
മുംബൈ: കോവിഡ്-19 നെ നേരിടാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ ശക്തമായ നടപടി സ്വീകരിക്കുകയും, വൈറസ് ആക്രമണം മൂലമുണ്ടായ മാന്ദ്യത്തില്‍ നിന്ന് കരകയറാന്‍ കേന്ദ്രസര്‍ക്കാര്‍ ഉടന്‍ തന്നെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തതോടെ ഓഹരി വിപണിയില്‍ ഇന്ന് നേട്ടം രേഖപ്പെടുത്തിയത്. രണ്ടാമതൊരു സാമ്പത്തിക പാക്കേജുകൂടി സര്‍ക്കാര്‍ പ്രഖ്യാപിച്ചേക്കുമെന്ന ഈ പ്രതീക്ഷയില്‍ ഓഹരി വിപണി കുതിച്ചുയർന്ന്, ദേശീയ ഓാഹരി സൂചികയായ നിഫ്റ്റി 9,100ന് മുകളില്‍ ക്ലോസ് ചെയ്തു.
മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 1,265.66 പോയന്റ് നേട്ടത്തില്‍ 31159.62ലും നിഫ്റ്റി 363.15 പോയന്റ് ഉയര്‍ന്ന് 9,111.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1836 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 540 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 170 ഓഹരികള്‍ക്ക് മാറ്റമില്ല.
എംആന്‍ഡ്എം, മാരുതി സുസുകി, സിപ്ല, ടാറ്റ മോട്ടോഴ്‌സ്, ടൈറ്റാന്‍ കമ്പനി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു. ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടെക് മഹീന്ദ്ര, ഡോ.റെഡ്ഡീസ് ലാബ്, ഇന്‍ഡസിന്റ് ബാങ്ക്, യുപിഎല്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.
ഓട്ടോ സൂചിക 10 ശതമാനത്തിലേറെ നേട്ടമുണ്ടാക്കി. ബാങ്ക്, ലോഹം, ഫാര്‍മ, അടിസ്ഥാന സൗകര്യവികസനം, ഊര്‍ജം എന്നിവയും നേട്ടത്തിലായിരുന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ മൂന്നുശതമാനത്തോളം ഉയര്‍ന്നു. കോവിഡ് ബാധയെ ചെറുക്കുന്നതിന്റെ സൂചനകള്‍ വന്നതോടെ യുഎസ്, ഏഷ്യന്‍ സൂചികകള്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചതും ആഭ്യന്തര വിപണികള്‍ക്ക് തുണയായി.