
മുംബൈ: ദിനവ്യാപാരത്തിനിടയിലെ താഴ്ന്ന നിലവാരത്തില്‍ നിന്നുയര്‍ന്ന് വിപണി. മെറ്റല്‍, ഓട്ടോ, പൊതുമേഖല ബാങ്ക് തുടങ്ങിയ ഓഹരികളില്‍ അവസാന മണിക്കൂറിലുണ്ടായ നിക്ഷേപക താല്‍പര്യമാണ് കനത്ത നഷ്ടത്തില്‍ പതിക്കാതെ സൂചികകള്‍ക്ക് താങ്ങായത്. ഒടുവില്‍, സെന്‍സെക്സ് 85.40 പോയിന്റ് നഷ്ടത്തില്‍ 51,849.48ലും നിഫ്റ്റി 1.30 പോയിന്റ് ഉയര്‍ന്ന് 15,576.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 2101 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 951 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 160 ഓഹരികള്‍ക്ക് മാറ്റമില്ല. അസംസ്‌കൃത എണ്ണവില ബാരലിന് 71 ഡോളറിലെത്തിയത് വിപണിയില്‍ സമ്മര്‍ദമുണ്ടാക്കി.
യുപിഎല്‍, ടാറ്റ സ്റ്റീല്‍, എസ്ബിഐ ലൈഫ്, ഇന്‍ഡസിന്‍ഡ് ബാങ്ക്, അദാനി പോര്‍ട്സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായുംനേട്ടമുണ്ടാക്കിയത്. ഐടിസി, ടെക് മഹീന്ദ്ര, ആക്സിസ് ബാങ്ക്, ഏഷ്യന്‍ പെയിന്റ്സ്, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. നിഫ്റ്റി ഓട്ടോ, മെറ്റല്‍, എനര്‍ജി, പൊതുമേഖല ബാങ്ക് സൂചികകള്‍ 1-3ശതമാനം ഉയര്‍ന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളും ഒരുശതമാനം നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. രൂപയുടെ മൂല്യം ഡോളറിനെതിരെ 73.08 നിലവാരത്തിലാണ് ക്ലോസ് ചെയ്തത്. 72.90 ആയിരുന്നു ചൊവാഴ്ചയിലെ ക്ലോസിങ് നിരക്ക്.