
ഗൗതം അദാനിയെന്ന വ്യവസായ പ്രമുഖന്റെ പേര് ഇന്ത്യന്‍ വ്യവസായ മേഖലയില്‍ മുഴങ്ങികേള്‍ക്കാന്‍ തുടങ്ങിയിട്ട് മോദി സര്‍ക്കാരിന്റെ തന്നെ പഴക്കത്തോളം വരും. ഇക്കഴിഞ്ഞ ആറേഴ് കൊല്ലം കൊണ്ടാണ് ഗൗതം അദാനിയെന്ന ബിസിനസ് ടൈക്കൂണിന്റെ വളര്‍ച്ച ത്വരിതഗതിയിലായത്. ഖനി,ഊര്‍ജ,തുറമുഖ വ്യവസായ മേഖലകളിലേക്കുള്ള അദാനിയുടെ കടന്നുവരവ് വന്‍ വേഗത്തിലായിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ പിന്തുണയും വേണ്ടുവോളം ലഭിച്ചൊരു ബിസിനസുകാരാനാണ് അദേഹം.
ഏറ്റവും പുതിയ കണക്കുകള്‍ പരിശോധിച്ചാല്‍ അദാനി എന്റര്‍പ്രൈസസിന്റെ വിപണി മൂല്യം 23,145 കോടി രൂപയാണ്. ഇന്ത്യയില്‍ വന്‍ വ്യവസായ സാമ്രാജ്യം കെട്ടിപ്പടുക്കുന്ന അദാനി തന്റെ ബിസിനസിനെ വ്യോമമേഖലയിലേക്ക് കൂടി വ്യാപിപ്പിക്കാനുള്ള നടപടികളിലാണ് ഇപ്പോഴുള്ളത്. ഈ സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തിലാണ് ഗൗതം അദാനി തന്റെ വ്യോമയാന ബിസിനസിന്റെ പടവുകള്‍ ചവിട്ടി തുടങ്ങിയത്. അതും എയര്‍പോര്‍ട്ടുകളുടെ അറ്റകുറ്റപണികള്‍ ഏറ്റെടുത്തുകൊണ്ടായിരുന്നു. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയില്‍ നിന്ന് രാജ്യത്തെ ആറ് വിമാനതാവളങ്ങള്‍ സ്വകാര്യവത്കരിക്കാനുള്ള ലേലവും അദേഹം തന്നെ നേടിയെടുത്തു.ഇത് അദാനിയുടെ ഈ മേഖലിയലേക്കുള്ള വലിയൊരു നീക്കമായാണ് വിലയിരുത്തുന്നത്.
തിരുവനന്തപുരം,അഹമ്മദാബാദ്,മംഗളുരു,ജയ്പൂര്‍,ലഖ്‌നൗ വിമാനതാവളങ്ങളിലെ ഇളവ് കരാര്‍ അനുസരിച്ച് പൊതു-സ്വകാര്യ പങ്കാളിത്തമാതൃകയില്‍ അമ്പത് വര്‍ഷത്തേക്കുള്ള ലേലമാണ് അദേഹം പിടിച്ചെടുത്തത്. വ്യോമമേഖലയിലെ പ്രമുഖ കമ്പനികളായ ജിഎംആര്‍ ഗ്രൂപ്പിനെ മറികടന്നാണ് അദാനി ലേലം പിടിച്ചത് ഒരു ചെറിയ കാര്യമല്ല. ലഖ്‌നൗ,മംഗളുരു,അഹമ്മദാബാദ് മേഖലകളിലെ പ്രമുഖരായ കമ്പനികള്‍ അദാനിയെ വന്‍വെല്ലുവിളിയുയര്‍ത്തുന്ന സംരംഭകനായാണ് കാണുന്നത്. വിമാനതാവളങ്ങളിലൂടെ വരുമാനം നേടാന്‍ കമ്പനിക്ക് തികച്ചും വ്യത്യസ്തമായ വഴികളാണ് തേടുന്നതെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. കമ്പനിയുടെ വരുമാന പങ്കിടല്‍ മാതൃകയില്‍ പുതിയ തന്ത്രങ്ങള്‍ മെനയുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.
