
മുംബൈ: യെസ് ബാങ്കിനെ പ്രതിസന്ധിയില്‍ നിന്ന് കരകയറ്റാനായി സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതി പ്രകാരം നിക്ഷേപം നടത്തിയ സ്വകാര്യ ബാങ്കുകളില്‍ പലതും ഇതിനകം ഭാഗികമായി ഓഹരികള്‍ വിറ്റൊഴിഞ്ഞു. മാര്‍ച്ച് 17നും 31നും ഇടയിലാണ് സ്വകാര്യബാങ്കുകള്‍ ഓഹരികള്‍ വിറ്റത്. ഫെഡറല്‍ ബാങ്ക് യെസ് ബാങ്കിന്റെ 5.86 കോടി ഓഹരികളാണ് ഇതിനിടയില്‍ വിറ്റത്. കൊട്ടക് മഹീന്ദ്ര ബാങ്ക് 4.72 കോടി ഓഹരികളും ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് 4.02 കോടി ഓഹരികളും ഈകാലയളവില്‍ വിറ്റ് നിക്ഷേപം പിന്‍വലിച്ചു.
ഇതോടെ യെസ് ബാങ്കില്‍ ഫെഡറല്‍ ബാങ്കിന്റെ ഓഹരി വിഹിതം അരശതമാനത്തോളം കുറഞ്ഞ് 1.92 ശതമാനമായി. കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ വിഹതിം 3.61ശതമാനമായും ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്കിന്റേത് 1.67 ശതമാനമായും കുറഞ്ഞു. അതേസമയം, പ്രധാന നിക്ഷേപകരായ എസ്ബിഐ, ആക്‌സിസ് ബാങ്ക്, ബന്ധന്‍ ബാങ്ക്, എച്ച്ഡിഎഫ്‌സി എന്നിവര്‍ ഓഹരികളൊന്നും വിറ്റൊഴിഞ്ഞിട്ടില്ല. ഐസിഐസിഐ ബാങ്കാകട്ടെ ഈ കാലയളവില്‍ 78,300 ഓഹരികള്‍ വാങ്ങുകയും ചെയ്തു. നിലവില്‍ 7.97 ശതമാനമാണ് ഐസിഐസിഐയുടെ വിഹിതം.
യെസ് ബാങ്കിനെ പ്രതിസന്ധിയില്‍നിന്ന് രക്ഷിക്കാന്‍ എസ്ബിഐ അവതരിപ്പിച്ച പദ്ധതി മാര്‍ച്ച് 13 നാണ് കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചത്. ഇത് പ്രകാരം എസ്ബിഐ, എച്ച്ഡിഎഫ്‌സി, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ബന്ധന്‍ ബാങ്ക്, ഫെഡറല്‍ ബാങ്ക്, ഐഡിഎഫ്‌സി ഫെസ്റ്റ് ബാങ്ക് തുടങ്ങിയവ 10,000 കോടി രൂപ നിക്ഷേപിക്കണം. മൂന്നുവര്‍ഷം ഒരു ഓഹരി പോലും പിന്‍വലിക്കില്ലെന്ന് എസ്ബിഐ ചെയര്‍മാന്‍ രജനിഷ് കുമാര്‍ മാര്‍ച്ച് 17ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. യെസ് ബാങ്കിന്റെ ആസ്തി ഭദ്രത നിലനിര്‍ത്താനായിരുന്നു ഈ തീരുമാനം.