
മുംബൈ: ചാഞ്ചാട്ടത്തിനൊടുവില്‍ നാലാം ദിവസവും ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 164.11 പോയിന്റ് നഷ്ടത്തില്‍ 52,318.60ലും നിഫ്റ്റി 41.50 പോയിന്റ് താഴ്ന്ന് 15,680ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. എഫ്എംസിജി, ഓട്ടോ, ഫാര്‍മ, പൊതുമേഖല ബാങ്ക് സൂചികകള്‍ നേട്ടമുണ്ടാക്കി. എനര്‍ജി, ബാങ്ക്, മെറ്റല്‍, ഇന്‍ഫ്ര, ഐടി ഓഹരികള്‍ വില്പന സമ്മര്‍ദം നേരിട്ടു.
കോവിഡിന്റെ ഡെല്‍റ്റ വകഭേദം ലോകമാകമാനം കൂടുന്നത് ആഗോളതലത്തില്‍ വിപണികളെ ബാധിച്ചു. രാജ്യത്തെ വ്യവസായിക ഉത്പാദനം 11 മാസത്തെ താഴ്ന്ന നിലവാരത്തിലെത്തിയത് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചു. ബജാജ് ഫിന്‍സര്‍വ്, ഗ്ലാന്‍ഡ് ഫാര്‍മ, ശ്രീ സിമെന്റ്സ്, ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ്, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്.
ഡോ. റെഡ്ഡീസ് ലാബ്, ഹിന്‍ഡാല്‍കോ, ബജാജ് ഓട്ടോ, ടാറ്റ മോട്ടോഴ്സ്, സണ്‍ ഫാര്‍മ തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കുകയുംചെയ്തു. രൂപയുടെ മൂല്യത്തില്‍ 23 പൈസയുടെ നഷ്ടമുണ്ടായി. 74.55ലാണ് ക്ലോസ്ചെയ്തത്. 74.33-74.63 നിലവാരത്തിലായിരുന്നു വ്യാപാരം നടന്നത്.