വിമാനതാവള ബിസിനസിലുള്ള റെവന്യു ഷെയറിങ് വിഷയവുമായി ബന്ധപ്പെട്ടുള്ള കരാറില്‍ അദാനി ഇനിയും ഒപ്പുവെച്ചിട്ടില്ല. ഈ വിഷയത്തില്‍ അടുത്ത മാര്‍ച്ച മാസത്തോടെ കൂടുതല്‍ വ്യക്തതകള്‍ വന്നശേഷമായിരിക്കും ഒപ്പുവെക്കുക.അദാനി ഗ്രൂപ്പിനെ സംബന്ധിച്ചിടത്തോളം നിക്ഷേപ സമാഹരണവും വരുമാനം കണ്ടെത്തലും ഒരു പ്രധാന വെല്ലുവിളിയല്ല. കാരണം എയര്‍പോര്‍ട്ട് നടത്തിപ്പ് ദീര്‍ഘകാലത്തേക്കാണ് .അതേസമയം ജിവികെ ഗ്രൂപ്പിന് നവിമുംബൈ വിമാനതാവള നടത്തിപ്പ് കരാര്‍ ലഭിച്ചത് വെറും 30 വര്‍ഷത്തേക്കാണ്. ഇത് നിലവില്‍ ഫണ്ട് കണ്ടെത്താന്‍ പര്യാപ്തമായ കാലയളവല്ല എന്ന് വിലയിരുത്തലുകളുമുണ്ട്.
30 വര്‍ഷം ഇളവ് കാലയളവോടെ 2006ല്‍ സ്വകാര്യവത്കരിക്കപ്പെട്ട ഡല്‍ഹി,മുംബൈ വിമാനതാവളങ്ങള്‍ നിലവില്‍ വരുമാനത്തിന്റെ പങ്ക് നല്‍കി തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ അദാനി ഗ്രൂപ്പിന്റെ വ്യോമമേഖലയിലെ സ്വപ്‌നങ്ങള്‍ ചിറക് വിരിക്കുന്നതോടെ ജിവികെ ഗ്രൂപ്പിന് സമാനമായ വന്‍കിട കമ്പനികള്‍ക്കൊക്കെ ഭീഷണിസൃഷ്ടിക്കും.വന്‍ സാമ്പത്തിക പ്രതിസന്ധികള്‍ നേരിടുന്ന ഇക്കാലയളവില്‍ പുതിയ നിക്ഷേപങ്ങള്‍ക്കൊന്നും കമ്പനികള്‍ തയ്യാറാവുന്നില്ല. എന്നാല്‍ നിലവിലുള്ള വ്യോമ ബിസിനസിന്റെ വ്യാപനത്തിനായി 26000 കോടിരൂപയാണ് അദാനി ചെലവഴിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ഇത്രയും തുക വരുന്ന അഞ്ച് വര്‍ഷം കൊണ്ടാണ് ചെലവഴിക്കുക. തങ്ങള്‍ ഒരു ക്യാപക്‌സ് പ്ലാനുകളും വെട്ടിക്കുറയ്ക്കുന്നില്ലെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ഈ സാമ്പത്തി വര്‍ഷം അവസാനിക്കാന്‍ വെറും മൂന്ന് മാസം മാത്രം ബാക്കിനില്‍ക്കെ 1800 കോടിരൂപയുടെ മൂലധനനിക്ഷേപവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഏതാനും വര്‍ഷങ്ങള്‍കൊണ്ട് തന്നെ ഇന്ത്യന്‍ വ്യോമമേഖലയില്‍ ഏവര്‍ക്കും ഭീഷണിയാവുന്ന സംരംഭകനായി അദാനി മാറുമെന്നാണ് വിലയിരുത്തല്‍.