
നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ വികസിപ്പിച്ചെടുത്ത ഒരു തല്‍ക്ഷണ പെയ്‌മെന്റ് സംവിധാനമായ യൂണിഫൈഡ് പെയ്‌മെന്റ്‌സ് ഇന്റര്‍ഫേസ് (യുപിഐ) ന്റെ മാര്‍ച്ചിലെ ഇടപാട് 87 ശതമാനമായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മാസത്തില്‍ ഇത് 78 ശതമാനമായിരുന്നു. 2016 ല്‍ സ്ഥാപിതമായ യുപിഐ കഴിഞ്ഞ വര്‍ഷം മുതല്‍ വളര്‍ച്ച കൈവരിച്ചു. യുപിഐയുടെ ഇടപാട് നിരക്ക് 87 ശതമാനം ഉയര്‍ന്നത് വളരെ അഭിനന്ദനമാണെന്ന് പേയ്‌മെന്റ്‌സ് വ്യവസായത്തിലെ ഉന്നത എക്‌സിക്യൂട്ടീവ് പറഞ്ഞു.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള ഈ സംവിധാനം മൊബൈല്‍ വഴി രണ്ടു ബാങ്ക് അക്കൗണ്ടുകള്‍ തമ്മില്‍ പണം കൈമാറ്റം ചെയ്യുവാനാണ് ഉപകരിക്കുന്നത്. പണം കൈമാറ്റം ചെയ്യുന്നതിനുള്ള ഇമ്മീഡിയറ്റ് പെയ്‌മെന്റ് സര്‍വീസിനെ അടിസ്ഥാനമാക്കിയാണ് ഈ സംവിധാനം രൂപകല്‍പന ചെയ്തിട്ടുള്ളത്. ഒരു ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനമായതിനാല്‍ ഇരുപത്തിനാല് മണിക്കൂറും പൊതു അവധി ദിനങ്ങളിലും ഈ സൗകര്യം ലഭ്യമാണ്. പരമ്പരാഗത മൊബൈല്‍ വാലറ്റുകളില്‍ നിന്ന് വ്യത്യസ്തമായി ഒരു ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിച്ചു മറ്റൊരു ബാങ്ക് അക്കൗണ്ടില്‍ ഉടനടി നിക്ഷേപിക്കുകയാണ് ഈ സംവിധാനം ചെയ്യുന്നത്. വാലറ്റുകള്‍ ഉപയോക്താക്കളില്‍ നിന്ന് ഒരു നിശ്ചിത തുക എടുത്തു അവരുടെ അക്കൗണ്ടില്‍ ശേഖരിക്കുകയാണ് ചെയ്യുന്നത്. വിര്‍ച്വല്‍ പേയ്‌മെന്റ് വിലാസം (ബാങ്ക് നല്‍കുന്ന ഒരു യൂണിക് ഐഡി), അക്കൗണ്ട് നമ്പര്‍ ഐഎഫ്എസ് കോഡ് സഹിതം, മൊബൈല്‍ നമ്പറും എം എം ഐഡി, ആധാര്‍ നമ്പര്‍ ഇവയില്‍ ഏതെങ്കിലും സങ്കേതം ഉപയോഗിച്ചാണ് പണം കൈമാറ്റം ചെയ്യുന്നത്.
കണക്റ്റിവിറ്റി പ്രശ്‌നങ്ങള്‍, ബാങ്ക് സെര്‍വര്‍ ശേഷി എന്നിവ പോലുള്ള സാങ്കേതികവിദ്യയുടെ വെല്ലുവിളികള്‍ കാരണം ഇടപാടുകള്‍ കഴിഞ്ഞ വര്‍ഷം കുറഞ്ഞിരുന്നു. അതേ സമയം, ജനങ്ങള്‍ സൃഷ്ടിച്ച പിശകുകള്‍ കഴിഞ്ഞ വര്‍ഷത്തെ 18% ല്‍ നിന്ന് 10% ആയി കുറഞ്ഞു. തെറ്റായ പിന്‍ നമ്പറുകള്‍, അപര്യാപ്തമായ ബാലന്‍സ്, അല്ലെങ്കില്‍ ചിലപ്പോള്‍ ഉപഭോക്താക്കള്‍ നിശ്ചിത പരിധിയെക്കാള്‍ കൂടുതല്‍ കൈമാറ്റം ചെയ്യാനുള്ള പദ്ധതികള്‍ തുടങ്ങിയതുമൂലം ഇടപാടുകള്‍ പരാജയപ്പെടുന്നതായി യുപിഐ അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്. ഒരു പേയ്‌മെന്റ്‌സ് കമ്പനിയുടെ പരാജയത്തിന്റെ പ്രധാന വെല്ലുവിളികള്‍ക്കുള്ള കാരണങ്ങള്‍ കണക്റ്റിവിറ്റി പ്രശ്‌നങ്ങളും ബാങ്കുകളുടെ സെര്‍വറുകളില്‍ നിന്നുള്ള പ്രശ്‌നങ്ങളുമാണ്.
പല കേസുകളിലും ബാങ്ക് സെര്‍വറില്‍ എത്തിച്ചേരാനാകില്ല. മറ്റു ചിലതില്‍ എന്നാല്‍ ബാങ്കുകള്‍ക്ക് ക്രെഡിറ്റ് സന്ദേശങ്ങള്‍ ലഭിക്കുന്നില്ല, ഇത് പരാജയങ്ങള്‍ക്ക് കാരണമാകുന്നു. മെച്ചപ്പെട്ട ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി, പെയ്‌മെന്റ് ആപ്ലിക്കേഷനുകള്‍, ബാങ്കുകളുടെ മെച്ചപ്പെട്ട സെര്‍വര്‍ ശേഷി എന്നിവ പരിചയപ്പെടുത്തുന്നതിലൂടെ ഭാവിയിലെ കൂടുതല്‍ വിജയകരമായ ഇടപാടുകള്‍ യുപി ഐയ്ക്ക് നടത്താനാകും. ഇതിലൂടെ ഇടപാടുകള്‍ക്ക് യുപിഐ പെയ്‌മെന്റ് മോഡിനെ കൂടുതല്‍ ആശ്രയിക്കാവുന്നതാക്കുന്നു.