
മുംബൈ: ദിനവ്യാപാരത്തിലെ നേട്ടം മുഴുവന്‍ ഇല്ലാതാക്കി ചാഞ്ചാട്ടത്തിനൊടുവില്‍ ഓഹരി സൂചികകള്‍ ക്ലോസ് ചെയ്തു. ഉയര്‍ന്ന നിലവാരത്തില്‍ നിന്ന് സെന്‍സെക്സിന് 250 പോയിന്റാണ് നഷ്ടമായത്. സെന്‍സെക്സ് 28.35 പോയിന്റ് നേട്ടത്തില്‍ 48,832.03ലും നിഫ്റ്റി 36.40 പോയന്റ് ഉയര്‍ന്ന് 14,617.90ലുമാണ് ഒടുവില്‍ വ്യാപാരം അവസാനിപ്പിച്ചത്.
ബിഎസ്ഇയിലെ 1617 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1230 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 152 ഓഹരികള്‍ക്ക് മാറ്റമില്ല. കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ദിനംപ്രതിയുണ്ടാകുന്ന വര്‍ധനവാണ് നിക്ഷേപകരെ കരുതലെടുക്കാന്‍ പ്രേരിപ്പിച്ചത്. വിപ്രോ, ഹിന്‍ഡാല്‍കോ, സിപ്ല, ഏഷ്യന്‍ പെയിന്റ്സ്, അള്‍ട്രടെക് സിമെന്റ്സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്.
ജെഎസ്ഡബ്ല്യു സ്റ്റീല്‍, ഐസിഐസിഐ ബാങ്ക്, ബജാജ് ഫിനാന്‍സ്, എല്‍ആന്‍ഡ്ടി, ടാറ്റ സ്റ്റീല്‍ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍ ക്ലോസ്ചെയ്തത്. ധനകാര്യം ഒഴികെയുള്ള സൂചികകള്‍ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ ഒരു ശതമാനത്തോളം ഉയര്‍ന്നു.