പണമില്ലെങ്കില്‍ ഇനി ഷവോമി കടം തരും; ഒരു ലക്ഷം രൂപ വരെ വായ്പ നല്‍കാന്‍ തയാറായി ഷവോമി എംഐ ക്രെഡിറ്റ് സേവനം ഇന്ത്യയിലും ഉടന്‍; പലിശ 1.8 ശതമാനം മാത്രം

August 23, 2019 |
|
Lifestyle

                  പണമില്ലെങ്കില്‍ ഇനി ഷവോമി കടം തരും; ഒരു ലക്ഷം രൂപ വരെ വായ്പ നല്‍കാന്‍ തയാറായി ഷവോമി എംഐ ക്രെഡിറ്റ് സേവനം ഇന്ത്യയിലും ഉടന്‍; പലിശ 1.8 ശതമാനം മാത്രം

മുംബൈ: ചൈനീസ് ഗാഡ്ജറ്റ് ഭീമനായ ഷവോമി ഉപഭോക്താക്കള്‍ക്ക് വായ്പ നല്‍കുമെന്ന റിപ്പോര്‍ട്ടാണ് പുറത്ത് വരുന്നത്. രാജ്യത്തെ ധനകാര്യ സേവനങ്ങളില്‍ മത്സരം കടുക്കുകയും ഇതുമായി ബന്ധപ്പെട്ട ഡാറ്റാ സുരക്ഷ സംബന്ധിച്ച് ആശങ്ക ഉയരുകയും ചെയ്യുന്ന വേളയിലാണ് ഷവോമിയുടെ എംഐ ക്രെഡിറ്റ് സേവനം ഇന്ത്യയില്‍ ആരംഭിക്കുന്നുവെന്ന റിപ്പോര്‍ട്ടും പുറത്ത് വരുന്നത്. ഒരു ലക്ഷം രൂപ വരെ വായ്പയായി കൊടുക്കുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. 1.8 ശതമാനം പലിശ നിരക്കിലാകും വായ്പ നല്‍കുക. 

ചൈനയില്‍ നേരത്തെ തന്നെ പരീക്ഷിച്ച് വിജയിച്ച പദ്ധതി ഇപ്പോഴാണ് ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. അതിവേഗം ലോണ്‍ ലഭ്യമാക്കുന്നതാണ് എംഐ ക്രെഡിറ്റ്. ഇന്‍സ്റ്റന്റ് പെഴ്‌സണല്‍ ലോണ്‍ നല്‍കുന്ന സര്‍വീസായ ക്രെഡിറ്റ്ബിയുമായി സഹകരിച്ചാണ് എംഐ ക്രെഡിറ്റ് വഴി വായ്പ നല്‍കുക. ആയിരം മുതല്‍ ഒരു ലക്ഷം രൂപ വരെയാണ് വായ്പ നല്‍കുക. മിനിറ്റുകള്‍ക്കുള്ളില്‍ കെവൈസി വെരിഫിക്കേഷന്‍ പൂര്‍ത്തിയായാല്‍ വായ്പ ലഭ്യമാക്കുമെന്നാണ് ഷവോമി അധികൃതര്‍ അവകാശപ്പെടുന്നത്.

ഷവോമിയുടെ എംയുഐഎ അടിസ്ഥാനമാക്കിയുള്ള ഫോണുകള്‍ക്കാണ് വായ്പ നല്‍കുക. ചൈന കഴിഞ്ഞാല്‍ ഇന്ത്യയാണ് ഷവോമിയുടെ ഏറ്റവും വലിയ മാര്‍ക്കറ്റ് എന്ന് പറയുന്നത്. ഇതിനോടകം തന്നെ രാജ്യത്ത് 70 മില്യണ്‍ ഫോണുകള്‍ വിറ്റുവെന്ന് കമ്പനി അവകാശപ്പെടുന്നു. കമ്പനിയുടെ ധനകാര്യ സേവന രംഗത്ത് 62.7 ശതമാനം വളര്‍ച്ച നേടിയെന്നും ഇത് നടപ്പു സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ 112 മില്യണിലെത്തിയെന്നും ഷവോമി വ്യക്തമാക്കി. ഇതിനിടെ ഉപയോക്താക്കളുടെ വിവരങ്ങള്‍ ഷവോമി ചോര്‍ത്തുന്നുവെന്ന വാര്‍ത്തയും ഇതിനോടകം പുറത്ത് വന്നിരുന്നു. 

വായ്പാ സേവനം ചൈനയിലും മികച്ച രീതിയില്‍ വളരുന്നുണ്ടെന്ന് ഷവോമി നേരത്തെ വ്യക്തമാക്കിയിരുന്നു. ചൈനയില്‍ മാത്രം എട്ട് ബില്യണ്‍ ഡോളറിന്റെ ക്രെഡിറ്റ് സേവനങ്ങള്‍ നല്‍കാന്‍ സാധിച്ചുവെന്ന് കമ്പനി വ്യക്തമാക്കിയിരുന്നു. 2018ലെ കണക്കുകള്‍ നോക്കിയാല്‍ ഇതില്‍ 2 ബില്യണ്‍ ഡോളര്‍ ഇനി തിരികെ ലഭിക്കാനുണ്ട്. ചൈനീസ് ബാങ്ക് കാര്‍ഡ് ദാതാവായ യൂണിയന്‍ പേയുമായുള്ള സഹകരണത്തിലാണ് എംഐ പേ പ്രവര്‍ത്തിക്കുന്നത്. ചൈനയില്‍ 20 മില്യണ്‍ ആളുകളാണ് എംഐ പേ സേവനം ഉപയോഗിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കുന്നു. 

രാജ്യത്തെ സ്മാര്‍ട് ഫോണ്‍ ചരക്കുനീക്കത്തില്‍ വന്‍ വര്‍ധനവുണ്ടായതായി അടുത്തിടെ റിപ്പോര്‍ട്ട് വന്നിരുന്നു. സ്മാര്‍ട്ട് ഫോണ്‍ ചരക്കുനീക്കത്തില്‍ 9.9 ശതമാനം വര്‍ധനവാണ് 2019ലെ പാദത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ജൂണില്‍ അവസാനിച്ച പാദത്തില്‍ മൊത്തം 36.9 മില്യണ്‍ ചരക്കുനീക്കമാണ് ഉണ്ടായിട്ടുള്ളതെന്നാണ് കണക്കുകള്‍ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. ഐഡിസിയാണ് സ്മാര്‍ട്ട് ഫോണ്‍ ചരക്കുനീക്കവുമായി ബന്ധപ്പെട്ട കണക്കുകള്‍ പുറത്തുവിട്ടത്.

അതേസമയം കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ സ്മാര്‍ട്ട് വര്‍ധനവായി രേഖപ്പെടുത്തിയത് 14.8 ശതമാനമാണെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. നടപ്പുവര്‍ഷം സ്മാര്‍ട്ട് ഫോണ്‍ ചരക്കുനീക്കത്തില്‍ വര്‍ധനവുണ്ടാകുമെന്നാണ് വിവിധ കണക്കുകളിലൂടെ തുറന്നുകാട്ടുന്നത്. അതേസമയം ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍ വിപണി വിഹിതത്തില്‍ റെക്കോര്‍ഡ് നേട്ടവുമായി ഷവോമി തന്നെയാണ് ഒന്നാം സ്ഥാനത്ത് ഇപ്പോള്‍ ഇടംപിടിച്ചിട്ടുള്ളത്.

Related Articles

© 2025 Financial Views. All Rights Reserved