കരുത്ത് തിരിച്ചുപിടിച്ച് ഓഹരി സൂചികകള്‍; സെന്‍സെക്സ് വീണ്ടും 51,000 കടന്നു

March 03, 2021 |
|
Trading

                  കരുത്ത് തിരിച്ചുപിടിച്ച് ഓഹരി സൂചികകള്‍; സെന്‍സെക്സ് വീണ്ടും 51,000 കടന്നു

മുംബൈ: കരുത്ത് തിരിച്ചുപിടിച്ച് ഓഹരി സൂചികകള്‍. തുടര്‍ച്ചയായി മൂന്നാം ദിവസവും മികച്ച നേട്ടമുണ്ടാക്കിയതോടെ സെന്‍സെക്സ് വീണ്ടും 51,000 കടന്നു. ലോഹം, ധനകാര്യം തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് റാലിക്കുപിന്നില്‍. സാമ്പത്തിക മേഖലയുടെ ഉണര്‍വും ആഗോളതലത്തില്‍ ബോണ്ട് ആദായം സ്ഥിരതയാര്‍ജിച്ചതും വിപണിയെ സ്വാധീനിച്ചു. മാര്‍ക്കറ്റ് ഇടിയുമ്പോള്‍ കൂടുതല്‍ വാങ്ങിക്കൂട്ടുകയെന്ന തന്ത്രവും നിക്ഷേപകര്‍ പയറ്റിയതോടെ വിപണി കുതിക്കുക തന്നെ ചെയ്തു.

സെന്‍സെക്സ് 1,147.76 പോയിന്റ് നേട്ടത്തില്‍ 51,444.65ലും നിഫ്റ്റി 326.50 പോയിന്റ് ഉയര്‍ന്ന് 15,245.60ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1800 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1142 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 175 ഓഹരികള്‍ക്ക് മാറ്റമില്ല. ടാറ്റ സ്റ്റീല്‍, ബജാജ് ഫിന്‍സര്‍വ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ബജാജ് ഫിനാന്‍സ്, യുപിഎല്‍ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്.

ഹീറോ മോട്ടോര്‍കോര്‍പ്, മാരുതി സുസുകി, ബജാജ് ഓട്ടോ, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ബിപിസിഎല്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ഓട്ടോ സൂചിക ഒഴികെയുള്ളവ നേട്ടമുണ്ടാക്കി. ലോഹം, പൊതുമേഖല ബാങ്ക് സൂചികകള്‍ മൂന്നുശമതാനവും നിഫ്റ്റി ബാങ്ക് സൂചിക 2.7ശതമാനവും ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ ഒരുശതമാനംവീതവും ഉയര്‍ന്നു.

Related Articles

© 2024 Financial Views. All Rights Reserved