
തുടര്‍ച്ചയായ മൂന്നാം ആഴ്ചയും നഷ്ടത്തോടെ വിപണിയിലെ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 204 പോയിന്റ് നഷ്ടത്തില്‍ 17,196-ലും സെന്‍സെക്സ് 764 പോയിന്റ് ഇടിഞ്ഞ് 57,696-ലും ക്ലോസ് ചെയ്തു. ബാങ്ക്- നിഫ്റ്റി 311 പോയിന്റ് ഇറങ്ങി 36,197-ലും വ്യാപാരം അവസാനിപ്പിച്ചു. നേട്ടത്തോടെയാണ് വ്യാപാരം തുടങ്ങിയതെങ്കിലും ഉച്ചയ്ക്കു ശേഷം നഷ്ടം നേരിട്ട് നിര്‍ണായക നിലവാരങ്ങള്‍ക്ക് താഴെയാണ് ഈയാഴ്ചയിലെ വ്യാപാരം അവസാനിപ്പിച്ചത്. കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ഇന്ത്യയിലും റിപ്പോര്‍ട്ട് ചെയ്തത് വിപണിയെ പ്രതികൂലമായി സ്വാധനിച്ചു. കൂടാതെ മുന്‍നിര ഓഹരികളുടെ മോശം പ്രകടനവും വിപണിയെ പിന്നോട്ടടിച്ചു.
ഇന്നലെ ദിവസത്തെ ഉയര്‍ന്ന നിലവാരങ്ങളിലാണ് സൂചികകള്‍ ക്ലോസ് ചെയ്തതെങ്കില്‍ ഇന്ന് നേരെ വിപരീതമായി ദിവസത്തെ താഴ്ന്ന നിലവാരത്തിനു സമീപമാണ് ക്ലോസ് ചെയ്തത്. ആഴ്ചയവസാനത്തെ അവധികളുടെ ഇടവേള മുന്നില്‍ക്കണ്ടുള്ള ലാഭമെടുപ്പും ആഗോള വിപണിയില്‍ നിന്നുളള പിന്തുണക്കുറവും വ്യപാരത്തിന്റെ ആദ്യ പകുതിയില്‍ ലഭിച്ച നേട്ടം നഷ്ടമാക്കാനിടയായി. കാപ്പിറ്റല്‍ ഗുഡ്സ് വിഭാഗങ്ങളിലെ ഒഴികെയുള്ള ഓഹരികള്‍ നഷ്ടം രേഖപ്പെടുത്തി. കൂടാതെ, ധനകാര്യ, വാഹന, എഫ്എംസിജി വിഭാഗങ്ങളിലെ ഓഹരികളും ഇന്‍ഡക്സ് ഹെവി വെയിറ്റ് സ്റ്റോക്കായ റിലയന്‍സും വീണതും സൂചികകള്‍ക്ക് തിരിച്ചടിയായി.