാഗത്തില്‍ നിന്നാണ് ഇപ്പോള്‍ ഉണ്ടായ നിക്ഷേപകതട്ടിപ്പ് നേരിട്ടിരിക്കുന്നത്. എന്നാല്‍ വിശ്വസിച്ച് ഏല്‍പ്പിക്കുന്ന ആസ്തികള്‍ ധനകാര്യസ്ഥാപനങ്ങള്‍ എങ്ങിനെയൊക്കെ കൈകാര്യം ചെയ്യുന്നുവെന്നത് അറിഞ്ഞിരിക്കേണ്ടത് ഓരോ നിക്ഷേപകന്റെയും കൂടി കടമയാണ്.
സെക്യൂരിറ്റി ബിസിനസ് മേഖലയില്‍ ഒരോ നിക്ഷേപകനും എന്തൊക്കെ ശ്രദ്ധിക്കണമെന്ന കാര്യങ്ങളെ കുറിച്ച് ഫിനാന്‍ഷ്യല്‍ വ്യൂവുമായി നടത്തിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് സെക്യൂരിറ്റി നിക്ഷേപക മേഖലയിലെ പ്രമുഖ സ്ഥാപനമായ ഹെഡ്ജ് ഇക്വിറ്റീസിലെ ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് ഓഫീസര്‍ എം.വി ഹരീഷ്.
നിക്ഷേപകര്‍ നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1.ഒരു നിക്ഷേപകന്‍ എപ്പോഴും തങ്ങളുടെ നിക്ഷേപമാര്‍ഗങ്ങളെ പറ്റി ബോധവാനായിരിക്കണം. ഏജന്‍സികളെ ഏല്‍പ്പിച്ചുകഴിഞ്ഞാല്‍ തന്റെ ജോലി കഴിഞ്ഞു എന്ന മട്ടിലിരിക്കുകയല്ല വേണ്ടത്. മുന്‍കൈ എടുത്ത് സെക്യൂരിറ്റികള്‍ക്ക് എന്തുസംഭവിക്കുന്നു,എവിടെയാണ് നിക്ഷേപിക്കുന്നത് എന്നൊക്കെ കൃത്യമായി അറിഞ്ഞിരിക്കണം. സാധിക്കുമെങ്കില്‍ വിവിധ നിക്ഷേപമാര്‍ഗങ്ങളെ പറ്റി അറിയാനായി ഇന്‍വെസ്റ്റേഴ്‌സ് അവയര്‍നസ് പ്രോഗ്രാമുകളില്‍ പങ്കെടുക്കുക
2.രജിസ്‌ട്രേഷനായി നല്‍കുമ്പോള്‍ നിലവിലുള്ള ഈ-മെയില്‍ ഐഡി തന്നെ നല്‍കുക. ആധാറില്‍ നല്‍കിയ വിലാസങ്ങളും വിശദാംശങ്ങളും തന്നെയല്ലേ നല്‍കിയിരിക്കുന്നത് എന്നതും ഉറപ്പുവരുത്തുക.
3. നിക്ഷേപകരുടെ രജിസ്ട്രര്‍ ചെയ്ത ഇ-മെയില്‍ വിലാസത്തില്‍ എല്ലാ മാസവും എന്‍എസ്ഡിഎല്‍/സിഡിഎസ്എല്‍ കണ്‍സോളിഡേറ്റഡ് അക്കൗണ്ട് സ്‌റ്റേറ്റ്‌മെന്റ് അയച്ചുതരും. ഇത് കൃത്യമായി നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്താല്‍ ഒരുപരിധി വരെ ഏത് വിധത്തിലുള്ള തട്ടിപ്പുകളും തിരിച്ചറിയാനാകും. എന്തെങ്കിലും പ്രശ്‌നങ്ങള്‍ കണ്ടെത്തിയാല്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്താനും ശ്രദ്ധവേണം. നടപടികള്‍ ഉണ്ടായില്ലെങ്കില്‍ സെബി/ഡപ്പോസിറ്ററി ഗ്രിവന്‍സസിലേക്ക് യഥാസമയം വിവരങ്ങള്‍ അറിയിക്കാനും മറക്കരുത്
4. ഇതേസമയം തന്നെ നിങ്ങളുടെ ഓഹരികളും സെക്യൂരിറ്റികളും മറ്റൊരു ഡെപോസിറ്ററി അക്കൗണ്ടിലേക്ക് മാറ്റാന്‍ മറക്കരുത്. അക്കൗണ്ട് നിലവിലുള്ള ധനകാര്യസ്ഥാപനത്തില്‍ നിന്ന് അവസാനിപ്പിച്ച ശേഷം മറ്റൊരു മികച്ച സ്ഥാപനത്തിലേക്ക് മാറ്റണം. നമ്മള്‍ ഒന്നിലധികം ബാങ്ക് അക്കൗണ്ടുകള്‍ കരുതുന്നത് പോലെ തന്നെ ഒന്നിലധികം ഡിപി അക്കൗണ്ടുകളും സൂക്ഷിക്കുന്നതാണ് തട്ടിപ്പുകള്‍ തടയാന്‍ നല്ലത്.
5.നമ്മള്‍ ഇടപാട് നടത്തുന്ന ധനകാര്യ സ്ഥാപനങ്ങളുമായി നല്ല ബന്ധം പുലര്‍ത്തുക. അവര്‍ തരുന്ന വിവരങ്ങള്‍ ശരിയാണോ എന്നതും പരിശോധിച്ച് ഉറപ്പുവരുത്തുക.
6. എന്‍എസ്ഡിഎല്‍ ലഭ്യമാക്കുന്ന ഓണ്‍ലൈന്‍ ആക്‌സസ് സര്‍വീസ് ശരിയായി ഉപയോഗിക്കുക.
7. അടിസ്ഥാന കാര്യങ്ങള്‍ പാലിക്കുന്ന ,സത്യസന്ധമായതും,പ്രാവീണ്യമുള്ളതുമായ നിക്ഷേപകര്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കാന്‍ സാധിക്കുന്ന സുതാര്യമായ ധനകാര്യ സ്ഥാപനങ്ങളെയോ വ്യക്തികളെയോ നിക്ഷേപകര്‍ തെരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
8. ഏറ്റവും പ്രധാനപ്പെട്ടമായ കാര്യമാണ് ഇനി പറയുന്നത്.. നിക്ഷേപം ഏതെങ്കിലും സ്ഥാപനങ്ങളെ ഏല്‍പ്പിച്ച് പിന്നീട് എന്ത് സംഭവിക്കുന്നുവെന്ന് തിരിഞ്ഞുനോക്കാതിരിക്കുന്ന രീതി നല്ലതല്ല. നിക്ഷേപകന്റെ പങ്കാളിത്തവും ഇടപെടലും ഓരോ തട്ടിപ്പുകളെയും തടയാനുള്ള ഏറ്റവും നല്ല മാര്‍ഗമാണെന്ന് ഓര്‍ക്കുക.