
മുംബൈ: രണ്ടുദിവസത്തെ തളര്‍ച്ചയ്ക്കുശേഷം മികച്ച നേട്ടവുമായി വിപണി. നിഫ്റ്റി എക്കാലത്തെയും ക്ലോസിങ് ഉയരം കുറിച്ചു. കോവിഡ് ബാധിതരുടെ പ്രതിദിന എണ്ണത്തില്‍ കുത്തനെ കുറവുണ്ടായതും ആഗോള കാരണങ്ങളുമാണ് സൂചികകളെ ചലിച്ചിപ്പിച്ചത്. രാജ്യത്തെ സേവന, വ്യവസായ മേഖലകള്‍ കടുത്ത പ്രതിസന്ധിനേരിടുമ്പോഴാണ് ഓഹരി വിപണിയിലെ കുതിപ്പ് എന്നത് ശ്രദ്ധേയമാണ്. ഇരുമേഖലകളിലെയും പിഎംഐ എട്ടുമാസത്തെ താഴ്ന്ന നിലവാരത്തിലാണുള്ളത്.
സെന്‍സെക്സ് 382.95 പോയിന്റ് നേട്ടത്തില്‍ 52,232.43ലും നിഫ്റ്റി 114.20 പോയിന്റ് ഉയര്‍ന്ന് 15,690.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. അടിസ്ഥാന സൗകര്യവികസനം, ഓയില്‍ ആന്‍ഡ് ഗ്യാസ്, മെറ്റല്‍, റിയാല്‍റ്റി ഓഹരികളില്‍ നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിച്ചു. ടൈറ്റാനാണ് നേട്ടത്തില്‍ മുന്നില്‍. ഓഹരി വിലയില്‍ ഏഴുശതമാനം കുതിപ്പുണ്ടായി. ഒഎന്‍ജിസി, കൊട്ടക് മഹീന്ദ്ര ബാങ്ക്, ബജാജ് ഫിനാന്‍സ്, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, എല്‍ആന്‍ഡ്ടി തുടങ്ങിയ ഓഹരികളും നേട്ടമുണ്ടാക്കി. ഓട്ടോ, ഫാര്‍മ ഓഹരികളാണ് സമ്മര്‍ദം നേരിട്ടത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ ഒരു ശതമാനത്തോളം നേട്ടത്തില്‍ റെക്കോഡ് ഉയരം കുറിച്ചു.