
ക്രെഡിറ്റ് കാര്‍ഡ് ഇന്ന് ഉപയോഗിക്കാത്തവരായി അധികം ആളുകള്‍ ഉണ്ടാകില്ല അല്ലേ. എന്നാല്‍ ഇത് ഏതെങ്കിലും തരത്തില്‍ നഷ്ടപ്പെട്ട് പോയാല്‍ എന്ത് ചെയ്യുമെന്ന് കരുതിയിട്ടുണ്ടോ ? ബാങ്കുകളില്‍ ഇന്ന് ദിനം പ്രതി എത്തുന്ന പരാതിയാണ് ക്രെഡിറ്റ് കാര്‍ഡ് നഷ്ടപ്പെട്ടു അല്ലെങ്കില്‍ മോഷണം പോയി എന്നത്. എന്നാല്‍ അതിന് ആദ്യം ചെയ്യേണ്ടത് കാര്‍ഡ് ബ്ലോക്ക് ചെയ്യുക എന്നതാണ്. സമയം പാഴാക്കാതെ ഇത് ചെയ്യുകയും ബാങ്കില്‍ ചെല്ലുകയോ അല്ലെങ്കില്‍ ഓണ്‍ലൈന്‍ വഴിയോ വേണ്ട നടപടികള്‍ കൃത്യമായി പൂര്‍ത്തിയാക്കുക എന്നതാണ്.
ക്രെഡിറ്റ് കാര്‍ഡ് ബ്ലോക് ചെയ്യുന്നതിങ്ങനെ: നിങ്ങളുടെ ബാങ്കിന്റെ കസ്റ്റമര്‍ കെയറില്‍ വിളിക്കുക. 24 മണിക്കൂറും കസ്റ്റമര്‍ കെയറുകള്‍ സേവനം ലഭ്യമാക്കണമെന്നാണ് ആര്‍ബിഐയുടെ നിര്‍ദ്ദേശം. അതിനാല്‍ ഏത് സമയത്തും വിളിക്കാം. ക്രെഡിറ്റ് കാര്‍ഡ് നമ്പര്‍ അവര്‍ ആവശ്യപ്പെടും. കാര്‍ഡ് നമ്പര്‍ ഓര്‍മ്മ ഇല്ലെങ്കില്‍ അക്കൗണ്ട് നമ്പര്‍, പേര്, ബ്രാഞ്ച് എന്നിവ ഉള്‍പ്പടെയുള്ള ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ലഭ്യമാക്കുക. കാര്‍ഡ് ബ്ലോക് ചെയ്യാനുള്ള കാരണവും വെളിപ്പെടുത്തണം.
ഇന്റര്‍നെറ്റ് ബാങ്കിങ് വഴി: ബാങ്കിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ലോഗിന്‍ ചെയ്യുക, ക്രെഡിറ്റ് കാര്‍ഡ് എന്ന് കാണുന്നതില്‍ ക്ലിക് ചെയ്യുക, ബ്ലോക് ചെയ്യാനുള്ള ഓപ്ഷന്‍ തിരഞ്ഞെടുക്കുക, ബ്ലോക് ചെയ്യാനുള്ള കാരണം ചോദിക്കും അതിന് ഉത്തരം നല്‍കുക, ബ്ലോക് ചെയ്യാനുള്ള അപേക്ഷ സ്വീകരിച്ച് ഏതാനം സമയത്തിനുള്ളില്‍ കാര്‍ഡ് ബ്ലോക് ആകും. ഇന്റര്‍നെറ്റ് ബാങ്കിങ് സൗകര്യം ഉപയോഗിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ ഉടന്‍ നിങ്ങളുടെ ബാങ്കിന്റെ ബ്രാഞ്ച് സന്ദര്‍ശിച്ച് കാര്യം വിശദമാക്കുക. അവര്‍ ഉടന്‍ തന്നെ കാര്‍ഡ് ബ്ലോക് ചെയ്യും.
ഇതിന് പുറമെ എസ്എംഎസ് വഴിയും മൊബൈല്‍ ആപ്പ് വഴിയും ക്രെഡിറ്റ് കാര്‍ഡ് ബ്ലോക് ചെയ്യാനുള്ള സൗകര്യം ലഭ്യമാക്കുന്നുണ്ട്. നിലവിലെ ക്രഡിറ്റ് കാര്‍ഡ് ബ്ലോക് ചെയ്ത് കഴിഞ്ഞാല്‍ പുതിയ കാര്‍ഡിന് വേണ്ടി ബാങ്കില്‍ അപേക്ഷിക്കാം. പുതിയ കാര്‍ഡ് ലഭിക്കുന്നതിന് മൊബൈല്‍ ആപ്പ് വഴിയും ഓണ്‍ലൈന്‍ വെബ്സൈറ്റ് വഴിയും അപേക്ഷ നല്‍കാം. അതല്ലെങ്കില്‍ ബാങ്കിന്റെ ബ്രാഞ്ചില്‍ സന്ദര്‍ശിച്ച് നേരിട്ട് അപേക്ഷ നല്‍കാം. കൂടാതെ ഹെല്‍പ്ലൈന്‍ നമ്പറും ഉപയോഗപ്പെടുത്താം. സാധാരണയായി ബാങ്കുകള്‍ പുതിയ ക്രെഡിറ്റ് കാര്‍ഡ് ഏഴ് പ്രവൃത്തി ദിവസത്തിനുള്ളില്‍ ലഭ്യമാക്കും.
