
മുംബൈ: ഓഹരി സൂചികകള്‍ രണ്ടാം ദിവസവും കുതിച്ചതോടെ നിഫ്റ്റി 14,600ന് മുകളിലെത്തി. ധനമന്ത്രി നിര്‍മല സീതാരാമന്റെ ബജറ്റ് പ്രഖ്യാപനങ്ങളാണ് ചൊവാഴ്ചയും വിപണിയെ സ്വാധീനിച്ചത്. സെന്‍സെക്സ് 1,197.11 പോയിന്റ് നേട്ടത്തില്‍ 49,797.72ലും നിഫ്റ്റി 366.70 പോയിന്റ് ഉയര്‍ന്ന് 14,647.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1727 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1165 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 170 ഓഹരികള്‍ക്ക് മാറ്റമില്ല.
വ്യാപാരത്തിനിടെ ഒരുവേള സെന്‍സെക്സ് 50,000ത്തിന് മുകളിലെത്തിയിരുന്നു. രണ്ട് വ്യാപാര ദിനങ്ങളിലായി 3,500ലേറെ പോയന്റാണ് സെന്‍സെക്സ് ഉയര്‍ന്നത്. ആഗോള വിപണികളിലെ നേട്ടവും സൂചികകള്‍ക്ക് കരുത്തേകി. വിവിധ രാജ്യങ്ങളിലെ സമ്പദ്ഘടനകള്‍ ഉയര്‍ത്തെഴുന്നേല്‍പിന്റെ സൂചനകള്‍ പ്രകടിപ്പിച്ചതോടെ റീട്ടെയില്‍ നിക്ഷേപകര്‍ വിപണിയില്‍ സജീവമായി ഇടപ്പെട്ടു.
ടാറ്റ മോട്ടോഴ്സ്, ശ്രീ സിമെന്റ്സ്, അള്‍ട്രടെക് സിമെന്റ്, എസ്ബിഐ, ഹിന്‍ഡാല്‍കോ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. എച്ച്ഡിഎഫ്സി ലൈഫ്, ബജാജ് ഫിന്‍സര്‍വ്, ഹീറോ മോട്ടോര്‍കോര്‍പ്, ടൈറ്റാന്‍ കമ്പനി, ഹിന്ദുസ്ഥാന്‍ യുണലിവര്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ഒട്ടേറെ ഓഹരികള്‍ 52 ആഴ്ചയിലെ ഉയര്‍ന്ന നിലവാരത്തിലെത്തുകയുംചെയ്തു. ബാങ്ക്, വാഹനം, അടിസ്ഥാന സൗകര്യവികസനം തുടങ്ങിയ മേഖലകളിലെ ഓഹരികള്‍ 3 മുതല്‍ 4ശതമാനംവരെ കുതിച്ചു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ 1-2ശതമാനം ഉയര്‍ന്നു.