
മുംബൈ: പുതുവര്‍ഷത്തിലെ വ്യാപാര ദിനത്തില്‍ മികച്ച മുന്നേറ്റത്തോടെ വിപണി. രണ്ടാഴ്ചയിലെ ഉയര്‍ന്ന നിലവാരം കുറിച്ച് സൂചികകള്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 59,000വും നിഫ്റ്റി 17,600ഉം കടന്നു. 929 പോയിന്റാണ് സെന്‍സെക്സിലെ നേട്ടം. 59,266ലിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 283 പോയിന്റ് ഉയര്‍ന്ന് 17,647.44ലുമെത്തി.
ജിഎസ്ടി വരുമാനം, നിര്‍മാണമേഖലയിലെ പിഎംഐ എന്നിവയാണ് വിപണിക്ക് കരുത്തായത്. തുടര്‍ച്ചയായ ആറാമത്തെ മാസവും ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടി രൂപയ്ക്കുമുകളി(1.29 ലക്ഷം കോടി രൂപയാണ് ഡിസംബറിലെ വരുമാനം)ലെത്തി. നിര്‍മാണ മേഖലയിലെ പിഎംഐ 50നുമുകളിലുമാണ്.
ഒമിക്രോണ്‍ ബാധിതരുടെ എണ്ണത്തില്‍വര്‍ധനവുണ്ടെങ്കിലും അടച്ചിടല്‍ ഉള്‍പ്പടെയുള്ള നടപടികളുണ്ടാകില്ലെന്നത് നിക്ഷേപകരില്‍ ആത്മവിശ്വാസമുയര്‍ത്തി. ചിപ്പ് ക്ഷാമത്തിന് അറുതിവരുന്നതോടെ നാലാം പാദത്തില്‍ വില്പന കൂടുമെന്ന പ്രതീക്ഷയില്‍ ഓട്ടോ ഓഹരികളില്‍ നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിച്ചതും വിപണി നേട്ടമാക്കി. നിഫ്റ്റി ഓട്ടോ സൂചിക 1.5 ശതമാനം ഉയര്‍ന്നു.
ഐഷര്‍ മോട്ടോഴ്സാണ് നേട്ടത്തില്‍ മുന്നില്‍. ഓഹരി വില അഞ്ചുശതമാനം ഉയര്‍ന്നു. ടാറ്റ മോട്ടോഴ്സ്, മാരുതി സുസുകി, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികള്‍ 1-3 ശതമാനം ഉയര്‍ന്നു. നിഫ്റ്റി ബാങ്ക് സൂചികയാണ് നേട്ടത്തില്‍ മുന്നില്‍. 2.3 ശതമാനം ഉയര്‍ന്നു. ഐടി, മെറ്റല്‍, റിയാല്‍റ്റി സൂചികകള്‍ ഒരു ശതമാനത്തിലേറെ നേട്ടമുണ്ടാക്കി.