ഇവ മറക്കരുത്
എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കാന്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നത് പണം അനിയന്ത്രിതമായി പോകാന്‍ കാരണമാകും. എടിഎമ്മില്‍ നിന്നും പിന്‍വലിക്കുന്നതിന് ഗ്രേയ്സ് പീരിയഡ് ഇല്ല എന്നതും മറക്കരുത്. എല്ലാ ക്രെഡിറ്റ് കാര്‍ഡുകള്‍ക്കും ആനുവല്‍ ഫീ, ജോയിനിങ് ഫീ, ലേറ്റ് പേയ്മെന്റ് ചാര്‍ജസ് എന്നിവയുണ്ട്. അതിനാല്‍ തന്നെ വിവിധ ബാങ്കുകള്‍ ഇത്തരം ഫീസായി എത്രത്തോളം ഈടാക്കുമെന്ന് നോക്കി വേണം ക്രെഡിറ്റ് കാര്‍ഡ് എവിടെ നിന്ന് വേണമന്ന് തീരുമാനിക്കാന്‍.
ഡെബിറ്റ് കാര്‍ഡിനേക്കാള്‍ സുരക്ഷിതമാണ് ക്രെഡിറ്റ് കാര്‍ഡ്. ഏതെങ്കിലും തരത്തിലുള്ള തട്ടിപ്പിന് ഇരയാകാനുള്ള സാധ്യത ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ വളരെ കുറവായിരിക്കും. തികവേറിയതും അതീവ സുരക്ഷിതവുമായ പാസ്വേഡ് സംവിധാനമാണ് ക്രെഡിറ്റ് കാര്‍ഡിനെ, ഡെബിറ്റ് കാര്‍ഡിനേക്കാള്‍ സുരക്ഷിതമാക്കുന്നത്. ന്‍കിട ഗൃഹോപകരണങ്ങളായ ടിവി, ഫ്രിഡ്ജ്, വാഷിങ് മെഷീന്‍ എന്നിവ ഇഎംഐയിലൂടെ വാങ്ങാനാകുമെന്നതാണ് ക്രെഡിറ്റ് കാര്‍ഡിന്റെ മറ്റൊരു സൗകര്യം. മാസ തവണകളായി ക്രെഡിറ്റ് കാര്‍ഡിലൂടെ തന്നെ ഈ പേമെന്റ് ഒടുക്കാം.
ബാങ്ക് വഴി ഇഎംഐ എടുക്കുമ്പോള്‍ വ്യക്തിഗത വായ്പയായാണ് അത് ലഭിക്കുക. എന്നാല്‍ ക്രെഡിറ്റ് കാര്‍ഡ് കൈവശമുള്ളവര്‍ക്ക് ഇഎംഐ വ്യവസ്ഥയില്‍ സാധനം വാങ്ങാന്‍, വ്യക്തിഗത ബാങ്ക് വായ്പയുടെ ആവശ്യമില്ല.ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങുകയോ ബില്ല് അടയ്ക്കുകയോ ചെയ്യുമ്പോള്‍ ചില ബാങ്കുകള്‍ കാഷ്ബാക്ക് ഓഫറുകള്‍ നല്‍കാറുണ്ട്.
ചില അവസരങ്ങളില്‍ ഓണ്‍ലൈന്‍ ഷോപ്പിങ് പോര്‍ട്ടലുകളും ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താക്കള്‍ക്ക് കാഷ്ബാക്ക് ഓഫര്‍ നല്‍കാറുണ്ട്. ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താക്കള്‍ക്ക് പലതരം ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാണ്. ട്രാവല്‍ ഇന്‍ഷുറന്‍സ്, റെന്റല്‍ കാര്‍ ഇന്‍ഷുറന്‍സ്, സാധനങ്ങള്‍ വാങ്ങുമ്പോള്‍ അധിക വാറന്റി എന്നിവയൊക്കെ കാര്‍ഡ് ഉപയോക്താക്കള്‍ക്ക് ലഭിക്കും. ക്രെഡിറ്റ് കാര്‍ഡ് രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യുമ്പോഴും ഉപയോഗിക്കാനാകും.